ടൊയോട്ട ഹൈറൈഡർ

ഗ്രാൻഡ് വിറ്റാരക്ക് പിന്നാലെ ഹൈറൈഡറും; തിരിച്ചുവിളി ഭീഷണിയിൽ ടൊയോട്ട

ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഒക്ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയ ഹൈറൈഡർ എസ്‌.യു.വിയുടെ 11,529 യൂനിറ്റുകൾ തിരിച്ചുവിളിക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ. 2024 ഡിസംബർ 9 മുതൽ 2025 ഏപ്രിൽ 29 വരെ നിർമിച്ച 11,529 യുനിറ്റുകളാണ് ടൊയോട്ട തിരിച്ചുവിളിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലുള്ള 'ഫ്യൂവൽ ഗേജ്' തകരാർ പരിഹരിക്കുകയാണ് പ്രാഥമിക ലക്ഷം. സമാനമായ പ്രശ്നത്തിൽ റീബാഡ്ജ്‌ ചെയ്ത ഗ്രാൻഡ് വിറ്റാരയേയും മാരുതി ദിവസങ്ങൾക്ക് മുമ്പ് തിരിച്ചുവിളിച്ചിരുന്നു.

'ചില സന്ദർഭങ്ങളിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഫ്യൂവൽ ഗേജ് യഥാർത്ഥ അളവിലുള്ള ഇന്ധന ലെവൽ അല്ല രേഖപ്പെടുത്തുന്നത്. ടാങ്കിലെ ഇന്ധന അളവ് രൂപകൽപ്പന ചെയ്ത പരിധിക്ക് താഴെയാകുമ്പോൾ പോലും കുറഞ്ഞ ഇന്ധന നില മുന്നറിയിപ്പ് ചിഹ്നം പ്രകാശിച്ചേക്കില്ല. ഈ അവസ്ഥയിൽ ടാങ്കിലെ ഇന്ധന നിലയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കില്ല. ഇത് യാത്രക്കിടയിൽ വാഹനം ഓഫായി പോകാൻ കാരണമാകുന്നു' എന്ന് തിരിച്ചുവിളിയിൽ പ്രതികരിച്ച സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചേർസ് പറഞ്ഞു.

മേൽ പറഞ്ഞ കാലയളവിൽ നിർമിച്ച വാഹനം സ്വന്തമാക്കിയവരെ ഡീലർഷിപ്പുകളിൽ നിന്നും ബന്ധപ്പെടും. തുടർന്ന് വാഹനം സർവീസ് നടത്താനും തകരാർ പരിഹരിക്കാനും സാധിക്കും. ഉപഭോക്താക്കൾക്ക് പൂർണ്ണമായ ഉറപ്പ് നൽകുന്നതിനായി ഈ പ്രക്രിയ വേഗത്തിലും സൗകര്യപ്രദമായും നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാഹന ഉടമകൾക്ക് toyotabharat.com/q-service/safety-recall/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ വാഹന വിവരങ്ങൾ നൽകാം.

10.94 ലക്ഷം രൂപയാണ് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡറിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഉയർന്ന വകഭേദത്തിന് 19.76 ലക്ഷം രൂപയും. കഴിഞ്ഞ മാസത്തെ വാഹന വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകളെ പിന്തള്ളി ഒന്നാംസ്ഥാനം ഹൈറൈഡർ സ്വന്തമാക്കിയിരുന്നു. പെട്രോൾ, സി.എൻ.ജി, പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിൽ എന്നിങ്ങനെ മൂന്ന് പവർട്രെയിനിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കും. 

Tags:    
News Summary - Toyota faces recall threat after Grand Vitara, Hyryder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.