പുതിയൊരു ഇലക്ട്രിക് സ്കൂട്ടറുമായി സ്റ്റാർട്ടപ്പ് കമ്പനിയായ യുലു. വിൻ എന്ന് പേരിട്ടിരിക്കുന്ന വാഹനം ഒരു സ്ലോ-സ്പീഡ് സ്കൂട്ടർ ആണ്. ആദ്യ ഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമാവും ലഭ്യമാവുക. ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഇലക്ട്രിക് ടൂവീലറിന്റെ വിൽപ്പന ആരംഭിക്കും.
55,555 രൂപയുടെ പ്രാരംഭ വിലയിലാണ് യുലു വിൻ വിപണിയിലെത്തിയിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാം. ഈ തുക പൂർണമായും റീഫണ്ടബിൾ ആണെന്നും കമ്പനി പറയുന്നു. മെയ് പകുതി മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. പ്രാരംഭ കാലയളവിനു ശേഷം ആമുഖ വിലയിൽ 4,444 രൂപയുടെ വർധനവ് ഉണ്ടാവുകയും വിലകൾ 59,999 രൂപയായി നിശ്ചയിക്കുകയും ചെയ്യും.
യുലു വിൻ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല. മണിക്കൂറിൽ പതമാവധി 25 കി.മീ. വേഗത മാത്രമാണ് വാഹനത്തിനുള്ളത്. സ്‌കൂട്ടറിന്റെ റേഞ്ചും മറ്റ് വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. ബജാജ് ഓട്ടോയുടെ ഉപസ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് വിൻ നിർമിക്കുന്നത്. സ്കാർലറ്റ് റെഡ്, മൂൺലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ, ഓമനത്തമുള്ള വാഹനമാണിത്. ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ നഗര യാത്രകൾക്ക് യുലു വിൻ യോജ്യമായിരിക്കും. സിംഗിൾ സീറ്റ് സെറ്റപ്പാണ് മോഡലിനുള്ളത്.എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും കാണാം. ട്യൂബുലാർ ഫ്രെയിമിലാണ് വിൻ നിർമിച്ചിരിക്കുന്നത്. പിൻ വീലിന് കരുത്തേകുന്ന ഹബ് മോട്ടോറാണ് വാഹനത്തിന് തുടിപ്പേകുന്നത്.
സ്വാപ്പബിൾ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. യുലു മൊബൈൽ ആപ്പ്, OTA അപ്‌ഡേറ്റുകൾ, റിമോട്ട് വെഹിക്കിൾ ആക്‌സസ്, കീലെസ് ആക്‌സസ് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുത്‍വാഹനത്തിലുണ്ട്. 16 വയസ്സിന് മുകളിലുള്ള ആർക്കും ഡ്രൈവിങ് ലൈസൻസില്ലാതെ വിൻ ഓടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.