അർബൻ ക്രൂസറിന് വില പ്രഖ്യാപിച്ച് ടൊയൊട്ട; 15.11 ലക്ഷത്തിന് ഹൈബ്രിഡ് സ്വപ്നം യാഥാർഥ്യമാവും

ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. ഏറ്റവും ഉയർന്ന നാല് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മൂന്നും സ്ട്രോങ് ഹൈബ്രിഡ് വിഭാഗത്തിൽപ്പെടുന്നവയാണ്. മൈൽഡ് ഹൈബ്രിഡിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന്റേയും വിലയും പുറത്തുവിട്ടിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡിന്റെ ഏറ്റവും കുറഞ്ഞ വകഭേദമായ എസ് ഇ ഡ്രൈവ് 2വീൽ ഡ്രൈവിന് 15.11 ലക്ഷം രൂപയാണ് വില. ജി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷവും വി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷവും വിലവരും. മൈൽഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക് 2 വീൽ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷമാണ്. ശേഷിക്കുന്ന മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളുടെ വില ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.

ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 25,000 രൂപ നൽകി പുതിയ എസ്‌.യു.വി ബുക്ക് ചെയ്യാവുന്നതാണ്. ഗ്രാൻഡ് വിറ്റാര എന്ന പേരിൽ ഇറക്കിയ ഇതേ വാഹനത്തിന്റെ മാരുതി പതിപ്പും വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസുകിയുമായി ചേർന്നാണ് ടൊയോട്ട ഹൈറൈഡർ വികസിപ്പിച്ചിരിക്കുന്നത്. രണ്ടുതരം ഹൈബ്രിഡ് സംവിധാനങ്ങൾ ഹൈറൈഡറിലുണ്ട്. ഒന്ന്, മൈൽഡ് ഹൈബ്രിഡ് എന്ന ശക്തികുറഞ്ഞ വകഭേദമാണ്. എന്നാൽ, തിളങ്ങി നിൽക്കുക സ്ട്രോങ് ഹൈബ്രിഡ് വിഭാഗത്തിൽപ്പെടുന്ന രണ്ടാമത്തെ വെർഷനാണ്. വാഹനത്തിന്റെ ഫോർവീൽ വേരിയന്റുകളും കമ്പനി പുറത്തിറക്കും. ആഗസ്റ്റിൽ ഹൈറൈഡർ നിരത്തിലെത്തും. ക്രെറ്റ, സെൽറ്റോസ്, കുഷാക്ക്, ടൈഗൺ എന്നിവരായിരിക്കും പ്രധാന എതിരാളികൾ.


യാരിസ് ഹാച്ച്‌ബാക്ക്, യാരിസ് ക്രോസ് എസ്‌.യു.വി തുടങ്ങിയ അന്താരാഷ്ട്ര ഉൽപന്നങ്ങളിൽ കാണപ്പെടുന്ന ടൊയോട്ടയുടെ ഇ-ഡ്രൈവ് നാലാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഹൈറൈഡറിൽ ഉപയോഗിക്കുന്നത്. ടൊയോട്ടയുടെ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എൻജിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എൻജിൻ 92 എച്ച്.പിയും 122 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 79 എച്ച്‌.പിയും 141 എൻ.എം ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി എൻജിൻ ഇണക്കിയിരിക്കുന്നു. രണ്ട് സംവിധാനങ്ങളുംകൂടി 115 എച്ച്.പി സംയുക്തമായി ഉൽപാദിപ്പിക്കും. ടൊയോട്ടയുടെ ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ് ഗിയർ മാറ്റത്തിന് ഉപയോഗിക്കുക.

ടൊയോട്ട ഹൈറൈഡറിലെ ഹൈബ്രിഡ് സിസ്റ്റം 177.6V ലിഥിയം-അയൺ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 25 കിലോമീറ്റർ വരെ ഇലക്ട്രിക് കരുത്തിൽ മാത്രം സഞ്ചരിക്കാനും വാഹനത്തിനാകും. ടെസ്റ്റ് സാഹചര്യങ്ങളിൽ 24-25kpl വരെ ഇന്ധനക്ഷമത ലഭിച്ചുവെന്നും ഇത് 29 കിലോമീറ്റർ വരെ ഉയരുമെന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.

Tags:    
News Summary - Toyota Hyryder launched at Rs 15.11 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.