അർബൻ ക്രൂയിസർ എബെല്ല
ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്.യു.വിയായ 'അർബൻ ക്രൂയിസർ എബെല്ല' (Urban Cruiser Ebella) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇ-വിറ്റാരയുമായി (e-Vitara) പ്ലാറ്റ്‌ഫോം പങ്കിടുന്ന ഈ വാഹനം ടൊയോട്ടയുടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള നിർണ്ണായകമായ ചുവടുവെപ്പാണ്.
നിലവിൽ ടോപ്പ്-സ്പെക്ക് ആയ E3 വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മോഡലിന് പ്രാരംഭ എക്സ്-ഷോറൂം വിലയായി 23.60 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് വേരിയന്റുകളുടെ വില വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 61 kWh ബാറ്ററി പാക്കുമായാണ് E3 വേരിയന്റ് വിപണിയിൽ എത്തുന്നത്. ഈ വാഹനം ഏകദേശം 171 എച്ച്.പി കരുത്തും 193 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ ഒറ്റത്തവണ ചാർജ് ചെയ്താൽ 543 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മാരുതി ഇ-വിറ്റാരയുടെ അതേ അടിസ്ഥാനഘടനയാണെങ്കിലും, ടൊയോട്ടയുടെ തനതായ ഡിസൈൻ ശൈലിയാണ് വാഹനം വിപണിയിൽ എത്തുന്നത്. 4,285 എം.എം നീളവും 1,800 എം.എം വീതിയും 1,640 എം.എം ഉയരവും 2,700 എം.എം വീൽബേസുമുള്ള എസ്.യു.വി കഫെ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിങ് ഗ്രേ, സ്പോർട്ടിൻ റെഡ്, എൻടൈസിങ് സിൽവർ എന്നിങ്ങനെ അഞ്ച് മോണോടോൺ നിറങ്ങളിലും, ബ്ലാക്ക് റൂഫ് നൽകിയ നാല് ഡ്യുവൽ-ടോൺ ഓപ്ഷനുകളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
അത്യാധുനികമായ സൗകര്യങ്ങളാണ് എബെല്ലയിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്-ബ്രൗൺ ഡ്യുവൽ ടോൺ ഫിനിഷിങ്ങിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റീരിയറിൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ് പാഡ്, ജെ.ബി.എൽ (JBL) സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.
യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകി ഏഴ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് (Hyundai Creta Electric), എംജി ഇസഡ് എസ് ഇവി (MG ZS EV), ടാറ്റ കർവ്വ് ഇവി (Tata Curvv EV) തുടങ്ങിയ ജനപ്രിയ മോഡലുകളുമായാണ് അർബൻ ക്രൂയിസർ എബെല്ല മത്സരിക്കുന്നത്. ടൊയോട്ടയുടെ ഈ പുതിയ ഇലക്ട്രിക് എസ്.യു.വി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഇ.വി വിപണിയിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വാഹനലോകം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.