ടാറ്റ സിയേറ
ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വിയായ സിയേറ വിപണിയിൽ തിരിച്ചെത്തി. 11.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. രണ്ട് ദശാബ്ദക്കാലത്തിന് ശേഷം വിപണിയിൽ എത്തുന്ന വാഹനത്തിന് നിരവധി ഫീച്ചറുകൾ ടാറ്റ മോട്ടോർസ് നൽകിയിട്ടുണ്ട്. പുതിയ സിയേറയുടെ പ്രൊഡക്ഷൻ മോഡലുകൾ മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബർ 16 മുതൽ ബുക്കിങ് ആരംഭിക്കുന്ന സിയേറ എസ്.യു.വി ജനുവരി 15 മുതൽ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട എലവേറ്റ്, കിയ സെൽത്തോസ്, സ്കോഡ കുഷാഖ് തുടങ്ങിയ എസ്.യു.വികളാകും ടാറ്റ സിയേറയുടെ പ്രധാന എതിരാളികൾ.
പുത്തൻ ലുക്കിൽ എത്തുന്ന ടാറ്റ സിയേറ എസ്.യു.വിക്ക് മൂന്ന് എൻജിൻ ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. 1.5-ലിറ്റർ ക്രയോജെറ്റ് ഡീസൽ എൻജിൻ, 1.5-ലിറ്റർ ടിജിഡിഐ ഹൈപെറിയോൺ എൻജിൻ, 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ എന്നിവയാണവ.
1.5-ലിറ്റർ ക്രയോജെറ്റ് ടർബോ ഡീസൽ എൻജിൻ മികച്ച കരുത്താണ് എസ്.യു.വിക്ക് നൽകുന്നത്. 4000 ആർ.പി.എമിൽ 118 പി.എസ് പവറും 260 എൻ.എം ടോർക്ക് മാനുവൽ ട്രാൻസ്മിഷനിലും 280 എൻ.എം ടോർക്ക് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഉത്പാദിപ്പിക്കാൻ സാധിക്കും. 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് റെവോട്രോൺ എൻജിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡിസിടി ഗിയർബോക്സ് വകഭേദത്തിൽ എത്തുന്നു. ഈ എൻജിൻ 6000 ആർ.പി.എമിൽ 106 പി.എസ് പവറും 2100 ആർ.പി.എമിൽ 145 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. മൂന്നാമതായി എത്തുന്ന 1.5-ലിറ്റർ ടർബോചാർജ്ഡ് ഹൈപെറിയോൺ എൻജിൻ 5000 ആർ.പി.എമിൽ 160 പി.എസ് കരുത്തും 1750 ആർ.പി.എം-4000 ആർ.പി.എമിൽ 255 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിച്ച് കൂടുതൽ കരുത്തോടെ വാഹനത്തെ ചലിപ്പിക്കുന്നു.
മുൻഗാമിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ച സിയേറ ആധുനിക ബോക്സി ഡിസൈൻ പിന്തുടരുന്നുണ്ട്. മുൻവശത്ത് സജ്ജീകരിച്ചിട്ടുള്ള ഗ്ലോസ്-ബ്ലാക്ക് പാനലുകൾക്കൊപ്പം ബ്രാൻഡ് ലോഗോയും എൽ.ഇ.ഡി ഹെഡ് ലാമ്പും ഡി.ആർ.എൽ ലൈറ്റും സംയോജിച്ചാണെത്തുന്നത്. കൂടാതെ മുൻവശത്തെ ബമ്പറിൽ ഫോഗ് ലാമ്പുകളും കമ്പനി നൽകിയിട്ടുണ്ട്.
മൂന്ന് ഡാഷ്‌ബോർഡ് ഡിസ്പ്ലേയോടെ ഏറ്റവും പ്രീമിയം ഇന്റീരിയർ കാബിൻ സജ്ജീകരണത്തിലാണ് ടാറ്റ സിയേറയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ കർവിനോട് സമാനമായ ഫോർ-സ്പോക് സ്റ്റീയറിങ് വീലിൽ പ്രകാശിച്ച് നിൽക്കുന്ന ലോഗോയും ടച്ച് കൺട്രോളുകളും നൽകിയിട്ടുണ്ട്. കൂടാതെ സെഗ്‌മെന്റിൽ ആദ്യമായി സോണിക് ഷാഫ്റ്റ് സൗണ്ട് ബാർ, 12 സ്പീക്കർ ജെ.ബി.എൽ സൗണ്ട് സിസ്റ്റം, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, പനോരാമിക് സൺറൂഫ്, വയർലെസ്സ് ചാർജർ, റിയർ സൺഷേഡ്, വെന്റിലേറ്റഡ് ആൻഡ് പവേർഡ് മുൻ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളിൽ സോഫ്റ്റ്-ടച്ച് പാനൽ ഉപയോഗിച്ചാണ് ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാൽ എല്ലാ യാത്രക്കാർക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി കാമറ, ഡ്യൂവൽ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ടർ, 21 തരം പ്രവർത്തനങ്ങളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ, സീറ്റ് ബെൽറ്റ് ആങ്കർ പ്രീ-ടെൻഷൻ എന്നിവക്ക് പുറമെ കുട്ടികളുടെ സുരക്ഷക്ക് ഐസോഫിക്സ് ടെതറുകൾ എന്നിവയും സിയേറ എസ്.യു.വിക്ക് ടാറ്റ മോട്ടോർസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.