ക്രോസുകളിലെ മൗലികന്‍; ഐ20 ആക്ടിവ്

ഹാച്ച്ബാക്, സെഡാന്‍, എസ്.യു.വി, എം.യു.വി തുടങ്ങി നിരവധി വാഹന വിഭാഗങ്ങളുണ്ട്. പണ്ടൊക്കെ ഈ പേരുകളില്‍ നിര്‍ണിത ഘടനയും രൂപവും ഭാവവുമുള്ള ഉല്‍പന്നങ്ങളാണ് പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴങ്ങനെയല്ല കാര്യങ്ങള്‍. കുഞ്ഞന്‍ സെഡാനുകള്‍, നീണ്ട ഹാച്ച്ബാക്കുകള്‍, മിനി എസ്.യു.വികള്‍, എല്‍.യു.വി (ലൈഫ് യുട്ടിലിറ്റി വെഹിക്ക്ള്‍)കള്‍ എന്നിങ്ങനെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനിടെ നാം കേള്‍ക്കുന്ന ഒന്നാണ് ക്രോസ് ഓവറുകള്‍. ഈ പേരില്‍ ചില വാഹനങ്ങള്‍ വരികയുണ്ടായി. വിചിത്ര രൂപവും കൂട്ടിച്ചേര്‍ക്കലുകളും തൊങ്ങലുകളുമുള്ള ഇവ ചിലര്‍ക്കെങ്കിലും ഇഷ്ടമാവുകയും സ്വന്തമാവുകയും ചെയ്തു. ലളിതമായി പറഞ്ഞാല്‍ എസ്.യു.വികളുടെ പ്രത്യേകതകളും കാറുകളുടെ സുഖസൗകര്യങ്ങളുമുള്ള വാഹനമാണ് ക്രോസുകള്‍. എസ്.യുവികളുടെ സ്വഭാവമായ ഉയര്‍ന്ന ഇരിപ്പ്, കൂടിയ ഗ്രൗണ്ട് ക്ളിയറന്‍സ്, മികച്ച വലിപ്പം, ഓള്‍വീല്‍ഡ്രൈവ് പോലെയുള്ള സംവിധാനങ്ങള്‍ ഈ ജനുസിന്‍െറ സവിശേതകളാണ്. ഒപ്പം പ്ളാറ്റ്ഫോമിലും, കൈകാര്യത്തിലും, ഇന്ധനക്ഷമതയിലും കാറുകളോടാണ് കൂട്ട്.

നല്ല ഒന്നാംതരം ക്രോസ് ഓവറുകള്‍ക്ക് ഉദാഹരണമാണ് ഹോണ്ട സി.ആര്‍.വി, ടൊയോട്ട ഹൈലാന്‍ഡര്‍, ഫോര്‍ഡ് എക്സ്പ്ളോറര്‍ തുടങ്ങിയവ. എന്നാല്‍, കാറുകളായിവന്ന് ക്രോസുകളായി രൂപാന്തരപ്പെടുന്ന വാഹനങ്ങളുമുണ്ട്. ഇതാണ് നാം ഈയിടെ പരിചയപ്പെട്ട ഫോക്സ്വാഗണ്‍ ക്രോസ് പോളോ, ടൊയോട്ട എറ്റിയോസ് ക്രോസ്്, ഫിയറ്റ് അവെഞ്ച്യൂറ തുടങ്ങിയവ. ഇതില്‍ പലതും ഉപഭോക്താവിനെ വിദഗ്ദ്ധമായി പറ്റിക്കുന്ന സാധനങ്ങളാണ്. ചില ഫാന്‍സി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി നീളം വര്‍ധിപ്പിച്ചും ഉയരം കൂട്ടിയതായി തോന്നിച്ചും നടത്തുന്ന തട്ടിപ്പുകള്‍. ഇതിനിടയിലേക്കാണ് ഹ്യൂണ്ടായ് i20 ആക്ടിവ് എന്ന ക്രോസിനെ അവതരിപ്പിക്കുന്നത്. ഇതും സ്വതന്ത്ര നിര്‍മാണമൊന്നുമല്ല. പുത്തന്‍ എലൈറ്റ് i20 യാണ് ആക്ടിവ് ആയി പരിഷ്കരിച്ചിരിക്കുന്നത്. എന്നാലിവ മൗലികമായ ചില ക്രോസ്ഓവര്‍ ഗുണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. 


പ്രത്യേകതകള്‍
ക്ളാഡിങ്ങുകള്‍, സ്കിഡ് പ്ളേറ്റുകള്‍, റൂഫ് റെയില്‍ തുടങ്ങി ക്രോസുകള്‍ക്ക് വേണ്ടതെല്ലാം ആക്ടിവിലുണ്ട്. എന്നാല്‍, കാതലായ മാറ്റം ഗ്രൗണ്ട് ക്ളിയറന്‍സിലാണ്. എലൈറ്റിന്‍െറ 170എം.എം എന്നത് ആക്ടിവിലത്തെിയപ്പോള്‍ 190 ആയി. മോശം റോഡുകളും കല്ല് നിറഞ്ഞ പാതകളും ഇവന്‍ അത്യാവശ്യം താണ്ടുമെന്നര്‍ഥം. വലിയ 16ഇഞ്ച് വീലുകള്‍ നല്ല കാഴ്ചസുഖം നല്‍കും. പുത്തന്‍ ബമ്പറുകളാണ് മുന്നിലും പിന്നിലും. വലിയ ഉരുണ്ട ഫോഗ് ലാംബുകള്‍ ആകര്‍ഷകം. ഹെഡ്ലൈറ്റ് ക്ളസ്ചറില്‍ കാര്യമായ മാറ്റമുണ്ട്. യൂറോപ്യന്‍ 120യെ അനുസ്മരിപ്പിക്കുന്ന പ്രൊജക്ടര്‍ ബീം കോര്‍ണറിങ്ങ് ലൈറ്റുകള്‍, ഒപ്പം എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ്ങ് ലാമ്പും ചേരുമ്പോള്‍ മുന്‍കാഴ്ച ആസ്വാദ്യകരം. സി പില്ലറിന്(പുറകിലെ ഗ്ളാസിനോട് ചേര്‍ന്ന ഭാഗം)നല്‍കിയിരിക്കുന്ന കറുത്ത മിനുക്ക്പണി വശങ്ങളിലെ പ്രധാന മാറ്റമാണ്. ഉള്ളിലത്തെിയാല്‍ സ്പോര്‍ട്ടി ലുക്കാണ് മുഴച്ച് നില്‍ക്കുന്നത്. അല്‍പ്പം ഇരുണ്ട കളര്‍ തീമാണ് ഉള്ളില്‍ മൊത്തം. ചിലയിടങ്ങളില്‍ ഓറഞ്ച് ഫിനിഷുമുണ്ട്. ഉദാ: ഗിയര്‍ ലിവര്‍,സീറ്റുകളുടെ വശം, എ.സി വെന്‍െറുകള്‍, ഓഡിയോ സിസ്റ്റം.


എലൈറ്റും ആക്ടിവും തമ്മില്‍ എന്‍ജിനില്‍ വിത്യാസമില്ല. എന്നാല്‍, ഹ്യൂണ്ടായ് പറയുന്നത് ചില അഴിച്ചുപണികള്‍ ആക്ടിവിനായി വരുത്തിയിട്ടുണ്ടെന്നാണ്. ഗിയര്‍ മാറ്റമുള്‍പ്പെടെ കാര്യക്ഷമമായി. ഇത് ഇന്ധനക്ഷമതയെ ബാധിച്ചിട്ടുണ്ട്. എലൈറ്റിനേക്കാള്‍ അല്‍പ്പം കുറവാണ് ആക്ടിവിന്‍െറ മൈലേജ്. ഡീസലില്‍ എലൈറ്റിന് 22.54km/l കിട്ടുമ്പോള്‍ ആക്ടിവിനത് 21.19ആണ്. പെട്രോളിലത്തെിയാല്‍ ഇവ യഥാക്രമം 18.6ഉം 17.19ഉം ആണ്. ഏറ്റവും കുറഞ്ഞ മോഡല്‍ ഡീസല്‍ ആക്ടിവിന്‍െറ വില എട്ട് ലക്ഷമാണ്. പെട്രോളാണങ്കില്‍ 6.7 ലക്ഷം. എലൈറ്റിനേക്കാള്‍ ഒരു ലക്ഷം കുടുതലാണിത്. സാധാരണ ഒരു കാര്‍ എന്ന സങ്കല്‍പ്പം ഉള്ളവര്‍ക്കുള്ള വാഹനമല്ല i20 ആക്ടിവ്. വ്യത്യസ്തത ആഗ്രഹിക്കുന്ന അതിനല്‍പ്പം പണം മുടക്കാന്‍ താല്‍പര്യമുള്ളവരെയാണ് ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്.   
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.