യാത്രകളിൽ ഉറങ്ങുന്നവരാണോ നിങ്ങൾ; ഉറക്കം സുഖകരമാക്കാൻ ഈ നുറുങ്ങുകൾ പ്രയോഗിക്കൂ

കാറിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. യാത്രയിലെ ബോറടി മാറ്റാനും അമിത ക്ഷീണം ഒഴിവാക്കാനുമെല്ലാം ഈ ഉറക്കം സഹായിക്കും. എന്നാൽ യാത്രയിലെ ഉറക്കം അത്ര സുഖകരമായിരിക്കില്ല എന്നതൊരു പ്രശ്നമാണ്. ചലിക്കുന്ന വാഹനത്തിൽ ഇരുന്ന ഉറങ്ങുന്നതാണിതിന് കാരണം. വാഹനയാത്രയിലെ ഉറക്കം സുഖകരമാക്കാനുള്ള ചില നുറുങ്ങുവിദ്യകൾ പരിശോധിക്കാം.

സുഖകരമായ വസ്ത്രം തിരഞ്ഞെടുക്കാം

യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ നല്ല കംഫര്‍ട്ടായ സുഖകരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഷൂസ് അഴിച്ചുമാറ്റി അഴഞ്ഞ രീതിയിലുള്ള ടീ-ഷര്‍ട്ടോ പാന്റാ ഷോര്‍ട്‌സോ ധരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ലൈറ്റ്‌വെയ്റ്റ് കോട്ടന്‍ വസ്ത്രങ്ങള്‍, സില്‍ക്ക്, ലിനന്‍ വസ്ത്രങ്ങള്‍ എന്നിവയും യാത്രകള്‍ക്ക് അനുയോജ്യമാണ്.

സീറ്റ്‌ബെല്‍റ്റ് ഒരിക്കലും ഒഴിവാക്കരുത്

യാത്രയിലുടനീളം സുരക്ഷിതരായിരിക്കാന്‍ എല്ലായ്പ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. സീറ്റ്‌ബെല്‍റ്റ് ധരിച്ച് നെരെ സീറ്റിലിരുന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കുക. സീറ്റ് ബെല്‍റ്റ് അഴിച്ച് പിറകോട്ട് ചാരികിടക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇങ്ങനെ കിടക്കാന്‍ സുഖമാണെങ്കിലും അത് അപകടകരമാണ്. ഒപ്പം തന്നെ സീറ്റ് ഒരുപാട് പിന്നിലേക്ക് റിക്ലൈന്‍ ചെയ്തിടരുത്. സീറ്റുകള്‍ നേരെയിട്ട് സീറ്റ് ബെല്‍റ്റ് ധരിച്ച് ഉറങ്ങുന്നതാണ് സുരക്ഷിതം. സീറ്റ് വളരെ പുറകിലേക്ക് ചാരിയിട്ട് ഉറങ്ങുമ്പോള്‍ ദൗര്‍ഭാഗ്യകരമായി വല്ല അപകടവും സംഭവിച്ചാല്‍ എയര്‍ബാഗിന്റെ പരിരക്ഷ ലഭ്യമായേക്കില്ല.


സ്ലീപ്പ് മാസ്‌ക് കൂടെ കരുതാം

യാത്രയില്‍ പുറത്ത് നിന്നുള്ള വെളിച്ചം ഉറക്കത്തിന് ഭംഗം വരുത്താതിരിക്കാന്‍ ഒരു സ്ലീപ്പ് മാസ്‌ക് കൂടെ കരുതാം. യാത്രക്കിടയിലെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങള്‍ ഗൗനിക്കാതെ മയങ്ങാന്‍ ഇത് ഉപകരിക്കും. ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.സ്ലീപ്പ് മാസ്‌ക് ധരിക്കുന്നത് പകല്‍ പോലും രാത്രിയിലെ പോലെ തന്നെ ശാന്തമായി ഉറങ്ങാന്‍ സഹായിക്കും. മര്‍ദ്ദം ഇല്ലാത്തതും മൃദുവാര്‍ന്നതും ശ്വസിക്കാന്‍ കഴിയുന്നതുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മികച്ച സ്ലീപ്പ് മാസ്‌കുകള്‍ ഇന്ന് വിണിയില്‍ വാങ്ങാന്‍ കിട്ടും. ഇത് ശബ്ദവും വെളിച്ചവും ഉറക്കത്തിന് തടയിടാതിരിക്കാന്‍ നല്ലതാണ്.

സ്ലീപ്പ് മാസ്‌ക് ധരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരു സണ്‍ഷെയ്ഡ് ഉപയോഗിക്കാവുന്നതാണ്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് കണ്ണിന് മുകളില്‍ അവ തടസ്സമായി അനുഭവപ്പെടുന്നവര്‍ക്കും സ്ലീപ്പ് മാസ്‌കിനേക്കാള്‍ കാറില്‍ സണ്‍ഷെയ്ഡ് ഉപയോഗിക്കുന്നതായിരിക്കും നല്ല ചോയ്‌സ്. കാറിനകത്തേക്ക് വെളിച്ചമടിക്കുന്നത് തടയാനുള്ള മറ്റൊരു മികച്ച മാര്‍ഗമാണിത്. സീറ്റിനടുത്തുള്ള വിന്‍ഡോയില്‍ ഇത് ഘടിപ്പിച്ചാല്‍ സൂര്യപ്രകാശം അടിക്കുന്ന പ്രശ്‌നം ഉണ്ടാകില്ല.


നെക്ക് പില്ലോ പരീക്ഷിക്കാം

നെക്ക് പില്ലോയാണ് മികച്ച ഉറക്കം സാധ്യമാകാന്‍ പരീക്ഷിക്കാവുന്ന മറ്റൊരു വസ്തു. നെക്ക് പില്ലോകള്‍ വിമാനത്തില്‍ മാത്രമല്ല കാര്‍ യാത്രകളിലും ഉപകാരപ്രദമാണ്. നെക്ക് പില്ലോകള്‍ നമ്മുടെ തല മുന്നോട്ട് വീഴുന്നതും ഉറക്കത്തില്‍ ചലിക്കുന്നതും തടയുന്നു. ഇത് കഴുത്തിന് താങ്ങായും യാത്രാസമയത്ത് നിവര്‍ന്നുനില്‍ക്കാനും സഹായിക്കും.

ഹെഡ്‌ഫോണും പുതപ്പും കരുതുക

നിങ്ങള്‍ ഒരു സംഗീത പ്രേമിയാണെങ്കില്‍ വാഹനയാത്രയിൽ ഹെഡ്ഫോൺ കരുതുക. ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി ഇഷ്ട സംഗീതം പ്ലേ ചെയ്ത് ചാഞ്ഞുറങ്ങം. കാറില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുമ്പോള്‍ ഒരുപക്ഷേ എയര്‍ കണ്ടീഷനിംഗിന്റെ കാര്യത്തില്‍ നമുക്ക് കടുംപിടുത്തം പിടിക്കാന്‍ സാധിക്കില്ല. അത്തരം സാഹചര്യത്തില്‍ തണുപ്പ് കൂടുതലാണെന്ന് തോന്നിയാല്‍ ഒരു കമ്പിളിയോ പുതപ്പോ ഉപയോഗിക്കാം അല്‍പ്പം ഭാരമുള്ള പുതപ്പായിരിക്കണം കൂടെ കരുതേണ്ടത്.

പുതപ്പിന് അത്യാവശ്യം ഭാരമുണ്ടെങ്കില്‍ ശാന്തമായി സമ്മര്‍ദ്ദമില്ലാതെ ഉറങ്ങാന്‍ പറ്റുമെന്ന ഗുണങ്ങളുണ്ട്. തലയിണയില്ലാതെ ഒരാൾക്ക് ഒരു മണിക്കൂറോളം കാറില്‍ ഉറങ്ങാന്‍ കഴിയും. എന്നാല്‍ ഇത് ഒരു ദീര്‍ഘദൂരയാത്രകളില്‍ അത് പറ്റിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ വേണമെങ്കില്‍ ഒരു ചെറിയ തലയിണ ഉപയോഗിക്കാം. സീറ്റിന് പുറകിലോ വിന്‍ഡോയുടെ വശത്തോ വെച്ച് ശാന്തമായി ഉറങ്ങാം.

Tags:    
News Summary - Not Able To Sleep Properly in car journeys? Here's some tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.