വിജയദശമിക്കിടെ ട്രാക്ടർ നദിയിൽ മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം; പോകരുതെന്ന് നാട്ടുകാർ വിലക്കിയിട്ടും ഡ്രൈവർ വകവെച്ചില്ലെന്ന്

ഭോപാൽ: മധ്യപ്രദേശിൽ വിജയദശമി ആഘോഷത്തിനിടെ രണ്ടിടത്തുണ്ടായ ട്രാക്ടർ അപകടങ്ങളിൽ 13 മരണം. ഖാണ്ഡ്‌വ ജില്ലയിൽ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇതിൽ എട്ടുപേർ പെൺകുട്ടികളാണ്.

പന്ഥാന മേഖലയിലെ അർദാല ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. വി​ഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. മു​ന്നോട്ടുപോകരുതെന്ന് ​നട്ടുകാർ വിലക്കിയിട്ടും ഡ്രൈവർ വകവെക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

25ഓളം പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ആർഡ്‌ല, ജാമ്‌ലി ഗ്രാമങ്ങളിൽനിന്ന് പോയവരാണ് അപകടത്തിൽപെട്ടത്.

കൂടാതെ, ഉജ്ജയിനിലെ ഇങ്കോറിയയിൽ വിശ്വാസികളുമായി പോയ ട്രാക്ടർ ചമ്പൽ നദിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരാളെ കാണാതായി. 12 കുട്ടികൾ നദിയിൽ വീണെങ്കിലും 11 പേരെ നാട്ടുകാർ രക്ഷിച്ചു. ഇതിൽ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ മരിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകുന്നതിനും ദുർഗാ ദേവിയോട് പ്രാർത്ഥിക്കുന്നതായി അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

“ദുർഗ്ഗാ നിമജ്ജന ചടങ്ങിനിടെ ഉണ്ടായ അപകടങ്ങൾ അങ്ങേയറ്റം ദാരുണമാണ്. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകുന്നതിനും ഞാൻ ദുർഗാ ദേവിയോട് പ്രാർത്ഥിക്കുന്നു” -അദ്ദേഹം പറഞ്ഞു,

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.

Tags:    
News Summary - 11 dead as tractor-trolley with Durga idol plunges into pond in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.