ഇലക്ട്രിക് ബൈക്കിന് 50,000 രൂപയുടെ വിലക്കിഴിവ്; പരിസ്ഥിതി വാരത്തിൽ ഞെട്ടിച്ച് മാറ്റർ ഇ.വി

രാജ്യത്തെ ആദ്യ ഗിയറുള്ള ഇ-ബൈക്ക് നിർമിച്ച് കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമാതാക്കളായ മാറ്റർ ഇവി. റിവോൾട്ടും ടോർക്കും അൾട്രാവയലറ്റും അരങ്ങുവാഴുന്നിടത്തേക്ക് ഗിയർബോക്‌സുള്ള മോഡലായി മാറ്റർ ഇവി എത്തിയത് പുതിയ തുടക്കമായിരുന്നു. മാറ്റർ എയ്റ എന്നായിരുന്നു ഈ ബൈക്കിന് പേര് നൽകിയത്. എയ്റ മോഡലിന് ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക പരിസ്ഥിതി വാരത്തോട് അനുബന്ധിച്ചാണ് എയ്റ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണിക്ക് 50,000 രൂപ വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഓഫറിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൌണ്ടും 20,000 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി മാറ്റർ കെയർ പാക്കേജുമാണ് ഉൾപ്പെടുന്നത്. 2023 ജൂൺ 5 വരെയാണ് ഓഫറിന് സാധുതയുള്ളത്. ഇതിനുശേഷം FAME II സബ്‌സിഡിയിൽ വരുത്തിയ ഭേദഗതി കമ്പനി ഉൾപ്പെടുത്തുന്നതിനാൽ മാറ്റർ എയ്റ 5000, 5000 പ്ലസ് മോഡലുകളുടെ വില 30,000 രൂപ വീതം വർധിപ്പിക്കും.

നിലവിൽ എയ്റ ബൈക്കുകൾ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ബൈക്കുകൾ ടോക്കൺ തുകയായ 999 രൂപ നൽകി ബുക്ക് ചെയ്യാം. മാറ്റർ ഇവിയുടെ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ഓട്ടോക്യാപിറ്റൽ എന്നിവ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് ബുക്ക് ചെയ്യാൻ അവസരമുണ്ട്. സെപ്റ്റംബർ മുതൽ എയ്റ ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നാല് സ്പീഡ് ഹൈപ്പർ-ഷിഫ്റ്റ് ഗിയറുകളുള്ള രാജ്യത്തെ ആദ്യത്തെ ഗിയർ ഇലക്ട്രിക് ബൈക്കാണ് മാറ്റർ എയ്റ. 4000, 5000, 5000 പ്ലസ്, 6000 പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുന്നത്. ആറ് സെക്കൻഡിൽ മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ചാണ് മാറ്റർ എയ്റ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

Tags:    
News Summary - World Environment Week: Get Matter Aera e-bike with benefits up to ₹50,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.