ക്രൂയിസ് കൺട്രോൾ, വെന്‍റിലേറ്റഡ് സീറ്റ്... ഇത് അപ്പാച്ചെ ആർ.ടി.ആർ 310

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായാണ് അപ്പാച്ചെ ആർ.ആർ 310 ന്‍റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പായ ആർ.ടി.ആർ 310 ടി.വി.എസ് അവതരിപ്പിച്ചത്. ബി.എം.ഡബ്ല്യു ജി 310 ആർ എന്ന മോഡലിന്‍റെ റീബാഡ്ജ് പതിപ്പാണിത്. ബി.എം.ഡബ്ല്യുവുമായുള്ള പങ്കാളിത്തത്തിൽ ടി.വി.എസ് മുമ്പ് വിപണിയിലെത്തി‍‍യത് അപ്പാച്ചെ ആർ.ആർ 310 ആയിരുന്നു. ആർ.ടി.ആറിന്‍റെ ലുക്കും സവിശേഷതകളും വിശദമായി പരിചയപ്പെടാം.

എഞ്ചിനും ഗിയർബോക്സും

അപ്പാച്ചെ ആർ.ആർ 310, ബി.എം.ഡബ്ല്യു ജി 310 ആർ എന്നിവയിലുള്ള അതേ 312 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ആർ.ടി.ആറിലുള്ലത്. 35.6 എച്ച്.പി കരുത്തും 28.7 എൻ.എം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. മറ്റ് രണ്ട് മോഡലുകളേക്കാളും 1.6 എച്ച്.പിയും 0.7 എൻ.എം ടോർക്കും കൂടുതലാണ് ആർ.ടി.ആർ 310ൽ. സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയർബോക്സാണുള്ളത്. 150 കി.മി ആണ് ഉയർന്ന വേഗത.

സവിശേഷതകൾ

പൂർണ്ണമായും ഡിജിറ്റൽ ഇൻസ്‌ട്രുമെന്റേഷൻ ക്ലസ്റ്ററാണ് സ്റ്റാന്‍റേഡായി ആർ.ടി.ആറിലുള്ളത്. ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് 5.0-ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയാണിത്. അപ്പാച്ചെ ആർ.ആറിൽ ഇത് പോർട്രെയിറ്റ് ഓറിയന്റഡ് ടി.എഫ്.ടിയാണ്. ഗോ പ്രോ ഇതിൽ ബന്ധിപ്പിക്കാം.

സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, താപനില തുടങ്ങിയ എല്ലാ അടിസ്ഥാന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ലഭിക്കുന്നു. റൈഡർക്ക് കോൾ, എസ്.എം.എസ് അറിയിപ്പുകൾ ലഭിക്കും. മുന്നിലും പിന്നിലും എ.ബി.എസ്, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, അഞ്ച് റൈഡ് മോഡുകൾ എന്നിവയുമുണ്ട്.

എൽ.ഇ.ഡി ഹെഡ്‌ലൈറ്റും ടെയിൽ-ലൈറ്റും, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന വെന്‍റിലേറ്റഡ് സീറ്റുകൾ, റേസ്-ട്യൂൺ ചെയ്ത ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ലീനിയർ സ്റ്റെബിലിറ്റി കൺട്രോൾ, ഫ്ലാറ്റ് ഹാൻഡിൽബാർ, ഇന്ധന ടാങ്കിൽ അത്യാധുനിക മസ്കുലർ ഡിസൈൻ, എന്നിങ്ങനെ നീളുന്നു പ്രത്യേകതകൾ. ഇതിൽ പലതും ബിൽറ്റ് ടു ഓർഡർ (ബി.ടി.എസ്) കസ്റ്റമൈസേഷൻ പ്രോഗ്രാമിന് കീഴിലുള്ള പാക്കേജുകളുടെ ഭാഗമായി ക്രമീകരിക്കാവുന്നതാണ്.

ആർ.ആർ 310 നോട് സാമ്യമുള്ള ഭാരം കുറഞ്ഞ അലുമിനിയം ട്രെല്ലിസ് ഫ്രെയിമിലാണ് ആർ.ടി.ആറിന്‍റെ നിർമാണം. പക്ഷെ, പിൻഭാഗത്തെ സബ്‌ഫ്രെയിം വ്യത്യസ്തമാണ്. പിൻ സീറ്റിലേക്കും ടെയിൽ സെക്ഷനിലേക്കും സബ്‌ഫ്രെയിം കുത്തനെ ഉയർന്നുനിൽക്കുന്നു. ഇത് കൂടുതൽ സ്‌പോർട്ടിയാണ്. അപ്സൈഡ് സൗൺ ഫോർക്ക് (യു.എസ്.ഡി), മോണാഷോക്ക് എന്നിവയാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും 17 ഇഞ്ച് വീലുകളാണുള്ളത്.


 വിലയും എതിരാളികളും

സമാനശ്രേണിയിലുള്ളവരെ മലർത്തിയടിക്കുന്നവനായാണ് ആർ.ടി.ആർ 310 എത്തിയിരിക്കുന്നത്. 2.97 ലക്ഷം രൂപയുള്ള കെ.ടി.എം 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400( 2.33 ലക്ഷം രൂപ), ബി.എം.ഡബ്ല്യു ജി 310 ആർ( 2.85 ലക്ഷം) എന്നിവയാണ് പ്രധാന എതിരാളികൾ. മൂന്ന് വേരിയന്റുകളിൽ ആർ.ടി.ആർ 310 ലഭ്യമാണ്. 2.43 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.

Tags:    
News Summary - TVS Apache RTR 310 launched at Rs 2.43 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.