നടുക്കം മാറാത്ത വംശഹത്യക്ക് ഒന്നര പതിറ്റാണ്ട്

ന്യൂഡല്‍ഹി: ഇന്ന് ഫെബ്രുവരി 28. കലാപമായി പൊട്ടിപ്പുറപ്പെട്ട് മുസ്ലിം വംശഹത്യയായി മാറിയ ഭീകരതക്ക് 15 വര്‍ഷം. തലേന്ന് സബര്‍മതി എക്സ്പ്രസിന്‍െറ കോച്ചിന് തീവെച്ചതായിരുന്നു പിറ്റേന്ന് ഒരു സംസ്ഥാനത്തൊന്നടങ്കം ആളിക്കത്തിയ വര്‍ഗീയ കലാപത്തിന് കാരണമായി പറഞ്ഞത്.

2001 ഒക്ടോബറില്‍ ആര്‍.എസ്.എസിന് വഴങ്ങാത്ത കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി. ഒരു ബി.ജെ.പി എം.എല്‍.എ രാജിവെച്ച് പുതിയ മുഖ്യമന്ത്രിക്ക്  മത്സരിക്കാന്‍ ഉപതെരഞ്ഞെടുപ്പൊരുക്കുന്നു. ആ ഉപതെരഞ്ഞെടുപ്പില്‍ നേരത്തെ വിജയിച്ച ബി.ജെ.പി എം.എല്‍.എയുടെ പകുതി ഭൂരിപക്ഷം മാത്രമാണ് പുതിയ മുഖ്യമന്ത്രിക്ക് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ഇടിഞ്ഞ ജനപ്രിയതയെക്കുറിച്ച് വിശദീകരിക്കാനാകാതെ ബി.ജെ.പി കുഴങ്ങിയ ഈ ഉപ തെരഞ്ഞെടുപ്പിന് ഒരാഴ്ച തികയും മുമ്പാണ് ഗുജറാത്ത് വംശഹത്യക്ക് കാരണമായെന്ന് പറയുന്ന ഗോധ്ര ട്രെയിന്‍ തീപിടിത്തം. സബര്‍മതി ട്രെയിനിന് തീപിടിച്ച് 59 പേരാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപമുള്ള മുസ്ലിം ഗലിയില്‍നിന്നുണ്ടായ സംഘര്‍ഷത്തിന്‍െറ ഫലമായാണ് ട്രെയിനിന് തീവെച്ചതെന്ന പ്രചാരണമായി. അന്ന് വൈകീട്ട് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞതായി ഗുജറാത്ത് സര്‍ക്കാര്‍ ഒരു വാര്‍ത്തക്കുറിപ്പിറക്കി; ‘‘ഗോധ്രയിലേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഭീകരതയുടെ മനുഷ്യത്വരഹിതവും സംഘടിതവുമായ ആക്രമണമാണ്’’.  28 മുസ്ലിംകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു ജനക്കൂട്ടം അക്രമത്തിന് ഇറങ്ങാന്‍ പ്രേരണയായ ഈ അറസ്റ്റിലെ ഒരാള്‍ പോലും കുറ്റകൃത്യത്തില്‍ പങ്കാളിയല്ളെന്ന് പിന്നീട് തെളിഞ്ഞു.  വംശഹത്യ എന്ന പ്രതികാരത്തിന് കാരണമായി വിശേഷിപ്പിച്ച ഗോധ്രയിലെ സബര്‍മതി ട്രെയിനിന് തീവെച്ചത് ആരെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഗോധ്രയിലെ ആ തീവെപ്പിനെ നേരിട്ട രീതിയിലൂടെയാണ് മോദി ശക്തനായ നേതാവായി ബി.ജെ.പിയില്‍ മാറുന്നത്. കലാപത്തില്‍ മുന്‍ എം.പിയും കോണ്‍ഗ്രസ്നേതാവുമായിരുന്ന ഇഹ്സാന്‍ ജഫ്രി അടക്കം 2000ലേറെ മുസ്ലിംകള്‍ വര്‍ഗീയവാദികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.  എന്നാല്‍, ഗുജറാത്ത് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കനുസരിച്ച്  790 മുസ്ലിംകളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ കണക്കില്‍ ഒരു ലക്ഷം മുസ്ലിംകളും 40,000 ഹിന്ദുക്കളും ഭവനരഹിതരായി.

സാധാരണ വര്‍ഗീയ കലാപങ്ങള്‍ വിസ്മൃതിയില്‍ മറയാറുണ്ടെങ്കിലും ഗുജറാത്ത് വംശഹത്യയുടെ കാര്യത്തിലത് സംഭവിച്ചിട്ടില്ല. ഇരകള്‍ക്ക് വേണ്ടി പോരാടുന്നവര്‍ മാത്രമല്ല, കലാപത്തിന്‍െറ ഗുണഭോക്താക്കളും അത് വിസ്മൃതിയിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതാണ് നേര്. ഇത്രയും പരസ്യമായി മഹത്വവത്കരിക്കുന്ന മറ്റൊരു കലാപവും രാജ്യത്തില്ളെന്നതാണ് ഗുജറാത്ത് വംശഹത്യയെ രാജ്യത്തെ മുഴുവന്‍ വര്‍ഗീയ കലാപങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും.
 

 

Tags:    
News Summary - 15 years gujarat massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.