‘ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി’; നിയന്ത്രണം വിട്ട ടെസ്‍ല കാറിന് സംഭവിച്ചത്...!

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതിന് ഒരു ടെസ്‍ല കാർ ഉടമ നൽകേണ്ടി വന്ന വില ചെറുതല്ല. യു.എസിലെ പാസഡീനയിലായിരുന്നു സംഭവം നടന്നത്. നിയന്ത്രണം വിട്ട ടെസ്‍ലയുടെ ആഡംബര കാർ, ഒരു വീടിന്റെ മതിൽ തകർത്ത് പിൻവശത്തുള്ള നീന്തൽകുളത്തിലേക്ക് വീഴുകയായിരുന്നു.

ഒരു വയോധികയടക്കം രണ്ട് സ്ത്രീകളും ഒരു നാല് വയസുകാരനുമായിരുന്നു കാറിനകത്തുണ്ടായിരുന്നത്. വീട്ടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും തന്റെ ബാക്ക് യാർഡിൽ നടന്ന അപകടം അയാൾ അറിഞ്ഞതേയില്ല. അടുത്തുള്ള പ്രീ-സ്കൂളിലെ ജീവനക്കാർ ഓടിയെത്തിയാണ് പൂളിൽ ചാടി മൂന്നുപേരെയും രക്ഷിച്ചത്. വാഹനം പൂളിന്റെ അടിയിലേക്ക് മുങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽ ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല. ടെസ്‍ലയുടെ കാർ പൂർണ്ണമായും വെള്ളത്തിനടിയിലായ ചിത്രം പകർത്തി പാസഡീന ഫയർ ഡിപ്പാർട്ട്മെന്റ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഉയർന്ന സുരക്ഷയ്ക്ക് പേരുകേട്ട ടെസ്‌ല കാർ അപകടങ്ങളിൽ പലപ്പോഴും യാത്രക്കാരെ കാര്യമായ പരിക്കേൽക്കാതെ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ 250 അടി താഴ്ചയിലുള്ള പാറക്കെട്ടിലേക്ക് വീണ്ട ഒരു ടെസ്‍ല കാർ നാല് യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്ക് ശേഷം, അതേ സംസ്ഥാനത്ത് മറ്റൊരു ടെസ്‌ല കാർ അപകടത്തിൽ പെടുകയും ഡ്രൈവറടക്കമുള്ള യാത്രക്കാർ രക്ഷപ്പെടുകയും ചെയ്തു. രണ്ട് സംഭവങ്ങൾക്കും കാരണമായത് ഡ്രൈവറുടെ പിഴവായിരുന്നു.

Tags:    
News Summary - Tesla crashes into pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.