പ്രതീകാത്മക ചിത്രം 

ഇലക്ട്രിക് വാഹനങ്ങൾക്ക് കെട്ടികിടക്കുന്ന സബ്സിഡി നൽകാൻ 140 കോടി രൂപ അനുവദിച്ച് സർക്കാർ; തീരുമാനം ഹൈകോടതി വിമർശനത്തിന് പിന്നാലെ

ന്യൂഡൽഹി: രണ്ടുവർഷമായി കെട്ടികിടക്കുന്ന സബ്സിഡി ആനുകൂല്യങ്ങൾ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് നൽകാനായി 140 കോടിരൂപ അനുവദിച്ചതായി ഡൽഹി സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി പങ്കജ് സിങാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കെട്ടികിടക്കുന്ന സബ്‌സിഡികൾ അടിയന്തരമായി തീർപ്പാകാക്കണമെന്ന ഹരജി പരിഗണിച്ച ഹൈകോടതി സെപ്റ്റംബർ മൂന്നിന് നടന്ന വാദത്തിൽ ഡൽഹി സർക്കാരിന് മുന്നറിയിപ്പ് നൽകിയതിന്റെ ഭാഗമായാണ് സർക്കാർ കെട്ടികിടക്കുന്ന സബ്‌സിഡികൾ തീർക്കാനുള്ള തീരുമാനത്തിലെത്തിയത്.

കാലപ്പഴക്കം ചെന്ന ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഡൽഹിയിൽ നിരോധിക്കുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പകരം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ഈ തീരുമാനത്തിൽ വാഹനം വാങ്ങിയവർക്ക് ലഭിക്കേണ്ട സബ്സിഡി സർക്കാർ നൽകാത്തതിൽ വിമർശനവുമായാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.

ഡൽഹി ഇലക്ട്രിക് വാഹന പോളിസി 2020 മുൻനിർത്തി ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗഡേല എന്നിവരാണ് കെട്ടികിടക്കുന്ന സബ്‌സിഡികൾ ഉടൻ നൽകണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. തുടർന്ന് മുൻഗണന അനുസരിച്ച് ഗുണഭോക്താക്കളുടെ ലിസ്റ്റ് സർക്കാർ തയായരാക്കിയതായി പങ്കജ് സിങ് പറഞ്ഞു.

മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മദ്യനയ പോളിസി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നതുകൊണ്ടാണ് സർക്കാർ സബ്സിഡികളിൽ കാലതാമസം ഉണ്ടായതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അദ്ദേഹത്തിന്റെ അസാന്യത്തിൽ കാബിനറ്റ് യോഗങ്ങൾ നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

2020 ആഗസ്റ്റിൽ നിലവിൽ വന്ന ഇ.വി പോളിസി അനുനസരിച്ച് ആം ആദ്മി സർക്കാർ 2.19 ലക്ഷം വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകിയിട്ടുണ്ട്. അതിൽ 1.09 ലക്ഷം ഇരുചക്ര വാഹനങ്ങളും 83,724 മുച്ചക്ര വാഹനങ്ങളും ഉൾപ്പെടും. 2023വരെ സർക്കാർ 177 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിരുന്നു. 2023 ആഗസ്റ്റ് മുതലാണ് സബ്സിഡി നൽകുന്നതിൽ തടസ്സം നേരിട്ടത്. ഇലക്ട്രിക് വാഹന നയം 2.0 രൂപീകരിക്കുന്നതിനായി മന്ത്രി ആശിഷ് സൂദിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഇ.വി പോളിസി 2026 മാർച്ച് 31 കാലാവധി നീട്ടിയിട്ടുണ്ട്.

Tags:    
News Summary - Government allocates Rs 140 crore to clear pending subsidy for electric vehicles; decision comes after High Court criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.