ജൂൺ മാസവും ഇ.വി വിപണി കൈവിട്ട് ടാറ്റ; വിൽപ്പന വർധിപ്പിച്ച് മഹീന്ദ്രയും എം.ജി മോട്ടോഴ്സും

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ കടുത്ത മത്സരത്തിലാണ് ഇന്ത്യൻ വാഹനനിർമ്മാതാക്കൾ. എന്നാൽ വാഹന വിൽപനയിൽ ഒരേയൊരു രാജാവായിരുന്ന ടാറ്റ മോട്ടോഴ്സിന് ഈ മാസവും വിപണയിൽ അടിതെറ്റി. നെക്‌സോൺ ഇ.വി, പഞ്ച് ഇ.വി, കർവ്വ് ഇ.വി, തിയാഗോ ഇ.വി, ടിഗോർ ഇ.വി എന്നി മോഡലുകളുടെ വാഹന നിരയിൽ സമ്പന്നമായ ടാറ്റക്ക് മേയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ 2% അധിക വളർച്ച നേടാൻ മാത്രമേ സാധിച്ചൊള്ളൂ.

2025 ജൂൺ മാസത്തിൽ 13,033 യൂനിറ്റ് ഇ.വി വാഹങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇത് 2024 ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 78 ശതമാനത്തിന്റെ അധിക വളർച്ച കാണിക്കുന്നുണ്ട്. എന്നാൽ ഈ നേട്ടങ്ങൾക്ക് അർഹരായത് മഹീന്ദ്രയും ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോഴ്‌സുമാണ്. 2024 ജൂൺ മാസത്തെ കണക്കെടുത്താൽ 487 ഇ.വി വാഹങ്ങൾ മാത്രം വിൽപ്പന നടത്തിയ മഹീന്ദ്ര 2025 ജൂണിൽ 2,979 ഇ.വികൾ വിറ്റഴിച്ചു. ഇത് മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 512% വളർച്ച നേടാൻ മഹീന്ദ്രക്ക് സാധിച്ചിട്ടുണ്ട്. 2025 മേയ് മാസത്തിൽ 2,833 യൂനിറ്റ് ഇ.വികളാണ് മഹീന്ദ്ര നിരത്തുകളിൽ എത്തിച്ചത്. മെയ്-ജൂൺ മാസങ്ങൾ താരതമ്യം ചെയ്യുമ്പോഴും 5% അധിക വളർച്ച മഹീന്ദ്രക്ക് അവകാശപെടാനുണ്ട്. മഹീന്ദ്രയുടെ 'ഇൻഗ്ലോ' പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഏറ്റവും പുതിയ XEV 9e, BE 6 എന്നീ വാഹനങ്ങളാണ് മഹീന്ദ്രക്ക് ഈ നേട്ടം നേടിക്കൊടുത്തത്.

ടാറ്റ മോട്ടോഴ്സിന് മഹീന്ദ്രയെ കൂടാതെ മറ്റൊരു വെല്ലുവിളിയായിരുന്നു ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർസ്. ഇലക്ട്രിക് വാഹനലോകത്ത് വളരെ പെട്ടന്നാണ് എം.ജി മോട്ടോർസ് അവരുടെ സ്ഥാനം ഉറപ്പിച്ചത്. ടാറ്റായുടെ 'നാനോ' മോഡലിന് സമാനമായി എം.ജി ഇന്ത്യയിൽ അവതരിപ്പിച്ച കുഞ്ഞൻ ഇ.വിയായിരുന്നു 'കോമെറ്റ്'. ഈ വാഹനം കമ്പനി വിചാരിച്ചതിനേക്കാൾ വിപണിയിൽ ഹിറ്റായി മാറി. ഇതോടെ എം.ജി മോട്ടോഴ്സിന്റെ വളർച്ച ആരംഭിച്ചു. പിന്നീട് ഇന്ത്യൻ വിപണിയിലേക്കെത്തിയ എം.ജി വിൻഡ്സർ ഇ.വിയും തരംഗം സൃഷ്ട്ടിച്ചു. 'ബാറ്ററി ആസ് എ സർവീസ്' (ബി.എ.എ.എസ്) സ്‌കീമിൽ വിൻഡ്സർ എത്തിയതോടെ വാഹനപ്രേമികൾക്കിടയിൽ ഇ.വിയുടെ ഡിമാൻഡ് വർധിച്ചു. 2025 ജൂൺ മാസത്തിൽ 3,945 യൂനിറ്റ് ഇ.വി കാറുകളാണ് എം.ജി വിറ്റത്. ഇത് 2024 ജൂൺ മാസവുമായി താരതമ്യം ചെയ്താൽ 167% അധിക വിൽപ്പന നടത്തിയതായി കാണാൻ സാധിക്കും. എന്നാൽ മേയ് മാസവുമായി ജൂണിലെ താരതമ്യം ചെയ്താൽ 3% ഇടിവും എം.ജി മോട്ടോഴ്സിനുണ്ട്.

ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഹ്യുണ്ടായ്, കിയ, ബി.വൈ.ഡി, സിട്രോൺ തുടങ്ങിയ ഇ.വി നിർമ്മാതാക്കളും ചെറിയ തോതിൽ അവരുടേതായ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. ഹ്യുണ്ടായ് ക്രെറ്റ പൂർണമായും വിപണിയിലെത്തുന്നതോടെ ഇ.വി വിൽപ്പനയിൽ മാറ്റം വരുമെന്നാണ് കമ്പനി കരുതുന്നത്. കിയ മോട്ടോഴ്സിന്റെ ഇ.വി 9, കാരൻസ് ക്ലാവിസ് ഇ.വിയും ഉടനെ മാർക്കറ്റിലേക്കെത്തും. ഇ-വിറ്റാര ഇന്ത്യൻ നിരത്തുകളിലെത്തുന്നതോടെ മാരുതിയും മത്സരരംഗത്തേക്ക് പ്രവേശിക്കും. ഇത് ഒരുപക്ഷെ മറ്റു വാഹനങ്ങൾക്കും വെല്ലുവിളിയായി മാറിയേക്കാം. 

Tags:    
News Summary - Tata loses EV market in June; Mahindra and MG Motors increase sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.