ബൗജന്‍ യെപ്, കോമറ്റിന് ശേഷം ചൈനയിൽ നിന്നൊരു ഇലക്ട്രിക് എസ്.യു.വി

എം.ജി കോമെറ്റ് ഇ.വി അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് പാസഞ്ചർ കാറാണ് കോമെറ്റ്. എന്നാൽ കോമെറ്റിന് ചില പോരായ്മകളുണ്ട്. ഒന്നാമത് അതൊരു നഗര കാറാണ്. മോശം റോഡുകൾക്ക് പറ്റുന്ന വാഹനമല്ല. ഗ്രൗണ്ട് ക്ലിയറൻസ് തീരെ കുറഞ്ഞ കാറാണിത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു എസ്.യു.വിക്ക് മാത്രമേ കഴിയൂ. ഇപ്പോഴിതാ കോമെറ്റിന്റെ പ്ലാറ്റ്ഫോമിൽ ഒരു എസ്.യു.വി നിർമിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. ബൗജന്‍ യെപ് എന്നാണ് ഈ കുഞ്ഞൻ എസ്.യു.വിയുടെ പേര്.

എം.ജി കോമെറ്റിന്റെ ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ (GSEV) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബൗജന്‍ യെപ് (Baojun Yep) കോംപാക്റ്റ് ഇലക്ട്രിക് എസ്‌.യു.വി നിർമിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ വാഹനം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ചൈനയിലാണ് കാര്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രെന്‍ഡിംഗായ എഡാസ് ഫീച്ചറടക്കം സജ്ജീകരിച്ചാണ് ഇ.വി എത്തുന്നത്.

വലുപ്പം

3,381 എം.എംല്‍ താഴെ നീളവും 1,685 എം.എം വീതിയും 1,721 എം.എം ഉയരവും 2,110 എം.എം വീല്‍ബേസും ഉള്ള വളരെ ചെറിയ എസ്‌.യു.വിയാണ് യെപ്. കോമെറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ യെപ്പിന് 407 എം.എം നീളവും 180 എം.എം വീതിയും 81 എം.എം ഉയരവും കൂടുതലുണ്ട്. വീല്‍ബേസും 100 എം.എം അധികം ഉണ്ട്. കോമെറ്റ് ഇ.വിയെ പോലെ ബോക്‌സിയായാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ക്വാഡ്-എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും പോര്‍ഷെയെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്‌സുംങ്‍വാഹനത്തിലുണ്ട്. 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്.


ഇന്റീരിയർ

യെപ് കോംപാക്ട് എസ്‌.യു.വിയുടെ ഇന്റീരിയറിലേക്ക് കടന്നാല്‍ ഇതിന് 3 സ്പോക്ക് സ്റ്റിയറിങ് വീലാണ് ലഭിക്കുന്നത്. ഒപ്പം സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകളും ലഭിക്കും. കോമെറ്റ് ഇ.വിക്ക് സമാനമായാണ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍ ഡിസൈനുകള്‍. വിന്‍ഡോ സ്വിച്ചുകള്‍ക്ക് മുന്നില്‍ സെന്റര്‍ കണ്‍സോളില്‍ ഘടിപ്പിച്ചിരിക്കുന്ന സര്‍ക്കുലാര്‍ ഡ്രൈവ് സെലക്ടര്‍ യെപ്പിന് ലഭിക്കും. കോമെറ്റില്‍ നിന്ന് വിഭിന്നമായി എ.സി കണ്‍ട്രോളുകള്‍ക്കായി ഡയലുകള്‍ക്ക് പകരം സ്വിച്ചുകള്‍ ലഭിക്കും.

രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ട് ഇതിന്റെ പ്രധാന ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഒന്നാണ്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഒരുക്കിയിരിക്കുന്നു. ഫ്‌ലാഗ്ഷിപ്പ് എന്ന് വിളിക്കുന്ന എന്‍ട്രി ലെവല്‍ ട്രിമ്മില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ഇത് ഓഫര്‍ ചെയ്യുന്നു.

ബാറ്ററി ടെമ്പറേച്ചര്‍ മാനേജ്‌മെന്റ് സിസ്റ്റം, റിയര്‍വ്യൂ ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍-ഡിപ്പാര്‍ച്ചര്‍ വാണിങ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിങ്, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാര്‍ക്കിങ് അസിസ്റ്റ് എന്നിവയടങ്ങുന്ന എഡാസ് സ്യൂട്ട് ടോപ് സ്‌പെക് ഡീലക്‌സ് ട്രിമ്മിലാണ് ലഭിക്കുക.


മോട്ടോറും ബാറ്ററിയും

68 bhp പവറും 140 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ബൗജന്‍ യെപ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തേകുന്നത്. മണിക്കൂറില്‍ 100 കിലോമീറ്ററായി ഇതിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു. 28.1kWh ലിഥിയം-അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 303 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 35 മിനിറ്റില്‍ ബാറ്ററി 30-80 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യാം. എന്നാല്‍ AC ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 8.5 മണിക്കൂര്‍ എടുക്കും.

പുത്തൻ ഇലക്ട്രിക് എസ്‌.യു.വി ഇന്ത്യയില്‍ എത്തുമോ എന്ന് ചോദിച്ചാൽ എത്താനുള്ള നല്ല സാധ്യതയുണ്ട് എന്നാണ് ഉത്തരം. കോമെറ്റ് ഇ.വി പോലെ യെപ്പ് എസ്‌യുവിയും എം.ജി റീബാഡ്ജ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനാണ് സാധ്യത. എന്നാൽ ഇതിന്റെ ടൈം ലൈൻ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - This tiny, affordable electric SUV is a ‘China-US collaboration’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.