ന്യൂഡല്‍ഹി: നിലവിലെ കൊളീജിയം സംവിധാനത്തില്‍ ജഡ്ജിമാരുടെ നിയമനം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാന്‍ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ ‘നടപടിപത്രം’ ഉണ്ടാക്കണമെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
പ്രധാനപ്പെട്ട അഞ്ച് വശങ്ങള്‍ ഈ വിഷയത്തില്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് ജെ.എസ്. കേഹാറിന്‍െറ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വിധിച്ചു. ‘നടപടിപത്രം’ ഉണ്ടാക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, നിയമനപ്രക്രിയയിലെ സുതാര്യത, നടപടി പ്രക്രിയക്കുള്ള സെക്രട്ടേറിയറ്റ് രൂപവത്കരണം, നിയമനത്തിന് പരിഗണിക്കപ്പെട്ടവര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം, മറ്റു പലതരത്തിലുള്ള വിഷയങ്ങള്‍ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകള്‍ പരിഗണിക്കാനാണ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
നിലവിലുണ്ടാക്കിയ കരടില്‍ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതിനാവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കണം. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ഏകകണ്ഠമായി പറയുന്ന അഭിപ്രായം അടിസ്ഥാനമാക്കി ചീഫ് ജസ്റ്റിസ് അന്തിമ തീരുമാനമെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായംകൂടി അറിഞ്ഞ ശേഷം സുപ്രീംകോടതി ഹൈകോടതി കൊളീജിയത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, മിനിമം പ്രായപരിധി പോലുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ ഈ നടപടിക്രമത്തിലുണ്ടാകും.
ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ബന്ധപ്പെട്ട കോടതികളുടെയും കേന്ദ്ര നീതിന്യായ മന്ത്രാലയത്തിന്‍െറയും വെബ്സൈറ്റുകളില്‍ പരസ്യപ്പെടുത്തണം. കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് നിയമന കാര്യത്തിലുണ്ടാകുന്ന എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
നിയമനത്തിലെ സുതാര്യതയോടൊപ്പം രേഖകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കണം. എന്നാല്‍, ജഡ്ജി നിയമനത്തിനുള്ള നടപടിപത്രം സാധാരണഗതിയില്‍ രാഷ്ട്രപതിയുമായും ചീഫ് ജസ്റ്റിസുമായും കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാറാണ് തയാറാക്കാറെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയോട് പറഞ്ഞു. നിലവിലുള്ള നടപടിപത്രം 1990 ജൂണ്‍ 30ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നും ഭരണപരമായ ആ കര്‍ത്തവ്യം കേന്ദ്ര സര്‍ക്കാറിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു.
അതത്തേുടര്‍ന്ന് ആ രീതി തുടരാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. തങ്ങള്‍ക്ക് ലഭിച്ച 11,500 പേജ് വരുന്ന നിര്‍ദേശങ്ങളില്‍നിന്നാണ് കൊളീജിയം സുതാര്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.