മഹീന്ദ്രയുടെ ഐതിഹാസിക എസ്.യു.വിയായ ബൊലേറോയുടെ ഫേസ് ലിഫ്റ്റ് വകഭേദം വിപണിയിൽ എത്തിക്കഴിഞ്ഞു. 25 വർഷമായി നിരത്തുകളിൽ ആധിപത്യം തുടരുന്ന വാഹനത്തിന് ഒരു പുതിയ വേരിയറ്റുമായാണ് ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ ബൊലേറോ സ്വന്തമാക്കുന്നവർക്ക് ഏത് മോഡൽ വാങ്ങിക്കണം എന്ന സംശയത്തിലാണോ? എന്നാൽ സംശയം വേണ്ട. മഹീന്ദ്ര ബൊലേറോ 2025 മോഡലിന്റെ വകഭേദങ്ങൾ പരിചയപ്പെടാം.
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെങ്കിലും ചെറിയ മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയുമാണ് മഹീന്ദ്ര ബൊലേറോ വിപണിയിൽ എത്തുന്നത്. ഇതോടൊപ്പം സ്റ്റൽത്ത് ബ്ലാക്ക് എന്നൊരു പുതിയ കളർ വേരിയന്റും ബൊലേറോക്ക് ലഭിക്കുന്നു. എൻജിനിലും പവർട്രെയിനിലും മാറ്റങ്ങളില്ലാതെയാണ് 2025 ബൊലേറോയെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. 1.5 ലിറ്റർ എംഹോക്ക് 3-സിലിണ്ടർ ടർബോ ഡീസൽ എൻജിൻ തന്നെയാണ് ഫേസ് ലിഫ്റ്റ് വകഭേദത്തിന്റെയും കരുത്ത്. ഇത് പരമാവധി 76 ബി.എച്.പി കരുത്തിൽ 210 എൻ.എം മാക്സിമം ടോർക് ഉത്പാതിപ്പിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എസ്.യു.വിയെ ജോഡിയാക്കിയിരിക്കുന്നത്.
ബൊലേറോ 2025ൽ സസ്‌പെൻഷൻ വിഭാഗത്തിൽ ഒരു മാറ്റം മഹീന്ദ്ര നൽകിയിട്ടുണ്ട്. വാഹനത്തിന്റെ റിയർ (പിൻവശത്തെ) സസ്‌പെഷനിൽ മുൻപുണ്ടായിരുന്ന ലീഫ് സ്പ്രിങ് സജ്ജീകരണം ഒഴിവാക്കി. പകരം പുതിയ 'റൈഡ്ഫ്ലോ' അടിസ്ഥാനമാക്കിയുള്ള ഫ്രീക്വൻസി ഡിപ്പൻഡന്റ് ഡാംപറുകൾക്ക് അനുകൂലമായി, റോഡ് ഉപരിതലത്തിൽ നിന്നുള്ള ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ഡാംപിങ് ഫോഴ്‌സ് യാന്ത്രികമായി ക്രമീകരിക്കാൻ കഴിയുന്ന സസ്‌പെൻഷൻ സജ്ജീകരിച്ചു.
പരമ്പരാഗത നിറങ്ങളായ ഡയമണ്ട് വൈറ്റ്, ഡിസാറ്റ് സിൽവർ, റോക്കി ബെയ്ജ് എന്നീ നിറങ്ങൾക്ക് പുറമെ സ്റ്റൽത്ത് ബ്ലാക്ക് എന്നൊരു പുതിയ കളർ ഓപ്ഷനും ബൊലേറോ 2025 ലഭിക്കുന്നു. ഈ ഐതിഹാസിക എസ്.യു.വിക്ക് മൂന്ന് വകഭേദങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനോടെ B8 എന്നൊരു പുതിയ വേരിയന്റും വാഹനത്തിന് ലഭിക്കുന്നു. നിലവിൽ B4, B6, B6(O), B8 എന്നീ നാല് വേരിയറ്റുകൾ ലഭിക്കുന്നുണ്ട്.
ഏറ്റവും ബേസ് വേരിയന്റായാണ് B4 വിപണിയിൽ എത്തുന്നത്. ഈ മോഡലിന് 7.99 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) പ്രാരംഭ വില.
ബൊലേറോ എസ്.യു.വിയുടെ മിഡ് വേരിയന്റാണ് B6 മോഡൽ. B6 മോഡലിന് 8.69 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
B6 മിഡ് വേരിയന്റിൽ തന്നെ ഉയർന്ന വകഭേദമാണ് B6 (O) വേരിയന്റ്. അതിനാൽ ഈ മോഡലിന് B6 വകഭേദത്തെ അപേക്ഷിച്ച് അൽപ്പം വില കൂടുതലാണ്. 9.09 ലക്ഷം രൂപയാണ് B6 (O) വേരിയന്റിന്റെ എക്സ് ഷോറൂം വില
ബൊലേറോയുടെ ഏറ്റവും പുതിയതും ടോപ്-എൻഡ് വേരിയന്റുമാണ് B8. 9.69 ലക്ഷം രൂപയാണ് B8 മോഡലിന്റെ എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.