നൈജീരിയയിൽ എണ്ണക്കപ്പൽ റാഞ്ചി 18 ഇന്ത്യക്കാരടക്കം 19 പേരെ ബന്ദികളാക്കി

ന്യൂഡൽഹി: നൈജീരിയൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ റാഞ്ചി 18 ഇന്ത്യൻ പൗരന്മാർ അടക്കം 19 പേരെ ബന്ദികളാക്കി. തുർക്കി പൗരനാണ് ബന്ദിയാക്കപ്പെട്ട മറ്റൊരാൾ. തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരിൽ എൻജിനീയറുടെ ഭാര്യയും ഉൾപ്പെടുന്നു. റാഞ്ചിയ ജീവനക്കാരെ കൊള്ളക്കാർ അവരുടെ സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബോനി തീരത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.

26 ജീവനക്കാരിൽ 19 പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. ബാക്കി ഏഴു ജീവനക്കാർ കപ്പലിലുണ്ട്. ഇവരോട് കപ്പൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കമ്പനി നിർദേശം നൽകിയിട്ടുണ്ട്. എണ്ണക്കപ്പലിന്‍റെ സുരക്ഷ നൈജീരിയൻ നാവികസേന ഏറ്റെടുത്തു. കടൽകൊള്ളക്കാരുടെ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ല.

പൗരന്മാരുടെ മോചനവും കൂടുതൽ വിവരങ്ങളും ശേഖരിക്കാൻ നൈജീരിയയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ആഫ്രിക്കൻ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളെ അറിയിച്ചു. ജീവനക്കാരെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ കപ്പൽ കമ്പനിയുടെ ആരംഭിച്ചതായി വിവരമുണ്ട്.

ഡിസംബർ മൂന്നിനാണ് ഹോങ്കോങ് പതാകയുള്ള 'വി.എൽ.സി.സി, നവേ കൺസ്റ്റലേഷൻ' എന്ന എണ്ണ ടാങ്കർ ജീവനക്കാർ സഹിതം കടൽകൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ ബോനി ദ്വീപിന് തെക്ക് 100 നോട്ടിക്കൽ മൈലും ബയോക്കോ ദ്വീപിന് 105 നോട്ടിക്കൽ മൈലും അകലെ വെച്ചാണ് സംഭവം. കപ്പലിന്‍റെ സഞ്ചാരപാത എ.ആർ.എസ് മാരിടൈം നിരീക്ഷിച്ചു വരികയാണ്.

2010ൽ നിർമിച്ച നവേ കൺസ്റ്റലേഷൻ എണ്ണ ടാങ്കർ മാരിടൈം സ്ഥാപനമായ നവോയിസ് ടാങ്കേഴ്സ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

Tags:    
News Summary - 18 Indians aboard Hong Kong vessel kidnapped by pirates off Nigeria -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.