മഹീന്ദ്ര എക്സ്.ഇ.വി 9ഇ, ബി.ഇ 6 

എക്സ്.ഇ.വി 9ഇ, ബി.ഇ 6ഇ മോഡലുകൾ വിപണിയിൽ എത്തിയിട്ട് ഒരു വർഷം; മികച്ച ആനുകൂല്യത്തിൽ വാഹനം സ്വന്തമാക്കാം

ഇലക്ട്രിക് വാഹന മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ്.ഇ.വി 9ഇ, ബി.ഇ 6 മോഡലുകളുടെ ആദ്യ വാർഷികം പ്രമാണിച്ച് ഇരു മോഡലുകൾക്കും 1.55 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 20 വരെ ബുക്കിങ് നടത്തുന്ന ആദ്യ 5,000 ഉപഭോക്താക്കൾക്കാണ് വാർഷിക ആനുകൂല്യങ്ങൾ ലഭിക്കുക. ആനുകൂല്യങ്ങൾ കുറച്ചുള്ള വാഹനങ്ങളുടെ വില നവംബർ 26ന് പ്രഖ്യാപിക്കും.

മഹീന്ദ്ര ഡീലർഷിപ്പുകൾ ഡിസംബർ 20 വരെ വ്യത്യസ്ത ആനുകൂല്യങ്ങളും കിഴിവുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എക്സ്.ഇ.വി 9ഇ, ബി.ഇ 6 മോഡലുകൾക്ക് 30,000 രൂപ വിലയുള്ള ആക്‌സസറികൾ, 25,000 രൂപ വരെ കോർപ്പറേറ്റ് ബോണസ്, 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം, സൗജന്യ പബ്ലിക് ചാർജിങിന് 20,000 രൂപ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 50,000 രൂപ വിലമതിക്കുന്ന 7.2 kW AC ഫാസ്റ്റ് ചാർജറും ഓഫറിൽ ഉൾപ്പെടുന്നു. ഇതെല്ലം കണക്കാക്കിയാണ് 1.55 ലക്ഷം രൂപ വരെയുള്ള ആനുകൂല്യം കമ്പനി പ്രഖ്യാപിക്കുന്നത്.

18.9 ലക്ഷം രൂപയാണ് ബി.ഇ 6 മോഡലിന്റെ എക്സ് ഷോറൂം വില. പാക് വൺ മോഡലിൽ എത്തുന്ന ഈ വാഹനത്തിൽ 59 kWh ബാറ്ററി മഹീന്ദ്ര സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഒറ്റ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 26.9 ലക്ഷം രൂപയാണ് ഹൈ-എൻഡ് പാക് വകഭേദത്തിന്റെ എക്സ് ഷോറൂം വില. ഇതിൽ 79 kWh ബാറ്ററി സജ്ജീകരണം ഒറ്റചാർജിൽ 682 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബി.ഇ 6നെ അപേക്ഷിച്ച് കുറച്ചധികം ഫീച്ചറുകളോടെയാണ് എക്സ്.ഇ.വി 9ഇ വിപണിയിൽ എത്തുന്നത്. 21.9 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 30.5 ലക്ഷം രൂപയും (എക്സ് ഷോറൂം). എക്സ്.ഇ.വി 9ഇ മോഡലിൽ 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭിക്കുന്നു. ആദ്യ ബാറ്ററി ഒറ്റ ചാർജിൽ 542 കിലോമിറ്ററും രണ്ടാമത്തെ ബാറ്ററി ഒറ്റ ചാർജിൽ 656 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാർഷിക ആനുകൂല്യത്തിൽ വാഹനം സ്വന്തമാക്കുന്നവർക്ക് 7.2kW എസി ഫാസ്റ്റ് ചാർജർ സൗജന്യമായി ലഭിക്കുന്നു. കൂടാതെ 11.2 kW എസി ഫാസ്റ്റ് ചാർജർ 75,000 രൂപ നൽകി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 

Tags:    
News Summary - XEV 9E and BE 6 models hit the market; you can own the vehicle at great benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.