അമേസിങ്ങ് അമേസ്

പെട്രോള്‍ വാഹനങ്ങള്‍ മാത്രം വിറ്റ് നടന്നിരുന്നൊരുകാലം ഹോണ്ടക്കുണ്ടായിരുന്നു. അന്ന് ആരോട് ചോദിച്ചാലും പറയുമായിരുന്നു, സിറ്റിയും സി.ആര്‍.വിയും അക്കോര്‍ഡുമൊക്കെ ഉഗ്രന്‍ വാഹനങ്ങളാണെന്ന്. എന്നാലീ പറയുന്നവരാരും ഇതൊന്നും വാങ്ങുകയുമില്ല. കാരണം പെട്രോള്‍ കുടിയന്മാര്‍ എന്ന പേരുദോഷം തന്നെ. അങ്ങിനെയാണ് ഹോണ്ട ഡീസല്‍ എഞ്ചിന്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. 2013ല്‍ അമേസ് എന്ന കോമ്പാക്ട് സെഡാനൊടൊപ്പം തങ്ങളുടെ സ്വന്തം ഡീസല്‍ ഹൃദയവും ഹോണ്ട പുറത്തിറക്കി. 1498സി.സി, നാല് സിലിണ്ടര്‍, i-DTEC എഞ്ചിനായിരുന്നു അത്. പിന്നീട് ഈ എഞ്ചിന്‍ സിറ്റിയിലും പുത്തന്‍ ജാസിലും ഉള്‍പ്പടെ ഇടംപിടിച്ചു. അല്‍പ്പം ശബ്ദം കൂടുതലായിരുന്നെങ്കിലും ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമത കൂടിയ വാഹനമായിരുന്നു അമേസ്. ഫിയറ്റിന്‍െറ എഞ്ചിനുമായി വിലസിയിരുന്ന സ്വിഫ്റ്റ് ഡിസയറിന് തികഞ്ഞൊരു എതിരാളി. എങ്കിലും ദോഷൈകദൃക്കുകള്‍ പിന്നെയും കുറ്റം കണ്ടുപിടിച്ചുകൊണ്ടിരുന്നു. ഉള്‍വശത്തിന് നിലവാരമില്ല എന്നായിരുന്നു പ്രധാന ആരോപണം. എങ്കിലും അമേസുകള്‍ ധാരാളമായി വിറ്റു. ഇപ്പോഴിതാ അടിമുടി പുതുക്കിയ അമേസിനെ അവതരിപ്പിച്ചിരിക്കുന്നു ഹോണ്ട.


പുറംമോടി
പുറത്തെ മാറ്റങ്ങളില്‍ പ്രധാനം ഗ്രില്ലുകളിലും ബമ്പറിലുമാണ്. പഴയ ചെറിയ ചിരിക്കുന്ന ഇരട്ട ക്രോം ഗ്രില്ല് മാറ്റി വലുപ്പംകൂടിയ ഒറ്റ ഗ്രില്ല് വന്നു. ഇത് ഹെഡ്ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. പഴയതിനേക്കാള്‍ ഗാംഭീര്യം വാഹനത്തിന് വന്നിട്ടുണ്ട്. തൊട്ട് താഴെയുള്ള വലിയ ബമ്പറില്‍ എയര്‍ഡാമുകള്‍ ഫോഗ്ലൈറ്റുകള്‍ എന്നിവയുമുണ്ട്. വശങ്ങളില്‍ കാര്യമായ മാറ്റമില്ല. പിന്നിലത്തെിയാല്‍ ഒരേയൊരു മാറ്റമാണ് കാണാനാകുക. പുതിയ സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍. 


ഉള്‍വശം
ഏറെ പേരുദോഷം കേള്‍പ്പിച്ച ഉള്‍വശത്തെ മൊത്തം ഇളക്കി മറിച്ചിട്ടുണ്ട് ഹോണ്ടയുടെ ഇന്‍െറീരിയര്‍ ഡിസൈനര്‍മാര്‍. പുതിയ ഡാഷ്ബോര്‍ഡ് ജാസിന് സമം. സെന്‍റര്‍ കണ്‍സോള്‍ പുത്തനും കൂടുതല്‍ കാഴ്ചസുഖം നല്‍കുന്നതുമാണ്. കറുപ്പും ബീജുമാണ് നിറങ്ങള്‍.  അല്‍പ്പം ഉയരത്തില്‍ ക്രമീകരിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റവും ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോളും മാറ്റങ്ങളില്‍ പ്രധാനം. ടച്ച് സ്ക്രീനുകള്‍ വേണ്ടെന്ന് വച്ചത് പോരായ്മയാണ്. സിറ്റിയിലും ജാസിലും പുത്തന്‍ ടച്ച് സ്ക്രീന്‍ നല്‍കിയപ്പോഴാണ് അമേസിനോട് ഈ അവഗണന.

എതിരാളികളെല്ലാം ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുമുണ്ട്. ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ പഴയതെങ്കിലും കൂടുതല്‍ വിവരങ്ങള്‍  അറിയാനാകും. ആകര്‍ഷകമായ നീല പ്രകാശവും നല്‍കിയിട്ടുണ്ട്. ഇനിയും മാറ്റമില്ലാത്ത ചില ഭാഗങ്ങളാണ് സ്റ്റിയറിങ്ങ് വീല്‍, ഗിയര്‍ ലിവര്‍, വിന്‍ഡോ സ്വിച്ചുകള്‍ എന്നിവ. മ്യൂസിക് സിസ്റ്റത്തില്‍ ബ്ളൂടൂത്ത് കണക്ടിവിറ്റിയുണ്ട്. സുരക്ഷക്ക് ആധുനിക വാഹനങ്ങളില്‍ വര്‍ദ്ധിക്കുന്ന പ്രാധാന്യം അമേസിലും കാണാം. പെട്രോളിലേയും ഡീസലിലേയും ആദ്യ വേരിയന്‍െറാഴികെ എല്ലാത്തിലും എ.ബി.എസ്, എയര്‍ബാഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്. തുടക്ക മോഡലുകള്‍ക്ക് വേണമങ്കില്‍ കമ്പനി തന്നെ ഇവ പിടിപ്പിച്ച് നല്‍കും. സീറ്റിന്‍െറയും മറ്റ് ഘടകങ്ങളുടേയും വലുപ്പംകുറച്ച് ഉള്ളിലെ സ്ഥലം വര്‍ദ്ധിപ്പിക്കുന്ന സ്ഥിരം തന്ത്രം കുറേയൊക്കെ ഹോണ്ട അമേസില്‍ ഉപേക്ഷിച്ചിട്ടുണ്ട്. പിന്നിലത്തെിയാല്‍ നല്ല സ്ഥലസൗകര്യം അനുഭവിക്കാനാകും. അത്യാവശ്യം വലുപ്പം സീറ്റുകള്‍ക്കുണ്ട്. 


എഞ്ചിന്‍
എഞ്ചിനുകളില്‍ മാറ്റമില്ല. 1.2ലിറ്റര്‍ പെട്രോളും 1.5ലിറ്റര്‍ ഡീസലും പഴയത് തന്നെ. ഗിയര്‍ബോക്സിലൊ എഞ്ചിന്‍ ട്യൂണിങ്ങിലൊ മാറ്റമൊന്നുമില്ലാത്തതിനാല്‍ ഓടിക്കാനും പഴയപടിതന്നെ. പക്ഷെ ഓട്ടോമാറ്റിക് മോഡല്‍ നന്നായി പരിഷ്കരിച്ചു. പുതിയ സി.വി.ടി യൂനിറ്റ് ഉള്‍പ്പെടുത്തിയത് വലിയ മാറ്റമാണ് വരുത്തിയത്. പഴയതിനേക്കാള്‍ സുഗമമായ ഡ്രൈവബിലിറ്റിയാണ് ഓട്ടോമാറ്റിക്കില്‍. തുടര്‍ച്ചയായി ലഭിക്കുന്ന കരുത്തും പ്രത്യേകതയാണ്. 18.1 എന്ന മികച്ച ഇന്ധനക്ഷമതകൂടിയാകുമ്പോള്‍ ഓട്ടോമാറ്റിക് സെഡാനുകളില്‍ മുന്‍നിരയിലത്തെുന്നു അമേസ്. നല്ല സസ്പെന്‍ഷന്‍ മികച്ച യാത്രാസുഖം നല്‍കും. ഉയര്‍ന്ന വേഗത്തില്‍ അത്ര ആത്മവിശ്വാസം നല്‍കുന്ന ഡ്രൈവൊന്നുമല്ല അമേസിന്‍േറത്. ഫിഗോ ആസ്പയര്‍, ടാറ്റ സെസ്റ്റ് എന്നിവയോട് പൊരുതി നില്‍ക്കുമെങ്കിലും വിഭാഗത്തിലെ മികച്ചതെന്ന് പറയാനാകില്ല. ഡീസല്‍ എഞ്ചിനുകളില്‍ ശബ്ദംകൂടിയത് എന്ന പേരുദോഷം ഇപ്പോഴും തുടരുന്നു. എന്നാല്‍ ഇന്ധനക്ഷമത 25 കിലോമീറ്ററാണ്. 5.29 ലകഷം മുതല്‍ 8.20 വരെയത്തെുന്ന വിലയും മികച്ച ഓട്ടോമാറ്റിക്കിന്‍െറ സാന്നിധ്യവുമാണ് ഹോണ്ടക്ക് പ്രതീക്ഷ നല്‍കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.