രാഹുലിന് ചെരുപ്പ് നൽകിയ കോൺഗ്രസ് എം.പിയുടെ വീഡിയോ വൈറലാകുന്നു

പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി നാരായണസാമി ചെരുപ്പ് നല്‍കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് വെള്ളപ്പൊക്ക ബാധിത മേഖല സന്ദര്‍ശിക്കാന്‍ രാഹുല്‍ പുതുച്ചേരിയിലെത്തിയത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ നടക്കാൻ ഷൂ അഴിച്ചുമാറ്റിയ രാഹുലിന് നാരായണസാമി ചെരിപ്പ് നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നാരായണസാമി നൽകിയ ചെരുപ്പ് എതിര്‍പ്പൊന്നും കൂടാതെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്വീകരിക്കുന്നത്. നിലവില്‍ പുതുച്ചേരിയില്‍ നിന്നുള്ള പാര്‍ലമെന്‍റെംഗമാണ് അറുപത്തെട്ടുകാരനായ നാരായണസാമി.

കോൺഗ്രസിൽ നിലനിൽക്കുന്ന പാദസേവയുടെ പ്രകടനമാണ് ഈ പ്രവൃത്തിയെന്നാണ് വിമർശകരുടെ വാദം. എന്നാൽ മര്യാദയുടെ ഭാഗമായി തന്‍റെ ചെരുപ്പ് രാഹുലിന് നൽകിയതിനെ പാദസേവയെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് നാരായണസ്വാമി പ്രതികരിച്ചു. ഞങ്ങളുടെ പാർട്ടിയിൽ അത്തരമൊരു കീഴ്വഴക്കമില്ല. മാത്രമല്ല, അഴിച്ച ഷൂസ് സുരക്ഷാജീവനക്കാർക്ക് പോലും കൈമാറാതെ കൈയിൽ പിടിച്ചാണ് രാഹുൽ നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലൂടെ പറന്നപ്പോൾ തങ്ങളുടെ നേതാവ് മാത്രമാണ് ദുരിത ബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാൻ തയാറായത്. എന്‍റെ നേതാവിന് എന്‍റെ ചെരുപ്പ് നൽകിയ പ്രവൃത്തിയിൽ എന്താണ് തെറ്റെന്നും നാരായണസ്വാമി ചോദിച്ചു.

പുതുച്ചേരി കൂടാതെ ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിച്ചു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.