ജപ്പാനിൽ നടന്ന മൊബിലിറ്റി എക്സ്പോയിൽ ടൊയോട്ട പ്രദർശിപ്പിച്ച സെഞ്ചുറി മോഡൽ

പതിനഞ്ച് പുത്തൻ കാറുകളുമായി ടൊയോട്ട; ലക്ഷ്യം ഇന്ത്യ!

രാജ്യത്തേ വാഹന മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർസ് പദ്ധതിയിടുന്നതായുള്ള റിപോർട്ടുകൾ പുറത്ത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2030 ആകുമ്പോഴേക്കും പതിനഞ്ച് പുത്തൻ കാറുകൾ അവതരിപ്പിക്കുമെന്ന് ജപ്പാൻ മൊബിലിറ്റി എക്സ്പോയിൽ കമ്പനി പ്രഖ്യാപിച്ചു. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിക്ഷേപങ്ങളും, ഷോറൂമുകളും തുറക്കാനാണ് ടൊയോട്ടയുടെ ലക്ഷ്യം. ഇതുവഴി രാജ്യത്തെ വാഹന വിപണിയിൽ മേധാവിത്വം ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ.

നിലവിൽ 8 ശതമാനമാണ് ടൊയോട്ടയുടെ രാജ്യത്തെ ആകെ നിക്ഷേപം. 2030 ആകുമ്പോഴേക്കും 10 ശതമാനത്തിലേക്കെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. യു.എസ്, ചൈന എന്നീ വിപണികൾക്ക് ശേഷം ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽപ്പന നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ടൊയോട്ട എസ്.യു.വികൾ

മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ വാഹനനിർമാണ കമ്പനികളുമായി നേരിട്ട് മത്സരിക്കുന്ന ടൊയോട്ട ഇന്ത്യക്കായി രണ്ട് പുതിയ എസ്.യു.വികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ജപ്പാൻ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച 'ബേബി ലാൻഡ് ക്രൂയ്സർ എഫ്.ജെ' ഇതിനോടകം തന്നെ രാജ്യത്ത് നിർമാണം ആരംഭിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 2028 അവസാനത്തിൽ നിരത്തുകളിൽ എത്താൻ പോകുന്ന വാഹനത്തിന് പെട്രോൾ വകഭേദം മാത്രമേ ലഭിക്കുകയൊള്ളു. ഇതിനിടയിൽ മുഖം മിനുക്കിയെത്തുന്ന ടൊയോട്ട ഹൈലക്‌സും ഈ വർഷം വിപണിയിൽ എത്തും.

രാജ്യത്ത് വ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ ബിഡാഡിയിലുള്ള നിർമാണ കേന്ദ്രം മൂന്ന് മില്യൺ യു.എസ് ഡോളർ ചിലവിൽ ടൊയോട്ട വിപുലീകരിച്ചിരുന്നു. കൂടാതെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പുതിയ നിർമാണ കേന്ദ്രവും ടൊയോട്ട തുറന്നിട്ടുണ്ട്. ബേബി ലാൻഡ് ക്രൂയിസറിന്റെ നിർമാണം ഈ പ്ലാന്റിലാകുമെന്നാണ് പ്രതീക്ഷ. രണ്ട് നിർമാണ കേന്ദ്രങ്ങളിൽ നിന്നായി ഒരു മില്യൺ യൂനിറ്റ് വാഹനങ്ങൾ പുറത്തിറക്കാനാണ് ടൊയോട്ടയുടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് നിർമിക്കുന്ന വാഹനങ്ങളിൽ ഒരുപങ്ക് ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 5,672 കോടി രൂപയുടെ റെക്കോഡ് പ്രൊഫിറ്റാണ് ടൊയോട്ട കിർലോസ്കർ മോട്ടോർസ് നേടിയത്. 

Tags:    
News Summary - Toyota targets India with fifteen new cars!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.