ചരിത്രത്തി​ലെ ഏറ്റവും കൂടിയ മൈലേജുമായി പുതിയ ഇന്നോവ ഇന്ത്യയിൽ; ക്രിസ്റ്റയും ഹൈക്രോസും ഒരുമിച്ച് വിൽക്കും

ഇന്നോവയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയെന്ന പ്രത്യേകതയുമായി ഹൈക്രോസ് മോഡൽ ഇന്ത്യയിൽ. നേരത്തേ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറങ്ങിയ ഇന്നോവ സെനിക്സിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഹൈക്രോസ് രാജ്യത്ത് എത്തിയത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. പുതിയ ഇന്നോവ ഹൈക്രോസ് എത്തുമ്പോൾ നിലവിലെ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കില്ലെന്ന് ടൊയോട്ട വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ വാഹനത്തിന്റെ വില വരുന്ന ജനുവരിയിൽ പ്രഖ്യാപിക്കും.


ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ടൊയോട്ടയുടെ ടിഎൻജി–എ ജിഎ–സി മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമാണം. ഉയർന്ന ക്രോസ് ഓവർ ലുക്കാണ് പുതിയ വാഹനത്തിന്. ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പമുള്ള വാഹനമാണ് ഹൈക്രോസ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീൽബെയ്സിന്റെ കാര്യത്തിൽ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാൾ 100 എംഎം മുന്നിലാണ് ഹൈക്രോസ്.


അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എ.ഡി.എ.എസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്. അഞ്ച് വകഭേദങ്ങളിൽ പുതിയ ഇന്നോവ പുറത്തിറങ്ങും. പാഡിൽ ഷിഫ്റ്റ്, കണക്റ്റഡ് കാർ ടെക്, വെന്റിലേറ്റഡ് സീറ്റ്, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 തുടങ്ങിയവയുമായാണ് ഹൈക്രോസിന്റെ വരവ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ്, എമർജെൻസി ബ്രേക്കിങ്, ബ്ലൈന്റ് സ്പോട്ട് മോണിറ്റർ എന്നിവ അടങ്ങിയതാണ് ഈ സാങ്കേതിക വിദ്യ. കൂടാതെ 6 എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും. ഏഴ്, എട്ട് സീറ്റ് ലേ ഔട്ടുകളിൽ പുതിയ വാഹനം ലഭിക്കും.


വിവിധ ലെയറുകളായി രൂപപ്പെടുത്തിയ ഡാഷ്ബോർഡ് ഉൾവശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. 4.2 ഇഞ്ചാണ് മീറ്റർ കൺസോളിലെ മൾട്ടി ഇൻഫർമേഷൻ സിസ്റ്റം, മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകൾ ന്നിവയും പ്രത്യേകതകളാണ്. പല സോണുകളാക്കിയ ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയവയും ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം.


രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് നൽകിയിരിക്കുന്നത്. ഹൈബ്രിഡ് പതിപ്പിന് ലീറ്ററിന് 21.1 കിലോമീറ്റർ മൈലേജ്. ഒരു ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ 1097 കിലോമീറ്റർ സഞ്ചരിക്കാമെന്നും ടൊയോട്ട പറയുന്നു. ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക് ഉപയോഗിക്കുന്ന എൻജിന്റെ മാത്രം കരുത്ത് 152 ബിഎച്ച്പിയും ടോർക്ക് 187 എൻഎമ്മുമാണ്. ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 ബിഎച്ച്പി കരുത്തുണ്ട്. 1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്ക്ക് കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പിൽ മാത്രമേ രണ്ട് എൻജിനുകളും ലഭിക്കൂ. 



Tags:    
News Summary - Toyota Innova Hycross hybrid MPV India unveil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.