ജീപ്പ് കോംപസിന്റെ പെട്രോൾ മോഡലിന്‍റെ നിർമാണം കമ്പനി അവസാനിപ്പിച്ചു. ബി.എസ്. 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയർത്താനാവാത്തതാണ് പെട്രോൾ എൻജിൻ പിൻവലിക്കാൻ കാരണമെന്ന് ജീപ്പ് ഇന്ത്യ അറിയിച്ചു. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ (ഡി.സി.ടി) ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.4 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ മോഡലാണ് നിർത്തലാക്കിയത്. പെട്രോൾ മാനുവൽ വകഭേദത്തിന്റെ ഉൽപാദനം 2022 അവസാനത്തോടെ ജീപ്പ് നിർത്തിയിരുന്നു. ജീപ്പ് ഡീലർമാരും കോമ്പസ് പെട്രോളിനുള്ള ബുക്കിങ് അവസാനിപ്പിച്ചു. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും വാഹനം ഒഴിവാക്കി.
അന്താരാഷ്ട്ര വിപണിയിൽ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിൻ കമ്പനി നേരത്തെ നിർത്തലാക്കിയിരുന്നു. ഇതിനുശേഷം2020ൽ അന്താരാഷ്ട്ര വിപണിയിൽ എത്തിയ കോമ്പസിൽ 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ എത്തിയ മോഡലിൽ 1.4 ലീറ്റർ എൻജിൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ, ഇന്ത്യൻ വിപണിക്കായി മാത്രം 1.4 ലീറ്റർ എൻജിൻ ബി.എസ് 6 ഫെയ്സ് 2 ലേക്ക് ഉയർത്തുന്നത് വൻ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നതിനാലാണ് കമ്പനിയുടെ തീരുമാനം. 2026 ജീപ് കോംപസ് മോഡലിൽ പെട്രോള്‍ എൻജിൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌പോർട്, ലിമിറ്റഡ് (ഒ), മോഡൽ എസ് (ഒ) എന്നീ മൂന്ന് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസ് പെട്രോൾ ഉണ്ടായിരുന്നത്. 1.4 ലിറ്റർ മൾട്ടി എയർ ടർബോ എഞ്ചിൻ 160 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ചാണ് മോഡൽ പുറത്തിറക്കിയതെങ്കിലും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ (ഡി.സി.ടി) ആണ് പിന്നീട് വാഹനം ലഭ്യമായത്.
അതേസമയം, ജീപ്പ് കോമ്പസ് ഡീസൽ തുടർന്നും വിപണിയിൽ ലഭ്യമാകും. 168 ബി.എച്ച്.പി കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണിത്. 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഈ എഞ്ചിനുള്ളത്. 4x4 സംവിധാനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.