ടാറ്റയുടെ പരീക്ഷണ നിരീക്ഷണങ്ങള്‍

ഇന്ത്യന്‍ വാഹന വിപണിയിലെ അരക്ഷിത ജന്മമാണ് ടാറ്റയുടേത്. പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും സുഖപ്രദവും സ്ഥിരപ്രതിഷ്​ഠ നേടിയതുമായൊരു കസേരയിലേക്ക് അമര്‍ന്നിരിക്കാന്‍ ടാറ്റക്കായിട്ടില്ല. ലോകത്തിലെ ഏറ്റവുംവലിയ സൈനിക വ്യൂഹങ്ങളിലൊന്നായ ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി വാഹനങ്ങള്‍ ഒരുക്കുന്ന കമ്പനിയാണ് ടാറ്റ. പക്ഷേ, സാധാരണക്കാര​​െൻറ മുന്നിലെത്തുമ്പോള്‍ ഇപ്പോഴും മുട്ടുവിറക്കുകയും പതര്‍ച്ച അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് ടാറ്റയുടെ ദുര്യോഗം. എത്രയെത്ര പരീക്ഷണങ്ങളാണ് ടാറ്റ നടത്തിയത്. 

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ എം.യു.വി വരെ നിര്‍മിച്ചു. പറഞ്ഞുവരുന്നത് നാനോയെയും ആര്യയെയും പറ്റിയാണ്. മഹീന്ദ്രയുടെ എക്സ്.യു.വി ഫൈവ് ഡബിള്‍ ഒ പോലെ ഇന്ത്യയിലെ പ്രാദേശിക വാഹന നിർമാണ ചരിത്രത്തിലെ വമ്പന്‍ പദ്ധതികളായിരുന്നു ഇതൊക്കെ. പക്ഷേ, പരാജയങ്ങളില്‍ മനംമടുത്തിരിക്കാനല്ല. കരുത്തോടെ മുന്നേറാനാണ് ടാറ്റയുടെ തീരുമാനം. ബ്രിട്ടനില്‍നിന്ന് വാങ്ങിയ ജാഗ്വാറില്‍നിന്ന് പഠിച്ചെടുത്ത സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി പുതുതലമുറ വാഹനങ്ങളെ പുറത്തിറക്കുകയാണ് ടാറ്റയിപ്പോള്‍. 

തിയാഗൊ, ബോള്‍ട്ട്, തിഗോര്‍, സെസ്​റ്റ്​, ഹെക്സ തുടങ്ങി നീണ്ട നിരയാണ് പുതുതലമുറക്കാരായി കമ്പനിക്ക് ഇപ്പോഴുള്ളത്. ഇതിലേക്ക് ഒരു നവാതിഥി കൂടി എത്തുകയാണ്. പേര് നെക്സണ്‍. കോമ്പാക്ട് എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന വാഹനമാണ് നെക്സണ്‍. മാരുതി ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയവയോടാണ് മത്സരമെന്നര്‍ഥം. ടാറ്റയുടെ രഞ്ചന്‍ഗാവിലെ നിര്‍മാണശാലയില്‍നിന്ന് നെക്സണ്‍ പുറത്തിറങ്ങിക്കഴിഞ്ഞു. തല്‍ക്കാലം ഷോറൂമുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഹെക്സയിലും തിഗോറിലും തിയാഗോയിലുമൊക്കെ കണ്ട ‘ഇംപാക്ട്’ ഡിസൈന്‍ ഭാഷയിലാണ് നെക്സണും നിര്‍മിച്ചിരിക്കുന്നത്. കൂപ്പേ രൂപമാണ് വാഹനത്തിന്. ഇരട്ട നിറങ്ങളില്‍ അകവും പുറവും ഒരുക്കിയിരിക്കുന്നു. 

എസ്.യു.വി ആയതിനാല്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണ്. കറുത്ത ക്ലാഡിങ്ങോടുകൂടിയ വലിയ വീല്‍ ആര്‍ച്ചുകളും വലുപ്പമുള്ള ടയറുകളും റൂഫ് റെയിലുമൊക്കെ നല്ല ഗാംഭീര്യം നല്‍കുന്നുണ്ട്. ടാറ്റയുടെ വാഹനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ തിഗോറുമായാണ് നെക്സണ് കൂടുതല്‍ സാമ്യം. 110 ബി.എച്ച്.പി 1.5 ലിറ്റര്‍ ഡീസല്‍ എൻജിനും 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനുമാണ് വാഹനത്തിന്. പെട്രോള്‍ എൻജിനും 110 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. 
ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. ഡീസല്‍ എൻജിന്‍ 260 എന്‍.എമ്മും പെട്രോള്‍ എൻജിന്‍ 160ഉും ടോര്‍ക്ക് ഉല്‍പാദിപ്പിക്കും. ഒരു ഡീസല്‍ എ.എം.ടിയും പുറത്തിറക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നാണ് വിവരം. 

ഉള്ളില്‍ 6.5 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മ​െൻറ്​ സിസ്​റ്റം, ക്ലൈമാറ്റിക് കണ്‍ട്രോള്‍ എ.സി, പിന്നിലെ എ.സി വ​െൻറുകള്‍ എന്നിവ ലഭിക്കും. പഴയതില്‍നിന്ന് വ്യത്യസ്തമായി നല്ല ഫിറ്റും ഫിനിഷുമുള്ള ഉള്‍വശമാണ് പുത്തന്‍ ടാറ്റകള്‍ക്ക്. നെക്​സണിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ഡ്രൈവ് മോഡുകള്‍ തെരഞ്ഞെടുക്കുന്ന സംവിധാനം സ്​റ്റാന്‍േഡർഡാണ്. എക്കോ, സിറ്റി, സ്പോര്‍ട്ട് മോഡുകള്‍ ആവശ്യാനുസരണം സ്വീകരിക്കാം. വരും മാസങ്ങളില്‍ തന്നെ നെക്സണെ നിരത്തുകളിൽ പ്രതീക്ഷിക്കാം. വില നിർണയത്തില്‍ പതിവുപോലെ ടാറ്റ എതിരാളികളെ കടത്തിവെട്ടുമെന്നാണ് സൂചന. ബ്രെസക്കും എക്കോസ്പോര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തി ഏഴ് മുതല്‍ 10 ലക്ഷം വരെ രൂപക്ക് നെക്സണെ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. 

Tags:    
News Summary - Tata Nexon automobile news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.