ടെസ്‌ല സൈബർ ട്രക്ക്

ഹെഡ് ലൈറ്റിന് അമിത തെളിച്ചം; 63,000 സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി ടെസ്‌ല

അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല അവരുടെ ഇലക്ട്രിക് പിക്കപ്പ് വിഭാഗത്തിലെ സൈബർട്രക്കിന്റെ 63,000 യൂനിറ്റുകൾ തിരിച്ചുവിളിക്കുന്നതായി റിപ്പോർട്ട്. ഹെഡ് ലൈറ്റുകളിലെ അമിത വെളിച്ചമാണ് തിരിച്ചുവിളിയുടെ പ്രധാന കാരണമായി കമ്പനി പറയുന്നത്. ഹെഡ് ലൈറ്റുകൾ അമിതമായി പ്രകാശിക്കുന്നതിനാൽ എതിരെവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അവരുടെ കാഴ്ചശക്തിയെ ബാധിക്കുന്നുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് കമ്പനി സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകിയിട്ടുണ്ടെന്ന് എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാർ നിർമാതാക്കൾ സ്ഥിരീകരിച്ചു. 2023 നവംബർ 13നും 2025 ഒക്ടോബർ11നും ഇടയിൽ നിർമിച്ച സൈബർട്രക്കുകൾക്കാണ് ഈ അപ്‌ഡേറ്റ് ബാധകമാകുന്നത്.

ഫോട്ടോമെട്രിക് പരിശോധനകളിൽ അമിതമായ ഹെഡ് ലൈറ്റുകളിൽ തെളിച്ചം സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഈ മാസം ആദ്യം ഒരു ആന്തരിക അവലോകന യോഗം ടെസ്‌ല സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. നിലവിൽ ഈ പ്രശ്നങ്ങൾക്ക് പരാതി ലഭിച്ചതല്ലാതെ അപകടത്തിൽ പരിക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടെസ്‌ല പറയുന്നു.

സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നതിന് മുമ്പ് 12,963 യൂനിറ്റ് മോഡൽ വൈ, മോഡൽ 3 കാറുകളും ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. ബാറ്ററി കണക്ഷനിലെ തകരാർമൂലം ഉടമകൾക്ക് യാത്രകൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെന്ന് പരാതിയെ തുടർന്നാണ് കമ്പനിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ളൊരു നീക്കം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ ടെസ്‌ല കാറുകളിൽ ഫുൾ സെൽഫ്-ഡ്രൈവിങ് സിസ്റ്റം കമ്പനി ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള 2.88 മില്യൺ ടെസ്‌ല വാഹനങ്ങളെകുറിച്ച് അന്വേഷണം ആരംഭിച്ചതായി യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഇതിൽ 50 ശതമാനത്തിലധികം വാഹനങ്ങളിലും സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും എൻ.എച്ച്.ടി.എസ്.എ. പറഞ്ഞു. 

Tags:    
News Summary - Tesla recalls 63,000 Cybertrucks over excessive headlight brightness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.