രൺധീർ ജയ്‌സ്വാൾ

ഭാരത് ഉച്ചകോടിയിൽ 115 പേർക്ക് പ്രവേശനം നിഷേധിച്ചെന്ന് ശശി തരൂർ; വിസ തീരുമാനങ്ങൾ പരമാധികാര പ്രവർത്തനമാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഹൈദരാബാദിൽ നടക്കുന്ന ഭാരത് ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട നൂറിലധികം വിദേശ വക്താക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയും വിസ റദ്ദാക്കുകയും ചെയ്തെന്ന ആരോപണങ്ങളെ തുടർന്ന് വൻ രാഷ്ട്രീയ വിവാദം. വിസ സംബന്ധമായ തീരുമാനങ്ങൾ ഏതൊരു രാജ്യത്തിന്റെയും സർക്കാരിന്റെയും പരമാധികാര പ്രവർത്തനമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ 315 വക്താക്കളിൽ 115 പേർക്കും പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തതായി കോൺഗ്രസ് എം.പി. ശശി തരൂർ ആരോപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ നടപടിയെന്നാണ് സൂചന. ഹൈദരാബാദിൽ എത്തിയ ശേഷമാണ് താൻ ഈ വിവരം അറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി.

ഉച്ചകോടി ശനിയാഴ്ച അവസാനിക്കാനിരിക്കെ ബാധിക്കപ്പെട്ട വക്താക്കൾക്ക് ഇനി പങ്കെടുക്കാൻ സാധിക്കില്ലെന്നും, എന്ത് നിയമപ്രകാരമാണ് സർക്കാർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഭിമാനകരമായ ഒരു ജനാധിപത്യ രാജ്യം ഇത്രയധികം അരക്ഷിതമായി മാറിയത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു.

ദ്വിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ശശി തരൂരിന്റെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്. വിസ കാര്യങ്ങൾ രാജ്യങ്ങളുടെ പരമാധികാര അവകാശമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യുന്നവരെ ഇന്ത്യയിലെത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിവിധ തരത്തിലുള്ള പ്രതിപക്ഷ സ്വരങ്ങളെ ബി.ജെ.പി എന്തിനാണ് ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താൻ കഴിയുന്ന ഒരു സ്വേച്ഛാധിപതിയാണ് താനെന്നാണ് നരേന്ദ്ര മോദി കരുതുന്നതെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി.

ഈ വിവാദത്തിൽ നോർവീജിയൻ പത്രമായ 'ദാഗ്‌സാവെൻ' മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻസെന്റെ അനുഭവവും വലിയ ചർച്ചയായിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാവിയെയും പത്രസ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട ഇവർക്ക്, വിസയും രാഷ്ട്രീയ അനുമതിയും ഉണ്ടായിരുന്നിട്ടും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് ഒസ്ലോയിലെ ഇന്ത്യൻ എംബസി യാത്ര ചെയ്യാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉയർന്ന തലത്തിലുള്ള ഉത്തരവുകൾ കാരണമാണ് ഈ തീരുമാനമെന്നാണ് അവർ ആരോപിച്ചത്. എന്നാൽ ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മെയ് മാസത്തിൽ മോദി നോർവേ സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിനെതിരെ ഇവർ ചോദ്യം ഉന്നയിച്ചിരുന്നു.

കോൺഗ്രസിന്റെ ഈ നിലപാടുകളെയും വാദങ്ങളെയും ബി.ജെ.പി പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ത്യക്കെതിരായ ശക്തികളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഈ ഉച്ചകോടിയെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി വിശേഷിപ്പിച്ചു. ഇതിനായി ചെലവഴിക്കുന്ന തുകയെ ചോദ്യം ചെയ്ത തെലങ്കാന ബി.ജെ.പി പ്രസിഡന്റ് എൻ. രാംചന്ദർ റാവു, സംസ്ഥാന സർക്കാർ ഇന്ത്യൻ വിരുദ്ധ ശക്തികളെ സ്പോൺസർ ചെയ്യുകയാണെന്നും ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ ഹിറ്റെക്സിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഇന്ത്യയിലും 70ലധികം രാജ്യങ്ങളിലുമായി ഏകദേശം 1,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആഗോള ഭൂരാഷ്ട്രതന്ത്രം, ജനാധിപത്യം, കാലാവസ്ഥാ വ്യതിയാനം, കൃത്രിമ ബുദ്ധി, തെരഞ്ഞെടുപ്പ് സമഗ്രത തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുന്നത്. കോൺഗ്രസ് നേതാക്കൾ ആഭ്യന്തര മന്ത്രാലയത്തിനെതിരെ രംഗത്തെത്തിയെങ്കിലും ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - 115 Bharat Summit Speakers Barred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.