രാജ്യത്ത്​ ട്രാക്ടർ വിൽപ്പന ഇടിഞ്ഞു; ‘കാർഷിക രംഗം കടുത്ത ദുരിതത്തി​ലെന്നതിന്‍റെ സൂചന’

രാജ്യത്തെ കാർഷിക രംഗത്തെ ദുരിതത്തിന്‍റെ നേർച്ചിത്രമായി ട്രാക്ടർ വിൽപ്പനയിൽ വൻ തകർച്ച. ഗ്രാമങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിൻ്റെ പ്രധാന ലക്ഷണമാണ്​ ട്രാക്ടർ വിൽപ്പനയിലെ ഏറ്റക്കുറച്ചിലുകൾ.​ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഒമ്പത്​ മാസങ്ങളിൽ പ്രധാന സംസ്ഥാനങ്ങളിലെല്ലാം വിൽപ്പന കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ ട്രാക്ടർ വിൽപ്പനയിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ കർണാടകയിൽ 21 ശതമാനവും തെലങ്കാനയിൽ 36 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഈ സംസ്ഥാനങ്ങളിലെ എക്കാലത്തെയും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. വോളിയം കണക്കിലെടുത്ത് ഉത്തർപ്രദേശിന് ശേഷം രണ്ടാമത്തെ വലിയ വിപണിയായ മധ്യപ്രദേശിൽ നാല്​ ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളും കർഷകരോടുള്ള നിഷേധാത്മക സമീപനവും അസ്ഥിരമായ കാലാവസ്ഥയും കാർഷികോത്പാദനത്തെയും അതുവഴി കാർഷിക വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കർഷകർ ട്രാക്ടർ വാങ്ങാനുളള പദ്ധതികൾ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയാണ്. ട്രാക്ടറിൻ്റെ ഡിമാൻഡിൻ്റെ നാലിൽ മൂന്ന് ഭാഗവും വരുന്നത്​ കൃഷിക്കാരിൽനിന്നാണ്. ഖനനം തുടങ്ങിയ വാണിജ്യ വിഭാഗങ്ങളിൽ നിന്നാണ് ശേഷിക്കുന്ന ഡിമാൻ്റ് വരുന്നത്.

ട്രാക്ടർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്ര, കർണാടക, തെലങ്കാന, കേരളം, ബീഹാർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലും വിൽപ്പന ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്​. കാർഷിക പ്രവർത്തനങ്ങൾ കുറഞ്ഞതാണ് മാന്ദ്യത്തിന് കാരണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർഷിക ഉപകരണ മേഖല പ്രസിഡൻ്റ് ഹേമന്ത് സിക്ക പറയുന്നത്​.

2022-23 സാമ്പത്തിക വർഷത്തിൽ ട്രാക്ടർ വിപണിയിൽ മുന്നേറ്റം ദൃശ്യമായിരുന്നു. 9,44,000 യൂനിറ്റുകളാണ് ആ വർഷം വിറ്റു പോയത്. 12 ശതമാനം വളർച്ചയാണ് ട്രാക്ടർ വിൽപ്പനയിൽ ഉണ്ടായത്. ട്രാക്ടർ കയറ്റുമതി ചെയ്യുന്നതിൻ്റെ കണക്കുകൾ കൂടെ പരിശോധിച്ചാൽ കണക്ക് ഒരു മില്യൺ കഴിഞ്ഞിട്ടുണ്ട്. കർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നത് കൊണ്ട് തന്നെ ട്രാക്ടർ വാങ്ങാൻ എല്ലാ കർഷകരും മുന്നോട്ട് വന്നു.

കർഷകർ അവരുടെ ഉപയോഗങ്ങൾ അടിസ്ഥാനമാക്കിയാണ് ട്രാക്ടറുകൾ വാങ്ങുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും രണ്ട് മുതല്‍ മൂന്നു വരെ ഹെക്ടറിൽ താഴെ ഭൂമിയുള്ളതിനാൽ, 40 മുതല്‍ 50 എച്ച്പി ട്രാക്ടറുകളുടെ വിഭാഗം ഉയർന്ന വില്‍പ്പന കാണിക്കുന്നു. മഹീന്ദ്ര, ടാഫെ, സൊണാലിക, ജോൺ ഡീർ എന്നീ കമ്പനികളാണ് ട്രാക്ടർ വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത്.

ഈ സെഗ്മെന്‍റ് ട്രാക്ടറുകളുൾ കൃഷിക്കും വിളവെടുപ്പിനും അനുയോജ്യമാണ്. 40 മുതല്‍ 50 എച്ച്പി വിഭാഗത്തിലെ ട്രാക്ടറുകൾ വൈവിധ്യമാർന്ന നോൺ-ഫാം ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമാണ്. അങ്ങനെ അത് തന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകാനും ഒരു കർഷകനെ പ്രാപ്‍തനാക്കുന്നു.

ഇന്ത്യയിലെ കർഷകരുടെ പ്രമുഖ ഡിജിറ്റൽ വിപണിയായ ട്രാക്ടർ ജംഗ്ഷൻ കഴിഞ്ഞ വർഷം ഒരു കണക്ക് പുറത്തുവിട്ടിരുന്നു. റീട്ടെയിൽ ഡിമാൻഡിന്റെ കാര്യത്തിൽ, 40 മുതല്‍ 50 എച്ച്പി വരെ കരുത്തുള്ള ട്രാക്ടറുകള്‍ വിൽപ്പന ചാർട്ടിൽ ഒന്നാമതാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും ഉയർന്ന ട്രാക്ഷനും വിൽപ്പനയുമുള്ള പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഏറ്റവും മികച്ച ട്രാക്ടർ ബ്രാൻഡിന്റെ കാര്യത്തിലും മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് മുന്നിൽ.

Tags:    
News Summary - Tractor sales fall in the country; 'A sign that the agricultural sector is in dire straits'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.