ഇന്നോവയുടെ തലമുറ മാറ്റം


പണ്ടുപണ്ട്, എന്ന് പറഞ്ഞാല്‍ 18 വര്‍ഷം മുമ്പ് ടൊയോട്ട എന്ന ജപ്പാന്‍ വാഹന കമ്പനി ഇന്ത്യയിലേക്ക് വന്നു. ഇവിടെ അവര്‍ക്ക് കൂട്ട് കിര്‍ലോസ്കര്‍ എന്ന് വിളിക്കുന്ന പഴമുറക്കാരനായിരുന്നു. 1888ല്‍ സ്ഥാപിതമായ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പമ്പുകളും വാല്‍വുകളും മറ്റ് നിരവധി ഉല്‍പന്നങ്ങളും ഉണ്ടാക്കുന്ന കമ്പനിയാണ് കിര്‍ലോസ്കര്‍. ആഗോള വാഹന ഭീമന്‍െറ വരവ് എതിരാളികള്‍ പേടിയോടെയാണ് കണ്ടിരുന്നത്. 1999കളില്‍ ടൊയോട്ട വലിയൊരു പരസ്യ പ്രചാരണം ആരംഭിച്ചു. അന്ന് ടൊയോട്ടയുടെ ടാഗ്ലൈന്‍ ‘തൊട്ടറിയുക’(ടച്ച് ആന്‍ഡ് ട്രൈ) എന്നായിരുന്നു. വാഹന പ്രേമികള്‍ കാത്തിരുന്നു, ടൊയോട്ടയെ തൊടാനും അറിയാനും. 2000 ജനുവരിയില്‍ ആ അവസരം വന്നുചേര്‍ന്നു. ആ വര്‍ഷമാണ് ടൊയോട്ട ക്വാളിസിനെ പുറത്തിറക്കിയത് (ക്വാളിറ്റി സര്‍വീസ് എന്നതിന്‍െറ ചുരുക്കരൂപമാണ് ക്വാളിസ്). വാഹനം കണ്ട എതിരാളികള്‍ തലയറഞ്ഞ് ചിരിച്ചു. പെട്ടി രൂപത്തില്‍ ടയര്‍ പിടിപ്പിച്ച പഴഞ്ചന്‍ വാഹനം. എന്നാല്‍ വാഹനം തൊട്ടും അറിഞ്ഞും മനസിലാക്കിയ ഉപഭോകതാക്കള്‍ ക്വാളിസിനെ ഏറ്റെടുത്തു. പിന്നെ ചിരി ടൊയോട്ടക്കായിരുന്നു. ക്വാളിസ് ഭാരതീയ മനസിലേക്ക് കത്തിക്കയറി.

വര്‍ഷം 2005. ക്വാളിസ് വില്‍പ്പനയില്‍ കുതിക്കുന്ന സമയം. ടൊയോട്ട  ആ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകരും എതിരാളികളും ഒരുപോലെ ഞെട്ടി. ക്വാളിസ് പിന്‍വലിക്കുന്നു. പകരം ഇന്നോവയെന്ന എം.പി.വി പുറത്തിറക്കും. ഇന്നോവ വന്നപ്പോള്‍ ശത്രുക്കള്‍ വീണ്ടും കളിയാക്കി. കൂറ്റന്‍ രൂപവും ചന്തമില്ലായ്മയും തുറിച്ച് നോക്കുന്നൊരു വാഹനം. നഗര യാത്രകളില്‍ ഇവന്‍ വരുത്താവുന്നു കുഴപ്പങ്ങളെപറ്റി ഓട്ടോമൊബൈല്‍ വിശാരദന്‍മാര്‍ പറഞ്ഞുകൊണ്ടിരുന്നു. എങ്ങിനെ വളക്കും, ആര് തിരിക്കും, എവിടെ ഒതുക്കും എന്നൊക്കെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. എന്നാല്‍ അവസാന ചിരി ടൊയോട്ടക്കൊപ്പമായിരുന്നു. അമീര്‍ ഖാനെന്ന ബോളിവുഡ് ഐക്കണെ ഇറക്കി ആരംഭിച്ച പരസ്യതന്ത്രം പോലും പിന്നീട് തുടരേണ്ടി വന്നില്ല. ഓടിച്ചവര്‍ പറഞ്ഞ് പറഞ്ഞ് ഇന്നോവ ഒരു ഇതിഹാസമായി. ചരിത്രം പല രൂപത്തിലും ഭാവത്തിലും ആവര്‍ത്തിക്കുമെന്ന് പേടിച്ചിരുന്നവര്‍ ഉണ്ട്. ജനിച്ച് പത്താം വര്‍ഷത്തില്‍ ഇന്നോവയെങ്ങാനും ടൊയോട്ട പിന്‍വലിക്കുമോയെന്ന് ഭയപ്പെട്ടിരുന്നവര്‍ ആശ്വസിക്കുക. 2016ല്‍ പുതിയ തലമുറ ടൊയോട്ട ഇന്ത്യയിലത്തെും. പുത്തന്‍ ഇന്നോവയുടെ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അടിസ്ഥാന രൂപത്തിനല്ല വിശദാംശങ്ങളിലാണ് മാറ്റങ്ങളിലധികവും. മുന്നിലെ വലിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലില്‍ വലിയ രണ്ട് ക്രോം ബാറുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഡബിള്‍ ബാരല്‍ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളില്‍ ഡെ ടൈം എല്‍.ഇ.ഡിയും പിടിപ്പിച്ചു. വലിയ എയര്‍ഡാം, പുത്തന്‍ ഫോഗ് ലാംമ്പുകള്‍ എന്നിവ ആകര്‍ഷകങ്ങളാണ്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ പഴയ വലിയ പെട്ടിരൂപം തന്നെയാണ് മുഴച്ച് നില്‍ക്കുന്നത്. ഗ്ളാസ് ഏരിയകള്‍ പരിഷ്കരിച്ചു.

വശങ്ങളില്‍ രണ്ട് വ്യക്തമയ ക്യാരക്ടര്‍ ലൈനുകള്‍ കൊടുത്തിട്ടുണ്ട്. ആദ്യത്തേത് വിന്‍ഡോക്ക് താഴെ പിന്നില്‍ നിന്നാരംഭിച്ച് ബോണറ്റ് വഴി ഹെഡ്ലൈറ്റിലത്തെും. രണ്ടാമത്തേത്  ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് താഴെ പിന്നില്‍ നിന്നാരംഭിച്ച് മുന്‍ വീല്‍ ആര്‍ച്ചുകളുമായി ചേരുന്നു. ഇന്നാവയുടെ പ്ളാറ്റ്ഫോമിന് മാറ്റമുണ്ടാകില്ളെന്നാണ് സൂചന. ടൊയോട്ട ഹെലിക്സ് ട്രക്കുകളും ഫോര്‍ച്യൂണറും പങ്കുവെക്കുന്ന ഇന്‍റര്‍നാഷണല്‍ മള്‍ട്ടി പര്‍പ്പസ് പ്ളാറ്റ്ഫോം നിലനിര്‍ത്തും. ടൊയോട്ടയുടെ തന്നെ പുതിയ ഗ്ളോബല്‍ ആര്‍ക്കിടെക്ചര്‍ പ്ളാറ്റ്ഫോം വരനുള്ള സാധ്യത വിദൂരമാണ്. അകവശത്ത് കൂടുതല്‍ സ്ഥല സൗകര്യം പ്രതീഷിക്കുന്നുണ്ട്. മൂന്നാമത്തെ നിര സീറ്റീകള്‍ വിശാലമാകാനുള്ള സാധ്യതയും തള്ളിക്കളയയാനാകില്ല. കൂടുതല്‍ ഇനധന ക്ഷമതക്കായി ട്യൂണ്‍ ചെയ്ത എഞ്ചിനുമായി 2016 ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ ഇന്നോവയത്തെും.       

ടി.ഷബീര്‍   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.