പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വൻതോതിൽ മയിൽപ്പീലികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന സംഘത്തെ വനംവകുപ്പ് പിടികൂടി. മയിൽപ്പീലി വിൽപ്പനക്കാരനിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ 500 കിലോയോളം മയിൽപ്പീലി അനധികൃതമായി ശേഖരിച്ചത് കണ്ടെത്തി. 11 പേരെയാണ് അറസ്റ്റ് ചെയ്തത്. മയിൽപ്പീലികൾ വിൽക്കുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യമാണ്.
സോമവാർപേട്ടയിലെ നർപാത്ഗിരിയിൽ വെച്ച് ഏതാനും മയിൽപ്പീലി വിൽപ്പനക്കാരെയാണ് ആദ്യം പിടികൂടിയത്. നിയമപരമായ അനുമതികളില്ലാതെയായിരുന്നു വിൽപ്പന. ഇവരെ ചോദ്യംചെയ്തതോടെയാണ് ധരംശാല കോളനിയിൽ വൻതോതിൽ മയിൽപ്പീലികൾ ശേഖരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
കോളനിയിൽ പരിശോധന നടത്തിയ വനംവകുപ്പ് കണ്ടത് കിലോക്കണക്കിന് മയിൽപ്പീലികൾ കൂട്ടിയിട്ടതാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തു. എല്ലാവരും യു.പി സ്വദേശികളാണ്.
മയിൽപ്പീലികൾ അനധികൃത വിൽപ്പനക്കാരിൽ നിന്ന് വാങ്ങരുതെന്ന് വനംവകുപ്പ് അഭ്യർഥിച്ചു. 'മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയാണ്. അവയുടെ പീലികൾ വിൽപ്പന നടത്തുന്നത് നിയമലംഘനമാണ്. പീലിവിൽപ്പന മയിലുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് മാത്രമല്ല, അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നതിനും കാരണമാകുന്നുണ്ട്' -വനംവകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.