ന്യൂഡൽഹി: ഇസ്രായേലിലേക്ക് നിർമാണ തൊഴിലാളികളായി പോയ 10 ഇന്ത്യക്കാരെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ കണ്ടെത്തിയെന്നും അവരെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുപോയെന്നും ഇന്ത്യ സ്ഥിരീകരിച്ചു. വെസ്റ്റ്ബാങ്കിലേക്ക് ഇന്ത്യക്കാരെ എത്തിച്ചത് ആരാണെന്നത് ദുരൂഹമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം നടന്നതായി കേന്ദ്ര വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്.
ഇസ്രായേലിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് കൊണ്ടുപോയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നും മലയാളികൾ ആരുമില്ലെന്നും വിദേശ കാര്യ വൃത്തങ്ങൾ ‘മാധ്യമ’ത്തോടു പറഞ്ഞു.
ഇസ്രായേലിലേക്ക് നിർമാണ തൊഴിലാളികളായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വെസ്റ്റ്ബാങ്കിലെ നിർമാണ മേഖലയിൽ നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രായേൽ അധികൃതർ അറിയിച്ചതെന്ന് ജയ്സ്വാൾ വ്യക്തമാക്കി. തുടർന്ന് അവരെ ഇസ്രായേലി അധികതർ തന്നെ തിരികെ എത്തിച്ചതായും അവരാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഇന്ത്യൻ എംബസി ഇസ്രായേൽ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികൾ ഇന്ത്യക്കാരെ വെസ്റ്റ്ബാങ്കിലേക്ക് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇസ്രായേൽ അധികൃതർ ആദ്യം അവകാശപ്പെട്ടിരുന്നത്. അതേസമയം ഇവർ എങ്ങിനെ അവിടെ എത്തിയെന്നോ ആര് കൊണ്ടു പോയെന്നോ ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇസ്രായേലിലേക്ക് എന്ന് പറഞ്ഞ് ഇന്ത്യക്കാരെ വെസ്റ്റ് ബാങ്കിലേക്ക് കൊണ്ടുപോയതാണോ ഇസ്രായേൽ കമ്പനി തന്നെ വെസ്റ്റ്ബാങ്കിലെ നിർമാണ പ്രവൃത്തിക്കായി ഇവശരപ ഉപയോഗിച്ചതാണോ എന്നൊന്നും വ്യക്തമല്ലെന്നും അവർ പറഞ്ഞു.
ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള ഇന്ത്യൻ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഗസ്സയുടെയും ഫലസ്തീന്റെയയും കാര്യത്തിൽ കാലങ്ങളായി ഇന്ത്യ അനുവർത്തിക്കുന്ന നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് ജയ്സ്വാൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.