കാലവർഷം കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന ജാഗ്രതാ മുന്നറിയിപ്പുകൾ സർക്കാരും കാലാവസ്ഥ നിരീക്ഷണ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാതിരിക്കാൻ നമുക്ക് സാധിക്കില്ല. എന്നാലും മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
- സ്ഥിരമായി യാത്ര ചെയ്യുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ ഇറക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം റോഡിലെ ചെറിയ കുഴികൾ പോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം.
- മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കുക. സാധിക്കുമെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കുക. അത് ഇരുചക്രവാഹന യാത്രക്കാരുടെ റോഡിലെ സാന്നിധ്യം കൂട്ടും.
- മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച്കൊണ്ടുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കരുത്. അത് വാഹനമോടിക്കുന്ന ആളുടെ ബാലൻസ് നഷ്ട്ടപെടുത്താൻ സാധ്യതയുണ്ട്.
- മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാൻ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളിൽ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകൾ തിരിയുമ്പോൾ വേഗം നന്നേ കുറച്ച് വേണം തിരിയാൻ. കൂടാതെ സിഗ്‌നലുകൾ യഥാക്രമം പാലിച്ച് യാത്ര ചെയ്യുക.
- മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാൽനട യാത്രക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാൻ സാധ്യതയേറെയാണ്. അതിനാൽ റോഡിന്റെ ഇരുവശവും കൂടുതൽ ശ്രദ്ധിക്കുക.
- മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ആയതിനാൽ രാത്രികാലങ്ങളിൽ ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാൽ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാൽ കഴിയുന്നതും ഡിം ലൈറ്റ് ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകാൻ ബ്രൈറ്റ് മോഡ് ഉപയോഗിക്കാം.
- വേഗത പരമാവധി കുറച്ച് വാഹനമോടിക്കുക. റോഡുകളിൽ വെള്ളക്കെട്ട് കണ്ടാൽ ജാഗ്രത പാലിക്കുക. കാരണം വലിയ കുഴികളോ, മൂടിയില്ലാത്ത മാൻഹോളോ, ഓടയോ ഒക്കെ വെള്ളത്തിനടിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. അവയ്ക്ക് മുകളിലൂടെ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.