ലാൻഡ്ക്രൂസർ ബുക്കിങ് ആരംഭിച്ചു; ഇപ്പോൾ 10 ലക്ഷം അടച്ചാൽ ഒരു വർഷം കഴിഞ്ഞ് വാഹനം വീട്ടിലെത്തും

ടൊയോട്ടയുടെ ജനപ്രിയ എസ്.യു.വി ലാൻഡ്ക്രൂസർ എൽ.സി 300 ന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. 10 ലക്ഷം രൂപയാണ് ബുക്കിങ് തുക. ആഗോളതലത്തിൽ വൻ ഡിമാൻഡുള്ള വാഹനമാണ് ലാൻഡ്ക്രൂസർ. പുറത്തിറക്കിയ വിപണികളിൽ മുന്നു മുതൽ നാല് വർഷംവരെ ഈ എസ്.യു.വിക്ക് കാത്തിരിപ്പ് കാലയളവുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഒരു വർഷംകഴിഞ്ഞ് വാഹനം നൽകാമെന്നാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായിരിക്കും രാജ്യത്ത് എത്തുക. അഞ്ച് സീറ്റ് ഓപഷനിൽ എത്തുന്ന വാഹനത്തിന് ഡീസൽ എഞ്ചിൻ മാത്രമാകും ഉണ്ടാവുക.

2021 ജൂൺ ഒമ്പതിനാണ് ടൊയോട്ട പുതിയ ലാൻഡ് ക്രൂസർ എൽ.സി 300 പുറത്തിറക്കിയത്. ജപ്പാനിലാണ് വാഹനം ആദ്യം എത്തിയത്. പിന്നീട് മിഡിൽ ഈസ്റ്റിലേക്കും അമേരിക്കയിലേക്കും വാഹനം എത്തിച്ചു. ലോകത്തിലെ ഏറ്റവും കൊതിപ്പിക്കുന്ന എസ്‌.യു.വികളിലൊന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ആഡംബരത്തിലും അപാരമായ ഓഫ്-റോഡ് കഴിവുകളിലും തികവാർന്ന നിലയിൽ അണിയിച്ചൊരുക്കിയ വാഹനമാണിത്. ടൊയോട്ട ലാൻഡ് ക്രൂയിസറി​െൻ 'സഹാറ' സ്പെസിഫിക്കേഷൻ മോഡലാകും ഇന്ത്യയിലെത്തുക. 18 ഇഞ്ച് അലോയ് വീലുകളും ഒമ്പത് കളർ ഓപ്ഷനുകളും വാഹനത്തിന് ലഭിക്കും.


സഹാറ സ്‌പെക്കിന് ഫ്രണ്ട് ഗ്രില്ലിലും പിന്നിലും സൈഡ് മിററുകളിലും ഡോർ ഹാൻഡിലുകളിലും ക്രോം ട്രിമ്മുകൾ നൽകിയിരിക്കുന്നു. ഇന്ത്യക്കാരുടെ ക്രോം ഭ്രമമാണ് ഇതിനുകാരണം. ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഓട്ടോ-ലെവലിംഗോടുകൂടിയ റിയർ പ്രൈവസി ഗ്ലാസും വാഹനത്തിന് ലഭിക്കും. സഹാറ സ്പെസിഫിക്കേഷൻ കംഫർട്ട് ഓറിയന്റഡ് പതിപ്പാണ്. ഡ്രൈവർ സീറ്റ് മെമ്മറി, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.


പിന്നിലെ യാത്രക്കാർക്കായി എന്റർടെയിൻമെന്റ് സംവിധാനം, നാല്-സോൺ കാലാവസ്ഥാ നിയന്ത്രണം, എല്ലാ യാത്രക്കാർക്കും എട്ടുതരത്തിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 14-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, സൺറൂഫ്, ഒന്നിലധികം എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഇബിഡിയുള്ള മൾട്ടി-ടെറൈൻ എ.ബി.എസ് എന്നീ ഫീച്ചറുകളും ഉണ്ടാകും. സുരക്ഷാ ഫീച്ചറുകളായി സെൻസ് ആക്റ്റീവ് സേഫ്റ്റി പാക്കേജും ലഭിക്കും. കൂട്ടിയിടിയുടെ ആഘാതം ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കുന്ന പ്രീ-കൊളിഷൻ സിസ്റ്റം പോലുള്ള ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇക്കോ, നോർമൽ, കംഫർട്ട്, സ്പോർട്സ്, സ്പോർട്സ് പ്ലസ്, കസ്റ്റം എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


പുതിയ GA-F പ്ലാറ്റ്ഫോമിലാണ് നിർമാണം. വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഭാര വിതരണം മെച്ചപ്പെടുത്താനും ഷാസിക്ക് കാഠിന്യം നൽകാനും പുതിയ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ തലമുറക്കായി ടൊയോട്ട രണ്ട് പുതിയ വി6 എഞ്ചിനുകൾ വികസിപ്പിച്ചിട്ടുണ്ട്. 304bhp ഉത്പാദിപ്പിക്കുന്ന 3.3-ലിറ്റർ ട്വിൻ-ടർബോ ഡീസൽ V6 എഞ്ചിനാകും ഇന്ത്യയിലെത്തുക. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്. 700Nm ടോർക് എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഹിൽ-അസിസ്റ്റ് കൺട്രോൾ, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ, ചുറ്റുപാടുകളുടെ പൂർണ്ണമായ കാഴ്ച കാണിക്കുന്ന നാല് ക്യാമറ പനോരമിക് വ്യൂ മോണിറ്റർ എന്നിങ്ങനെയുള്ള ഓഫ്-റോഡ് കിറ്റിന്റെ സാന്നിധ്യവും ഉണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ടഫ് ലാഡർ-ഓൺ-ഫ്രെയിം ഷാസി, ടൊയോട്ടയുടെ പ്രശസ്തമായ ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവ പരുക്കൻ സാധനങ്ങൾ കൈകാര്യം ചെയ്യൽ എളുപ്പമാക്കുന്നു. ഓഫ്-റോഡിലേക്ക് പോകുന്നതിന് ഒന്നിലധികം മോഡുകളും സഹാറ സ്പെസിഫിക്കിൽ ലഭ്യമാണ്.


മൂന്ന് വേരിയന്റുകളാകും ഇന്ത്യയിൽ വാഹനത്തിന് ഉണ്ടാവുക. ഇന്ത്യയിലെ വില ഇനിയും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പുറത്തിറങ്ങുമ്പോൾ രണ്ട് കോടിക്ക് മുകളിൽ വില പ്രതീക്ഷിക്കുന്നു. ലാൻഡ് ക്രൂസർ 10 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക് റെഡ് മൈക്ക മെറ്റാലിക്, ബീജ് മൈക്ക മെറ്റാലിക്, കോപ്പർ ബ്രൗൺ മൈക്ക, ഡാർക്ക് ബ്ലൂ മൈക്ക, ഗ്രേ മെറ്റാലിക് എന്നിവയാണ് നിറങ്ങൾ.

Tags:    
News Summary - Toyota Land Cruiser LC 300 bookings open in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.