മാരുതിയുടെ എർട്ടിഗയെ റൂമിയോണെന്ന പേരിൽ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻവിക്റ്റോക്ക് ശേഷം മാരുതി കുടുംബത്തിൽ നിന്നും ടൊയോട്ട കുടുംബത്തിലേക്ക് എത്തുന്ന മറ്റൊരു ബ്രാൻഡ് എൻജിനീയറിങ്ങ് പതിപ്പാണിത്. ഇന്ത്യൻ വിപണിയിൽ മത്സരിച്ച് വാഹനങ്ങൾ പുറത്തിറക്കുന്ന സുസുകിയും ടൊയോട്ടയും ഷെയർ ചെയ്യുന്ന നാലാമത്തെ വാഹനമാണിത്. ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷമാണ് ടൊയോട്ട റൂമിയോൺ പുറത്തിറക്കിയത്. സെപ്റ്റംബറിൽ വാഹനം വിപണിയിലെത്തിയേക്കുമെന്ന് ടൊയോട്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, വെൽഫയർ എന്നിവ ഉൾപ്പെടുന്ന ലൈനപ്പിൽ ടൊയോട്ടയുടെ ഇന്ത്യയിലെ നാലാമത്തെ എം.പി.വിയാണ് റൂമിയോൺ. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എം.പി.വി എന്ന പേരും റൂമിയോൺ നേടി.
റൂമിയോണിന്‍റെ എക്സ്റ്റീരിയറിൽ പ്രധാനമായും മാറ്റം കാണാനാവുക മുൻവശത്താണ്. ഗ്രില്ല്, ബംബർ, ഫോഗ്‌ലാമ്പ് കൺസോൾ എന്നിവിടങ്ങളിലാണ് വ്യത്യാസം. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും ഉണ്ട്. ആറ് വേരിയന്റുകളിൽ വാഹനം ലഭ്യമാകും. നിലവിൽ വിലയും ബുക്കിങ്ങ് തുകയും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. മാരുതി സുസുക്കി എർട്ടിഗയേക്കാൾ വില അൽപം കൂടുതലായിരിക്കാം എന്നാണ് ലഭിക്കുന്ന വിവരം. എർട്ടിഗയുടെ ഇപ്പോഴത്തെ എക്സ്-ഷോറൂം തുക 8.64 ലക്ഷം രൂപ മുതൽ 13.08 ലക്ഷം വരെയാണ്.
പെട്രോൾ, ഇ-സി.എൻ.ജി എൻജിനുകളിൽ റൂമിയോൺ ലഭിക്കും. പെട്രോൾ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്റർ ഇന്ധനക്ഷമതയും സി.എൻ.ജി പതിപ്പിന് 26.11 കിലോമീറ്ററും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് റൂമിയോണിനും കരുത്തേകുന്നത്.
6000 ആർ.പി.എമ്മിൽ 103 ബി.എച്ച്.പി വരെ കരുത്തും 4,400 ആർ.പി.എമ്മിൽ 138 എൻ.എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. എർട്ടിഗയെപ്പോലെ, റൂമിയോണും മൂന്ന് നിര, എട്ട് സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.