പര്‍വ്വത സമാനന്‍; ബെന്‍റ്ലെ ബെന്‍റയേഗ

ലോകത്ത് ധാരാളം പര്‍വ്വതങ്ങളുണ്ട്; എന്നാല്‍ എവറസ്റ്റ് ഒന്നേയുള്ളു. ധാരാളം നദികളുണ്ടെങ്കിലും നൈല്‍ ഒന്നേയുള്ളു. ആനകള്‍ എത്രയോ ഉണ്ട്. പക്ഷെ ഗുരുവായൂര്‍ കേശവന്‍ ഒന്നേയുള്ളൂ. ചില വസ്തുക്കളങ്ങിനെയാണ്. ഏത് ആള്‍ക്കൂട്ടത്തിലും തലയുയര്‍ത്തിതന്നെ നില്‍ക്കും. വാഹന ലോകത്ത് എസ്.യു.വി എന്നാല്‍ ആണത്തത്തിന്‍െറ പ്രതീകമാണ്. റേഞ്ച് റോവര്‍, ലാന്‍ഡ് ക്രൂസര്‍, എക്സ് 6, എം ക്ളാസ് തുടങ്ങി ഈ വിഭാഗത്തില്‍ ധാരാളം വമ്പന്മാരുണ്ട്. എല്ലാവരേയും അട്ടിമറിക്കാന്‍ ആണൊരുത്തന്‍ വരികയാണ്. ആഢംബരത്തിന്‍െറ അവസാന വാക്കായ ബെന്‍റ്ലെയാണ് ഈ എസ്.യു.വിയുടെ നിര്‍മ്മാതാക്കള്‍. വര്‍ഷങ്ങളായി നടക്കുന്ന പരീക്ഷണങ്ങളുടെ സഫലീകരണമാണ് ബെന്‍റ്ലേക്കിത്. ഏഴ് ഭൂഖണ്ഡങ്ങള്‍, അന്‍റാര്‍ട്ടിക്ക മുതല്‍ സഹാറ വരെ നീണ്ട പരീക്ഷണ ഓട്ടങ്ങള്‍, കുണ്ടും കുഴിയും കാടും മലയുമെല്ലാം താണ്ടി വരികയാണ് ബെന്‍റ്ലെ ബെന്‍റയേഗ.

പേരില്‍ തുടങ്ങുന്നു ബെന്‍റയേഗയുടെ പ്രത്യേകതകള്‍. സ്പെയിനിലെ ഗ്രാന്‍റ് കാനറി ദ്വീപില്‍ 4642അടി ഉയരമുള്ള ഒരു കൊടുമുടിയുണ്ട്. പേര് ബെന്‍റയേഗ. എല്ലാ വമ്പന്മാരേയും അട്ടിമറിക്കാനൊരു എസ്.യു.വി നിര്‍മ്മിക്കാന്‍ ബെന്‍റ്ലെ തീരുമാനിച്ചപ്പോള്‍ ഈ പേരല്ലാതെ മറ്റൊന്നും അവരുടെ മുന്നിലുണ്ടായിരുന്നില്ല. ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി എസ്.യു.വി എന്ന വിശേഷണവുമായത്തെുന്ന ബെന്‍റയേഗ നിര്‍മ്മിച്ചിരിക്കുന്നത് ഫോക്സ്വാഗന്‍െറ പ്രശസ്തമായ എം.എല്‍.ബി ഇവോ പ്ളാറ്റ്ഫോമിലാണ്. പുതിയ ഓഡി ക്യൂ സെവനും ഇതില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബെന്‍റ്ലെ കാറുകളായ കോണ്ടിനന്‍റല്‍, മുള്‍സെന്‍, ഫ്ളയിങ്ങ്സ്പര്‍ തുടങ്ങിയവയുമായി ബെന്‍റയേഗക്ക് ചില രൂപസാദൃശ്യങ്ങളൊക്കെയുണ്ട്. ഗ്രില്ലുകള്‍, ഇരട്ടക്കുഴല്‍ ഹെഡ്ലൈറ്റുകള്‍ എന്നിവ ഏകദേശം സമാനമാണ്. മുന്നില്‍ വലിയ സ്കിഡ്പ്ളേറ്റുകളുണ്ട്. 22ഇഞ്ച് അലോയ് വീലുകള്‍ എന്ന് പറയുമ്പോള്‍ വലുപ്പം ഊഹിക്കാം.

പിന്നില്‍ നിന്ന് നോക്കിയാല്‍ പുതിയ ക്യൂ സെവനുമായി ചില സാമ്യങ്ങളൊക്കെയുണ്ട്. വാഹനത്തിന്‍െറ ഭൂരിഭാഗം ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് അലൂമിനിയം ഉപയോഗിച്ചാണ്. ഈ പടുകൂറ്റന്‍ വാഹനത്തിന്‍െറ ബോഡിറോള്‍ ഒഴിവാക്കാന്‍ ഡൈനാമിക് റൈഡ് എന്ന സംവിധാനവുമുണ്ട്. അകത്തളം ആഢംബരത്തിന്‍െറ നിലക്കാത്ത കാഴ്ച്ചയാണൊരുക്കുന്നത്. ഡാഷ്ബോര്‍ഡിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ബെന്‍റ്ലെ ലോഗോ ഓര്‍മ്മിവരും. ചിറകുവിരിച്ച ലോഗോക്ക് സമാനമാണ് ഡാഷിന്‍െറ രൂപകല്‍പ്പന. വെട്ടിത്തിളങ്ങുന്ന ക്രോം ഫിനിഷാണെവിടെയും. ഉപയോഗിച്ചിരിക്കുന്നതാകട്ടെ ഏറ്റവും വിലകൂടിയ ലെതറും. സീറ്റുകള്‍ 22 തരത്തില്‍ ക്രമീകരിക്കാം. വ്യക്തമായ കാഴ്ച്ചക്ക് മിനറല്‍ ഗ്ളാസുകളോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. പുത്തന്‍പുതിയ എയര്‍ സസ്പെന്‍ഷന്‍ എവിടേയും സുഖ സവാരി ഉറപ്പാക്കും. വാഹനത്തിന്‍െറ ഉയരം ഇലക്ട്രോണിക് ആയി ക്രമീകരിക്കാനാകും.

ഈ കാളക്കൂറ്റന് കരുത്ത് നല്‍കുന്നത് 6.0ലിറ്റര്‍ ഇരട്ട ടര്‍ബോ W12 എഞ്ചിനാണ്. 608ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 1350 ആര്‍.പി.എം മുതല്‍ അനസ്യൂതം ലഭിക്കുന്ന കരുത്താണ് പ്രത്യേകത. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. ബെന്‍റ്ലെ പറയുന്നത് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്ററിലത്തെിയാല്‍ ബെന്‍റയേഗക്ക് നാല് സെക്കന്‍ഡ് മതിയെന്നാണ്. ഏറ്റവും ഉയര്‍ന്ന വേഗത 301കിലോമീറ്റര്‍. ലോകത്തിലെ ഏറ്റവും വേഗതകൂടിയ എസ്.യു.വിയാണിത്. ഇന്ത്യയിലും ബെന്‍റയേഗ ലഭ്യമാണ്. നിലവില്‍ 20 എണ്ണം മാത്രമാണ് നമ്മുക്കായി നിര്‍മ്മിക്കുന്നത്. ഡല്‍ഹി എക്സ്ഷോറും വില 3.85 കോടി. ബെന്‍റ്ലേയുടെ മുഖ്യ എതിരാളിയായ റോള്‍സ് റോയ്സും എസ്.യു.വി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അങ്ങിനെയെങ്കില്‍ മത്സരം കനക്കുമെന്ന് ഉറപ്പാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.