ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റി യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 10 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ. കല്യാൺ ബാനർജി, എം.ഡി ജാവിദ്, എ.രാജ, അസദുദ്ദീൻ ഉവൈസി, നാസിർ ഹുസൈൻ, മോഹിബുള്ള, എം. അബ്ദുല്ല, അരവിന്ദ് സ്വാന്ത്, നദിമുൽ ഹഖ്, ഇംറാൻ മസൂദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
യോഗത്തിന് പിന്നാലെ ജെ.പി.സി ചെയർമാൻ ജഗദാംബിഗ പാൽ പ്രതിപക്ഷ അംഗങ്ങളെ കേൾക്കാൻ തയാറാവുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി കുറ്റപ്പെടുത്തി. ജനുവരി 21ന് അവസാന യോഗത്തിന് ശേഷം 24നും 25നും അടുത്ത യോഗം നടത്തുമെന്ന് ചെയർമാൻ അറിയിക്കുകയായിരുന്നു. എന്നാൽ, യോഗം 30,31 തീയതികളിലേക്ക് മാറ്റണമെന്ന് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ ഇതിന് തയാറായില്ല. പിന്നീട് അവസാന നിമിഷം 25ാം തീയതി നടക്കേണ്ട യോഗം അവർ 27ലേക്ക് മാറ്റുകയായിരുന്നുവെന്ന് കല്യാൺ ബാനർജി പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അവർ കാര്യങ്ങൾ വേഗത്തിൽ ആക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് ഈ നീക്കം. ചെയർമാൻ ആരെയും കേൾക്കാൻ തയാറാവുന്നില്ല. ഇത് സമീന്ദാരി സമ്പ്രദായമാണെന്നും തൃണമൂൽ കോൺഗ്രസ് എം.പി കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷം മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.
പാർലമെന്ററി ജനാധിപത്യത്തിനെതിരാണ് പ്രതിപക്ഷത്തിന്റെ പ്രവൃത്തികളെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ പറഞ്ഞു. ഇതാദ്യാമായല്ല വഖഫ് ബിൽ ചർച്ച ചെയ്യാനുള്ള സംയുക്ത പാർലമെന്ററി യോഗം സംഘർഷത്തിൽ അവസാനിക്കുന്നത്. ഒക്ടോബറിൽ നടന്ന സംയുക്ത പാർലമെന്ററി കമിറ്റി യോഗവും സംഘർഷത്തിലാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.