ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്.യു.വി സ്വന്തമാക്കാൻ ചെലവേറും; പഞ്ചിന്റെയും പഞ്ച് ഇവിയുടെയും വില കമ്പനി വർധിപ്പിച്ചു

രാജ്യത്തെ ജനപ്രിയ കോംപാക്റ്റ് എസ്‌.യു.വിയായ ടാറ്റ പഞ്ച്‍ (Tata Punch), പഞ്ച് ഇവി (Punch EV) എന്നിവയുടെ വില ടാറ്റ മോട്ടോഴ്സ് വർധിപ്പിച്ചു. തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് 20,000 രൂപ വരെയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ/സിഎൻജി മോഡലുകൾക്കും ഇലക്ട്രിക് പതിപ്പുകൾക്കും പുതിയ വിലകൾ നിലവിൽ വന്നു.

ടാറ്റ പഞ്ച്‍ ഐ.സി.ഇ (ICE) പതിപ്പുകളിൽ വേരിയന്റുകൾക്ക് അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വില വർധിപ്പിച്ചിട്ടുള്ളത്. എക്സ്-ഷോറൂം നിരക്ക് പ്രകാരം ടാറ്റ പഞ്ചിന്റെ പെട്രോൾ/സിഎൻജി മോഡലുകൾക്ക് ഇപ്പോൾ 5.75 ലക്ഷം രൂപ മുതൽ 10.77 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഈ വില വർധനവ് വാഹന നിരയിലുടനീളം നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, പഞ്ച് ഇവിക്ക് 20,000 രൂപ വരെ വർധിപ്പിച്ചു. സ്മാർട്ട് (Smart), അഡ്വഞ്ചർ (Adventure), എംപവേർഡ് (Empowered) എന്നിങ്ങനെ വിവിധ ട്രിമ്മുകളിലായി 30kWh, 40kWh ബാറ്ററി ഓപ്ഷനുകളിലാണ് പഞ്ച് ഇവി വിപണിയിലെത്തുന്നത്. സ്മാർട്ട്, സ്മാർട്ട്+ (Smart and Smart+) വേരിയന്റുകളിലെ 30kWh ബാറ്ററി പാക്കിന് 10,000 രൂപയാണ് വർധിച്ചത്. ഇതോടൊപ്പം സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ എസ് (Smart+, Adventure, Empowered, Empowered+ S) തുടങ്ങിയ എല്ലാ 40kWh വേരിയന്റുകൾക്കും ഒരേപോലെ 20,000 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ടാറ്റ പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില 9.79 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയായി ഉയർന്നു.

വില വർധിച്ചെങ്കിലും വാഹനത്തിന്റെ ഫീച്ചറുകളിലോ മെക്കാനിക്കൽ പാക്കേജുകളിലോ കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇവിയുടെ 30kWh ബാറ്ററി പാക്ക് 88 പി.എസ് ഇലക്ട്രിക് മോട്ടോറുമായി (375 കിലോമീറ്റർ വരെ റേഞ്ച്) ജോടിയാക്കിയിരിക്കുന്നു. സെഗ്‌മെന്റിലെ വലിയ 40kWh പതിപ്പ് 130 പി.എസ് മോട്ടോറുമായാണ് (468 കിലോമീറ്റർ വരെ റേഞ്ച്) നിരത്തുകളിൽ എത്തുന്നത്. കൂടാതെ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ മാനുവൽ, എഎംടി (AMT) ഗീയർബോക്സ് തെരഞ്ഞെടുക്കാനുള്ള സൗകര്യവും അതേപടി തുടരുന്നുണ്ട്.

ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യം തുടരുന്നതിനിടയിലാണ് ഈ വിലവർധനവ്. കണക്കുകൾ പ്രകാരം 2026 ആഗസ്റ്റിൽ മാത്രം 13,158 ഇവികളാണ് ടാറ്റ വിറ്റഴിച്ചത്. രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹന വിപണിയുടെ ഏകദേശം 43 ശതമാനത്തോളം മാർക്കറ്റ് ഷെയറും ടാറ്റയുടെ കൈവശമാണ്. അതേസമയം, വില വർധിച്ചെങ്കിലും വിപണിയിൽ പഞ്ചിന്റെ ജനപ്രീതിക്ക് കുറവൊന്നും വന്നിട്ടില്ല.

Tags:    
News Summary - Tata's popular micro SUVs Punch and Punch EV are getting more expensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.