അഴകോടെ ഒഴുകി ഒഴുകി എലാന്‍ട്ര

അല്‍പ്പം നീളക്കൂടുതലുള്ള കാറില്‍ (സെഡാന്‍) കാലുകള്‍ നീട്ടിവച്ച് സുഖമായൊരു യാത്രയാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കയ്യില്‍ 20 ലക്ഷം രൂപയും അത്യാവശ്യം ആത്മവിശ്വാസവുമുണ്ടോ. എങ്കില്‍ നാല് കാറുകളാണ് നിലവില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. മറ്റ് കാറുകളൊക്കെ മോശമാണെന്നല്ല. നിങ്ങള്‍ ആദ്യം പരിഗണിക്കേണ്ടത് നാലെണ്ണമെന്നാണ് പറഞ്ഞുവരുന്നത്. അതില്‍ ഒന്നാമത്തേത് ടൊയോട്ട കൊറോളയാണ്. ലോകത്തില്‍ ഏറ്റവും വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയുടെ ബെസ്റ്റ് സെല്ലറാണിത്. ലോകവ്യാപകമായി ലക്ഷക്കണക്കിന് കൊറോളകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 13 തലമുറയായിരിക്കുന്നു ടൊയോട്ടയുടെ ഈ ഓമന സന്തതിക്ക്. രണ്ടാമത്തേത് സ്കോഡയുടെ ഒക്ടാവിയ ആണ്. ആഢംബരം നമ്മെ പഠിപ്പിച്ച സ്കോഡയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട സെഡാനാണിത്. പ്രീമിയം എന്ന് വിളിക്കാവുന്ന പ്രത്യേകതകള്‍ ഒക്ടാവിയയുടെ അകത്തും പുറത്തും നിറച്ചിരിക്കുന്നു സ്കോഡ. ചെക്ക് റിപ്പബ്ളിക്കിലാണ് ജനനമെങ്കിലും ഇപ്പോള്‍ ജര്‍മ്മന്‍ ഭീമനായ ഫോക്സ്വാഗന്‍െറ ഉടമസ്ഥതയിലാണ് സ്കോഡ. മൂന്നാമന്‍ ഷെവര്‍ലെയുടെ ക്രൂസാണ്. ജനറല്‍ മോട്ടോഴ്സ് എന്ന വമ്പന്‍ കമ്പനിയുടെ ജനപ്രിയ താരമാണ് ക്രൂസ്. നാലാമത്തേത് ഹ്യൂണ്ടായ് എലാന്‍ട്രയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് പാരമ്പര്യത്തിന്‍െറ തഴമ്പുകളൊന്നും എലാന്‍ഡ്രക്കില്ല. പതിയത്തെുടങ്ങി വിപണിയില്‍ തരംഗമുണ്ടാക്കിയ കമ്പനിയാണ് കൊറിയക്കാരുടെ ഹ്യൂണ്ടായ്. കാഴ്ച്ചയെ കൊളുത്തിവലിക്കുന്ന സൗന്ദര്യമാണ് എലാന്‍ട്രയുടെ മുതല്‍ക്കൂട്ട്. 


ഒഴുകി ഒഴുകി എലാന്‍ട്ര
ഹ്യൂണ്ടായുടെ വാഹനങ്ങള്‍ക്ക് കാഴ്ച്ചയില്‍ ഭംഗി നല്‍കുന്നത് അവര്‍ പ്രത്യേകം പേരിട്ട് വിളിക്കുന്നൊരു രൂപകല്‍പ്പനാരീതിയാണ്. ഫ്ളൂയിഡിക് എന്നാണതിന്‍െറ പേര്. വാഹനങ്ങളുടെ അകത്തും പുറത്തും ഈ രീതിയാണ് കമ്പനി പിന്‍തുടരുന്നത്. ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ഫ്ളൂയിഡിക് ഡിസൈനുകള്‍. ചെറുകാറായ ഇയോണ്‍ മുതല്‍ സാന്താഫേ എന്ന എസ്.യു.വി വരെ ഹ്യൂണ്ടായ് ഒരുക്കിയിരിക്കുന്നത് അഴക് ഒഴുകിയിറങ്ങുന്ന ഫ്ളൂയിഡിക് ബിംബങ്ങളായാണ്. പുതിയ എലാന്‍ട്രയുടേയും ആദ്യ സവിശേഷത ഈ രൂപകല്‍പ്പനാ മികവാണ്. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഭംഗി. അല്‍പ്പം താഴ്ന്നാണ് വാഹനത്തിന്‍െറ നില്‍പ്പ്. ഇന്ത്യന്‍ റോഡുകളില്‍ ഇതെങ്ങിനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. രൂപത്തില്‍ എലാന്‍ട്രയെ ഏതെങ്കിലും വാഹനത്തോട് താരതമ്യം ചെയ്യാനാകുമെങ്കില്‍ അത് ഹോണ്ടയുടെ സിവിക്കാണ്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ രൂപസാദൃശ്യം വ്യക്തമാണ്. കണ്ണെഴുതിയപോലെ കറുത്ത അരികുകളോടുകൂടിയ ഹെഡ്ലൈറ്റുകള്‍, വലുപ്പമേറിയ ഗ്രില്ലും ലോഗോയും ബൂമറാങ്ങിനെ ഓര്‍മിപ്പിക്കുന്ന ഫോഗ്ലാമ്പ് സ്ളോട്ടുകള്‍ അഞ്ച് ഇരട്ട സ്പോക്കുകളോടുകൂടിയ അലോയ് വീലുകള്‍ തുടങ്ങിയവയാണ് എലാന്‍ട്രയുടെ പുറത്തെ പ്രത്യേകതകള്‍. പിന്നിലത്തെിയാല്‍ ഹോണ്ട സിറ്റിയോടും മാരുതി സിയാസിനോടുമൊക്കെ സാമ്യം തോന്നും. എടുത്ത് പറയാവുന്ന പ്രത്യേകതകള്‍ പിന്നിലില്ല. 


കറുപ്പിനക്
വാഹനത്തിന്‍െറ ഉള്ളിലത്തെിയാല്‍ കറുപ്പിനെന്തൊരു അഴകാണെന്ന് തോന്നും. കറുപ്പും അലുമിനിയവും ചേര്‍ന്ന ഫിനിഷുകള്‍ ആകര്‍ഷകം. സ്വിച്ചുകളുടെ അതിപ്രസരം പ്രകടമാണ്. പുതിയ കാലത്തെ വാഹനങ്ങളുടെ ഇന്‍റീരിയര്‍ ഡിസൈന്‍ തീമുകളുമായി ഇത് യോജിക്കുന്നില്ളെന്ന് പറയേണ്ടിവരും. എങ്ങിനെ പരമാവധി സ്വിച്ചുകള്‍ ഒഴിവാമെന്നും, ടച്ച് സ്ക്രീനുകളില്‍ തുടങ്ങി കൈ മുദ്രകള്‍ വരെ വിവിധ നിയന്ത്രണങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ഗവേഷണം നടക്കുന്ന കാലത്ത് ഇത്രയധികം സ്വിച്ചുകള്‍ കാണുന്നതുതന്നെ അരോചകമാണ്.

മികച്ച ലെതര്‍ സീറ്റുകള്‍, പിന്നിലെ എ.സി വെന്‍റുകള്‍ സാമാന്യമായി ലഭിക്കുന്ന ഹെഡ്റൂമും ലെഗ്റൂമും ഒക്കെയാണ് മറ്റ് സവിശേഷതകള്‍. നിലവില്‍ രണ്ടുതരം എഞ്ചിനുകളാണ് എലാന്‍ട്രക്കുള്ളത്. 1582സി.സി ഡീസലും 1797സി.സി പെട്രോളും. പുത്തല്‍ എലാന്‍ഡ്രക്ക് ഹ്യൂണ്ടായ് ഏത് എഞ്ചിനാണ് നല്‍കുകയെന്ന് ഉറപ്പായിട്ടില്ല. 149 ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2.0ലിറ്റര്‍ എഞ്ചിനാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. 17ലക്ഷം മുതലാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.