ആഭ്യന്തര വിപണിയിൽ ഹാരിയർ ഒരു ലക്ഷം യൂനിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ടാറ്റ മോട്ടോർസ്. പുറത്തിറങ്ങി നാല് വർഷംകൊണ്ടാണ് ഹാരിയർ ഈ ലക്ഷ്യം കൈവരിച്ചത്. 2019 ജനുവരിയിലാണ് ഹാരിയർ ലോഞ്ച് ചെയ്തത്. നെക്‌സോൺ കോംപാക്ട് എസ്‌യുവിക്കും സഫാരി ഏഴ് സീറ്റർ എസ്‌യുവിക്കും ഇടയിലാണ് ഫൈവ് സീറ്റർ ഹാരിയറിനെ ടാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ചറിൽ നിന്ന് വികസിപ്പിച്ചെടുത്ത OMEGA (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മോഡലാണിത്. ഹാരിയറിന്റെ പുതുമ നിലനിർത്തുന്നതിന് സ്ഥിരമായി പുതിയ വേരിയന്റുകൾ കൊണ്ടുവരാനും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താനും ടാറ്റ ശ്രദ്ധിക്കാറുണ്ട്. ഹാരിയർ എൻട്രി-ലെവൽ വേരിയന്റിന് 15 ലക്ഷം രൂപയും ഏറ്റവും ഉയർന്ന മോഡലിന് 24.07 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
ഹാരിയർ ഡാർക്ക് എഡിഷൻ 2019 ഒക്ടോബറിലാണ് അവതരിപ്പിച്ചത്. അകത്തും പുറത്തും പൂർണ്ണമായ ബ്ലാക്ക് തീമോടെയാണ് വാഹനം എത്തിയത്. ഇത് ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ ചോയിസുകളിൽ ഒന്നായി മാറി. 2020 ഫെബ്രുവരിയിൽ, ഹാരിയർ ശ്രേണിക്ക് പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ലഭിച്ചു. അതേസമയം പവർ ഔട്ട്‌പുട്ടിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുകയും ഹ്യുണ്ടായിയിൽ നിന്ന് സോഴ്സ് ചെയ്ത ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡൽ ലൈനപ്പിലേക്ക് കമ്പനി ചേർക്കുകയും ചെയ്തു.
2020 നവംബറിൽ ഹാരിയർ കാമോ എഡിഷൻ ടാറ്റ വിഷ്വൽ അപ്‌ഡേറ്റുകളോടെ അവതരിപ്പിച്ചു. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. ഈ യൂണിറ്റ് 170 PS മാക്സ് പവറും 350 Nm ടോർകും പുറപ്പെടുവിക്കും. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണ് ട്രാൻസ്മിഷൻ ചോയിസുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.