സുരക്ഷയിൽ വീണ്ടും ഞെട്ടിച്ച് ടാറ്റ; ഇത്തരം ക്രാഷ് ടെസ്റ്റ് ഇന്ത്യയിൽ ആദ്യം!

ടാറ്റ മോട്ടോർസ് വിപണിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ എസ്.യു.വിയായ സിയേറയുടെ ക്രാഷ് ടെസ്റ്റിന്റെ വീഡിയോ ഏറെ ചർച്ചകൾക്ക് വിധേയമാകുന്നു. രണ്ട് സിയേറ എസ്.യു.വികൾ പരസ്പരം കൂട്ടിയിടിച്ചാണ് ഇത്തവണ ടാറ്റ ക്രാഷ് ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചത്. 11.49 ലക്ഷം രൂപയാണ് സിയേറയുടെ എക്സ് ഷോറൂം വില. സ്മാർട്ട്+ ആണ് ഈ വിലയിൽ ലഭിക്കുക. ഡിസംബർ 16ന് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. തുടർന്ന് 2026 ജനുവരി 15 മുതൽ ഉപഭോക്താക്കൾക്ക് വാഹനം ലഭിച്ചു തുടങ്ങും.


മുംബൈയിൽ നടന്ന ലോഞ്ചിങ് ഇവന്റിലാണ് രണ്ട് സിയേറ എസ്.യു.വികൾ കമ്പനി പരസ്പരം കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ആദ്യമായാണ് ഇന്ത്യയിൽ ഇത്തരമൊരു ക്രാഷ് ടെസ്റ്റ് നടത്തുന്നത്. 2019ലെ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഇത്തരം രീതി ഉപയോഗിച്ചിരുന്നു. അന്ന് നിസാൻ മോട്ടോഴ്സിന്റെ എൻ.പി300 പിക് ആപ്പ് ട്രക്കിന്റെ ആഫ്രിക്കൻ സ്പെക്കും യൂറോ സ്പെക്കുമാണ് ഇത്തരത്തിൽ ക്രാഷ് ടെസ്റ്റ് നടത്തിയത്. അതിനുശേഷം ജി.എൻ.സി.എ.പിയിലും ബി.എൻ.സി.എ.പിയിലും നിരവധി ഇടി പരീക്ഷണങ്ങൾ നടന്നു. അവയെല്ലാം ചലിക്കാത്ത വസ്തുക്കളിൽ ഇടിച്ചായിരുന്നു സുരക്ഷ പരീക്ഷിച്ചത്.

Full View

ക്രാഷ് ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ച ശേഷം വാഹനം ടാറ്റായുടെ എൻജിനിയറിങ് ടീം പരിശോധിച്ചു. തുടർന്ന് സിയേറയുടെ എ പില്ലറുകൾക്ക് ക്ഷതമേറ്റിട്ടില്ലായെന്നും മേൽക്കൂര തകർന്നിട്ടില്ലായെന്നും കണ്ടെത്തി. കൂടാതെ കാബിൻ സ്‌പേസും സുരക്ഷിതമായിരുന്നു. കൂട്ടിയിടിയിൽ മുൻവശം തകർന്നിട്ടുണ്ടെങ്കിലും ഡോറുകൾ തുറക്കാൻ യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. ഇതെല്ലാം വാഹനത്തിന്റെ സുരക്ഷയിൽ കമ്പനിക്കുള്ള ആത്മിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു.

സുരക്ഷ സംവിധാനങ്ങൾ

ടാറ്റായുടെ വാഹനങ്ങൾക്ക് കമ്പനി നൽകിവരുന്ന സുരക്ഷയിൽ ഉപഭോക്താക്കൾ സംതൃപ്തരാണെന്നുള്ളത് കഴിഞ്ഞ വർഷങ്ങളിൽ കമ്പനിയുടെ വാഹന വിൽപ്പനയിൽ കാണാൻ സാധിക്കും. പുതിയ സിയേറയിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ടാറ്റ നൽകിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, 20 സുരക്ഷ ഫീച്ചറുകളോടെ ലെവൽ 2 ADAS സ്യൂട്ട്, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് എന്നിവയും നൽകിയിട്ടുണ്ട്.


1.5-ലിറ്റർ ക്രയോജെറ്റ് ഡീസൽ എൻജിൻ, 1.5-ലിറ്റർ ടിജിഡിഐ ഹൈപെറിയോൺ എൻജിൻ, 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ വകഭേദത്തിലാണ് സിയേറ വിപണിയിൽ എത്തുന്നത്. മുൻഗാമിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ച സിയേറ ആധുനിക ബോക്സി ഡിസൈൻ പിന്തുടരുന്നുണ്ട്.

Tags:    
News Summary - Tata shocks again in safety; First such crash test in India!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.