ബീമറിന്‍െറ ഡീസല്‍ രാജാവ്

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് യാത്രാ വാഹനങ്ങളാണ് മെഴ്സിഡെസ് ബെന്‍സിന്‍െറ എസ് ക്ളാസും ബി.എം.ഡബ്ളുവിന്‍െറ സെവന്‍ സീരീസും. ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വാഹനങ്ങളും ഇവ തന്നെ. എസ്.ക്ളാസിനും സെവന്‍ സീരീസിനും മാത്രമായി നൂറുകണക്കിന് പേറ്റന്‍റുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് ലോകത്തിറങ്ങുന്ന ഏറ്റവും ആധുനികവും സുരക്ഷിതവുമായ വാഹനങ്ങളാണിവ. കുറേ നാള്‍ മുമ്പാണ് ബി.എം.ഡബ്ള്യു തങ്ങളുടെ അഭിമാന വാഹനത്തിന്‍െറ പുതുക്കിയ പതിപ്പുകള്‍ പുറത്തിറക്കിയത്. ഇതില്‍ പെട്രോള്‍ മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. ഇപ്പോള്‍ ഡീസലും അവതരിപ്പിച്ചിരിക്കുന്നു കമ്പനി. രണ്ടുതരം ഡീസല്‍ സെവന്‍ സീരീസുകള്‍ ലഭ്യമാണ്. ഒന്ന് ഇന്ത്യയില്‍തന്നെ കൂട്ടിയോജിപ്പിച്ച വില കുറഞ്ഞ കാര്‍. രണ്ടാമത്തേത് ഇറക്കുമതി ചെയ്യുന്ന വിലകൂടിയ വാഹനം. വില കുറഞ്ഞ കാറെന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിചാരിക്കും പത്തോ അമ്പതോ ലക്ഷമായിരിക്കുമെന്ന്. എന്നാല്‍ അങ്ങിനെയല്ല കാര്യങ്ങള്‍. ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ച കാറിന്‍െറ വില 1.14കോടിയാണ്. ഉപഭോക്താവിന്‍െറ ആവശ്യത്തിനനുസരിച്ച് മാറ്റംവരുത്തിയ ഇറക്കുമതി ചെയ്ത കാറിന് 1.55കോടി വിലവരും.

  
പുതിയ സെവന്‍ സീരീസിന്‍െറ രൂപം കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. കൂറ്റനൊരു വാഹനമാണിത്. ലിമോസിനുകളോടൊപ്പമാണ് ഇവന്‍െറ രൂപത്തിന് സാമ്യമുള്ളത്. നല്ല വലുപ്പമുള്ള പരമ്പരാഗത് കിഡ്നി ഗ്രില്ലുകള്‍, അത്യന്താധുനികമായ ഹെഡ്ലൈറ്റുകള്‍, ഫോഗ് ലാംബുകളില്‍ ഉള്‍പ്പടെ നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍,സാധാരണയിലും നീളം കൂടിയ ബോണറ്റ് തുടങ്ങി വെട്ടിത്തിളങ്ങുന്ന പെയിന്‍െറുകളും നിറങ്ങളും കൂടിയാകുമ്പോള്‍ റോഡിലെ ആനന്ദക്കാഴ്ച്ചയാകും ഈ ഏഴാം തമ്പുരാന്‍. 3.2 മീറററാണ് വീല്‍ ബേസ്(രണ്ട് വീലുകള്‍ക്കിടയിലെ അകലം). സാധാരണ സെവന്‍സീരീസിന് 18ഇഞ്ച് റിമ്മുകളാണ്. വിലകൂടിയ എം സ്പോര്‍ട്ട് വേരിയന്‍റില്‍ 19 ഇഞ്ച് റിമ്മുകളും ഹെഡ്ലൈറ്റില്‍ എല്‍.ഇ.ഡിക്ക് പകരം ലേസര്‍ ബീമുകളുമാണ്. പഴയതിനേക്കാള്‍ 105കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയ വാഹനത്തിന്. നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന അലൂമിനിയം, സ്റ്റീല്‍, കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയവയുടെ ഭാരം കുറച്ചാണ് ബീമര്‍ എഞ്ചിനീയര്‍മാര്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്.


സെവന്‍ സീരീസിന്‍െറ അകത്തുകയറിയാല്‍ ആര്‍ക്കും കുറച്ചുനേരത്തേക്ക് രാജാവാണെന്ന് തോന്നും. പഴയതിനോട് സാമ്യമുള്ളതാണ് ഡാഷ്ബോര്‍ഡ്. ഉന്നത നിലവാരത്തിലുള്ള തുകലും തടിയുമാണ് നിര്‍മ്മാണ സാമഗ്രികള്‍. സ്വിച്ചുകളില്‍ അലുമിനിയത്തിന്‍െറ ഫിനിഷും കാണാം. യഥാര്‍ഥത്തില്‍ സ്വിച്ചുകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അകവശമാണ് ഒരുക്കിയിരിക്കുന്നത്. പകരം എല്ലായിടത്തും ടച്ച് സ്ക്രീനുകള്‍ നല്‍കിയിരിക്കുന്നു. ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോള്‍ വരെ ടച്ച് പാഡിലൂടെ നിയന്ത്രിക്കാം. ഉടമയുടെ ആംഗ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുമുണ്ട്.

ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വന്തം ആംഗ്യങ്ങള്‍ വാഹനത്തില്‍ സജ്ജീകരിക്കുകയുമാകാം. മൊത്തം വാഹനവും പരിസരവും വ്യക്തമാക്കിത്തരുന്ന 360 ഡിഗ്രി കാമറകള്‍, പിന്നിലെ യാത്രക്കാര്‍ക്ക് രണ്ട് 10ഇഞ്ച് സ്ക്രീനുകള്‍, ആം റെസ്റ്റിലെ ഏഴ് ഇഞ്ച് സാംസങ്ങ് ടാബ്ലെറ്റ്(ഇതുപയോഗിച്ച് പിന്നിലിരിക്കുന്ന യാത്രക്കാരന് വാഹനത്തിന്‍െറ സംവിധാനങ്ങള്‍ നിയന്ത്രിക്കാനാകും), മസാജ് ചെയ്യുന്ന സീറ്റുകള്‍ തുടങ്ങി ആഢംബരത്തിന്‍െറ അവസാന വാക്കാണ് പുത്തന്‍ സെവന്‍ സീരീസ്. 
6.21സെക്കന്‍റ് മതി ഈ പടുകൂറ്റന്‍ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ബി.എമ്മിന്‍െറ ഏറ്റവും പുതിയ 3.0ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 265കുതിര ശക്തി ഉല്‍പ്പാദിപ്പിക്കും ഈ വാഹനം. എട്ട് സ്പീഡ് ഗിയര്‍ബോക്സാണ്. എക്കോ പ്രൊ, സ്പോര്‍ട്ട്,സ്പോര്‍ട്ട് പ്ളസ് തുടങ്ങിയ വിവിധ മോഡുകളും നല്‍കിയിട്ടുണ്ട്. 8.2 എന്ന അത്ര മോശമല്ലാത്ത ഇന്ധനക്ഷമതയും സെവന്‍സീരീസ് നല്‍കും. എക്കോ പ്രൊ മോഡില്‍ ഇത് 11 വരെ പ്രതീക്ഷിക്കാം. 78 ലിറ്ററാണ് ഇന്ധന ടാങ്കിന്‍െറ ക്ഷമത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.