ബംഗളൂരു: രണ്ട് വർഷം കഴിഞ്ഞിട്ടും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാതെ ദേശീയ മലിനീകരണ നിയന്ത്രണബോർഡ്. അദാനിയുടെ ഉടമസ്ഥതയിലുള്ള യു.പി.സി.എൽ താപവൈദ്യുതി നിലയത്തിനെതിരെയാണ് ഹരിത ട്രിബ്യൂണലിന്റെ വിധി പുറത്ത് വന്നത്.
പരിസ്ഥിതി നാശം വരുത്തിയതിന് 52 കോടി രൂപ പിഴയടക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാൽ, ഉത്തരവുണ്ടായി രണ്ട് വർഷം കഴിഞ്ഞിട്ടും അദാനി കമ്പനിയിൽ നിന്നും പിഴയിടാക്കാനുള്ള ഒരു നടപടിയും കേന്ദ്ര ഏജൻസി സ്വീകരിച്ചിട്ടില്ലെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
2022 മെയ് 31നാണ് ദേശീയ ഹരിത ട്രിബ്യൂണിലിന്റെ ദക്ഷിണസോൺ ബെഞ്ച് ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡിനോട് 52.02 കോടി രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടത്. പരിസ്ഥിതിക്കുണ്ടായ ആഘാതവും ആളുകൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തിയായിരുന്നു പിഴ ശിക്ഷ.
ഇതിൽ അഞ്ച് കോടി രൂപ കമ്പനി നൽകി. ബാക്കിയുള്ള തുക നൽകുന്നതിനായി മൂന്ന് മാസത്തെ സമയം കമ്പനിക്ക് അനുവദിക്കുകയും ചെയ്തു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും അദാനി കമ്പനി ബാക്കിയുള്ള തുക നൽകിയില്ല. തുടർന്ന് നിയമം അനുസരിച്ച് നടപടിയെടുക്കാൻ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും കേന്ദ്ര ഏജൻസിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പണം നൽകാൻ ദേശീയ ഹരിത ട്രിബ്യൂണൽ നൽകിയ അവസാന തീയതി കഴിഞ്ഞിട്ടാണ് അദാനി ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.