'ലവ് ജിഹാദ്' നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല, എന്നാൽ മതം മറച്ചുവെച്ച് വിവാഹം ഗുരുതരം: കൊൽക്കത്ത ഹൈകോടതി

കൊൽക്കത്ത: മതം മറച്ചുവെച്ച് വിവാഹം കഴിക്കുകയും പിന്നീട് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാരോപിക്കപ്പെട്ട കേസിൽ പ്രതിയായ പൊലീസുകാരന് എതിരെ നൽകിയ ഹരജി തള്ളി കൊൽക്കത്ത ഹൈക്കോടതി. രാജ്യത്തെ ഒരു നിയമത്തിലും ‘ലവ് ജിഹാദ്’ എന്ന പദം നിർവചിച്ചിട്ടില്ലെന്നും കേസിന്റെ നിലവിലെ ഘട്ടത്തിൽ ഇത്തരം വാദങ്ങൾക്ക് നിയമസാധുതയില്ലെന്നും ജസ്റ്റിസ് അജയ് കുമാർ ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രതിയായ പൊലീസുകാരൻ തന്റെ യഥാർഥ മതവും വൈവാഹിക നിലയും മറച്ചുവെച്ച് പരാതിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് യുവതിയെ ഇസ്‌ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്നും സമ്മതമില്ലാതെ ലൈംഗിക പീഡനത്തിനും ഭീഷണിക്കും ഇരയാക്കിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, പരാതിക്കാരിയെ മതം മാറ്റാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗാളിൽ പ്രത്യേക മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നിലവിലില്ലെന്നും ‘ലവ് ജിഹാദ്’ എന്ന ആരോപണം കോടതിയുടെ പരിഗണനയെ ബാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഗുരുതര ആരോപണങ്ങൾ: ലവ് ജിഹാദ് എന്ന വാദം നിലനിൽക്കില്ലെങ്കിലും, വ്യാജ identity നൽകി വഞ്ചിക്കൽ, ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെയുള്ള ലൈംഗികാതിക്രമം, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

തനിക്കെതിരെയുള്ള വകുപ്പുതല അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ വകുപ്പുതല അന്വേഷണവും ക്രിമിനൽ കേസിലെ വിചാരണയും വ്യത്യസ്ത തലത്തിലുള്ളതാണെന്ന് വ്യക്തമാക്കി കോടതി ഈ വാദം തള്ളി.

നിയമ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ ദേശീയ പോർട്ടലായ ലൈവ് ലോ നൽകുന്ന വിവരമനുസരിച്ച്, പ്രാരംഭ ഘട്ടത്തിൽ തന്നെ വിചാരണ നടപടികൾ റദ്ദാക്കുന്നത് സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കൊൽക്കത്ത ഹൈകോടതി ഓർമ്മിപ്പിച്ചു. നീഹാരിക ഇൻഫ്രാസ്ട്രക്ചർ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ് ഉദ്ധരിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

'കുറ്റപത്രത്തിലെയോ പരാതിയിലെയോ സത്യവസ്ഥ വിചാരണ വേളയിലാണ് തെളിയേണ്ടത്. തുടക്കത്തിൽ തന്നെ പ്രഥമദൃഷ്ട്യാ കേസ് തള്ളിക്കളയാൻ കഴിയില്ല.' - കൊൽക്കത്ത ഹൈകോടതി വ്യക്തമാക്കി.

ലവ് ജിഹാദ് എന്ന തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക ആരോപണങ്ങൾക്കപ്പുറം പരാതിക്കാരി ഉന്നയിച്ച ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും കൃത്യമായി മുന്നോട്ട് പോകണമെന്ന് ഉത്തരവിട്ട ഹൈകോടതി, പ്രതിയുടെ റിവിഷൻ ഹരജി പൂർണ്ണമായും തള്ളുകയായിരുന്നു.

Tags:    
News Summary - 'Love Jihad' Has No Legal Definition, Rules Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.