പി.എം ഇ-ഡ്രൈവ് സ്കീം
ന്യൂഡൽഹി: പൊതുമേഖല ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ഘന വ്യവസായ മന്ത്രാലയം. പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ് സ്കീം (PM E-DRIVE) പ്രകാരം രാജ്യത്ത് നിർമിക്കുന്ന ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്കാണ് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് പ്രകാരം ഇരുചക്രവാഹനം, മുച്ചക്രവാഹനം, പാസഞ്ചർ വാഹനങ്ങൾ, ട്രക്കുകൾ എന്നിവക്കുള്ള ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നതിനായി 10,999 കോടി രൂപയാണ് പി.എം ഇ-ഡ്രൈവ് സ്കീം വഴി മാറ്റിവെച്ചിട്ടുള്ളത്.
കെയർഎഡ്ജ് റേറ്റിങ് പ്രകാരം 2025 സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ മാത്രം രാജ്യത്ത് 26,000ത്തിലധികം പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുണ്ട്. 2022-2025 സാമ്പത്തിക വർഷത്തിനിടയിലാണ് രാജ്യത്ത് 72% ശതമാനത്തോളം പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നത്. നിലവിൽ രാജ്യത്ത് 235 ഇലക്ട്രിക് വാഹനങ്ങൾക്ക് (ടു-വീലർ, ത്രീ-വീലർ, പാസഞ്ചർ വാഹനങ്ങൾ, ട്രക്കുകൾ) ഒരു ചാർജിങ് സ്റ്റേഷൻ എന്ന നിലയിൽ ചാർജിങ് സൗകര്യം ലഭ്യമാണ്.
സർക്കാർ മന്ത്രാലയങ്ങൾ, സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്, സംസ്ഥാന, യൂനിയൻ പ്രദേശങ്ങളിലെ ഏജൻസികൾ എന്നിവർക്ക് പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ നിർദേശങ്ങൾ സമർപ്പിക്കാനുള്ള യോഗ്യത. ഈ സ്ഥാപനങ്ങൾക്ക് നേരിട്ട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. അല്ലെങ്കിൽ കരാറുകൾ കൈകാര്യം ചെയ്യുന്നതിന് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരെ ഏൽപ്പിക്കാനും ഈ സ്ഥാപങ്ങൾക്ക് കഴിയും.
രാജ്യത്തെ ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ, സ്മാർട്ട് സിറ്റികൾ, സാറ്റ്‌ലൈറ്റ് നഗരങ്ങൾക്കൊപ്പം പ്രധാന മെട്രോ നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിച്ച് യാത്ര സുഖമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എം ഇ-ഡ്രൈവ് സ്കീം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ദേശീയ പാതകൾ, വ്യവസായ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, സംസ്ഥാന തലസ്ഥാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലും ചാർജിങ് സ്റ്റേഷനുകൾ നിർമിക്കും.
വൈദ്യുതി മന്ത്രാലയം 2024ൽ അവതരിപ്പിച്ച നിർദേശങ്ങൾ പ്രകാരമാണ് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ സാധിക്കുക. ചെറു ഇലക്ട്രിക് വാഹനങ്ങൾക്ക് DC (IS-17017-2-6), AC/DC കോംബോ (IS-17017-2-7) തുടങ്ങിയ മാനദണ്ഡങ്ങൾ ബാധകമാകും. അതേസമയം ഭാരമേറിയ വാഹനങ്ങൾക്ക് 50 kW മുതൽ 500 kW വരെ ശേഷിയുള്ള CCS-II കണക്ടറുകൾ ഉപയോഗിക്കാം.
അപ്‌സ്ട്രീം ഇൻഫ്രാസ്ട്രക്ചറിനും ഇലക്ട്രിക് വാഹന വിതരണ ഉപകരണങ്ങൾക്കും പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കും. യോഗ്യതയുള്ള സ്ഥാപനങ്ങളെ അവയുടെ സ്ഥലങ്ങൾ അടിസ്ഥാനമാക്കി തരംതിരിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ തുടങ്ങിയ 'എ' വിഭാഗത്തിലുള്ള സ്ഥലങ്ങളിലെ രണ്ട് ഘടകങ്ങൾക്കും 100 ശതമാനം സബ്‌സിഡി ലഭിക്കും.
വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, പൊതു നിയന്ത്രണത്തിലുള്ള ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ 'ബി' കാറ്റഗറി സ്ഥലങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും ഇ.വി.എസ്.ഇ.യിൽ 70 ശതമാനവും സബ്‌സിഡി ലഭിക്കും.
ഷോപ്പിങ് മാളുകൾ അല്ലെങ്കിൽ മാർക്കറ്റ് കോംപ്ലക്സുകൾ പോലുള്ള 'സി' വിഭാഗത്തിലുള്ള സ്ഥലങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളിൽ 80 ശതമാനം സബ്‌സിഡിക്കും അർഹതയുണ്ട്. സബ്‌സിഡി കണക്കാക്കുന്നതിനുള്ള ബെഞ്ച്മാർക്ക് ചെലവുകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 50 കിലോവാട്ട് അടിസ്ഥാന സൗകര്യങ്ങൾക്ക് 6.04 ലക്ഷം മുതൽ 150 കിലോവാട്ടിന് മുകളിലുള്ള ഇൻസ്റ്റാളേഷനുകൾക്ക് 24 ലക്ഷം വരെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.