മുംബൈ: ഇന്ത്യൻ വാഹനനിർമ്മാതാക്കളിൽ ഏറ്റവും കരുത്തരായ കമ്പനിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 1942 ഒക്ടോബർ 2ന് കമ്പനി ഇന്ത്യയിൽ ആരംഭിക്കുമ്പോൾ മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന നാമകരണത്തിലായിരുന്നു. ഗുലാം മുഹമ്മദിനൊപ്പം ജെ.സി. ആൻഡ് കെ.സി സഹോദരങ്ങൾ തുടങ്ങിയ ഒരു സ്റ്റീൽ വ്യാപാര കമ്പനിയായിരുന്നു ഇത്. പിന്നീട് കമ്പനി നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും 1948ൽ മഹീന്ദ്ര & മഹീന്ദ്ര എന്ന് പേര് മാറ്റുകയും ചെയ്തു. അന്ന് മുതൽ ഇന്ത്യൻ വാഹനപ്രേമികൾക്കും വിദേശികൾക്കും ഏറെ പ്രിയപ്പെട്ട വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
മഹീന്ദ്രയുടെ വാഹനനിരകളിൽ 2023ലാണ് XUV 400ന് ഒരു ഇലക്ട്രിക് വകഭേദം ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. പിന്നീട് 2024 നവംബർ 26ന് ഐകോണിക് മോഡലായ XEV 9e, BE 6 കാറുകളെ അവതരിപ്പിച്ചു. ഇത് വിൽപനയിൽ റെക്കോഡ് നേട്ടം കൈവരിച്ച് ഇന്ത്യൻ വിപണിയിൽ തല ഉയർത്തി നിന്നു. ഇലക്ട്രിക് വാഹങ്ങളെ കൂടാതെ മഹീന്ദ്രയിൽ നിന്നുള്ള അഭിമാന വാഹനമാണ് ഥാർ. ഇത് 3 ഡോർ, 5 ഡോർ എന്നീ മോഡലുകളിൽ ലഭ്യമാണ്. എന്നാൽ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് ഇലക്ട്രിക് വേരിയന്റായി പുറത്തിറങ്ങാൻ സാധ്യതയുള്ള ഒരു എസ്.യു.വിയുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 15ന് മഹീന്ദ്രയുടെ വാഹന പ്രദർശന മേളയിൽ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.
ഇത് കൂടുതൽ വ്യക്തമാക്കുന്നതിന്റെ ഭാഗമായി 'വിഷൻ T' എന്നപേരിൽ വരാനിരിക്കുന്ന വാഹന കൺസെപ്റ്റിന്റെ ആദ്യ ടീസറും കമ്പനി പുറത്തിറക്കി. വരാനിരിക്കുന്ന മോഡലിന്റെ ഡിസൈൻ ഥാർ ഇ -യുടെ ബോക്സി രൂപഭാവത്തോട് വളരെ സാമ്യമുള്ളതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഒരു ഇലക്ട്രിക് 5 ഡോർ കൺസെപ്റ്റിൽ ഥാർ ഇ മഹീന്ദ്ര അവതരിപ്പിച്ചത്. ഓഫ്‌റോഡ് മോഡലുകൾക്കായി പ്രത്യേകം തയ്യാറാക്കിയ മഹീന്ദ്രയുടെ ഇൻഗ്ലോ P1 പ്ലാറ്റ്‌ഫോമിലാണ് ഥാർ ഇയുടെ നിർമ്മാണം.
കൂടുതൽ ഗ്രൗണ്ട് ക്ലീയറൻസ് ഉൾപ്പെടെ ഓഫ്‌റോഡ് വാഹനത്തിന്റെ എല്ലാവിധ സവിശേഷതകളും വരാനിരിക്കുന്ന വാഹനത്തിന്റെ ആർകിടെക്ച്ചറിൽ കാണാം. മഹീന്ദ്ര ബൊലേറോയുടെ ഒരു വലിയ തിരിച്ചുവരവ് പ്രഖ്യാപിച്ച മഹീന്ദ്ര, ഈ ഇലക്ട്രിക് മോഡലിൽ വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമോയെന്ന് ഓഗസ്റ്റ് 15ന് അറിയാം. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.