ടാറ്റ നെക്സണിന്‍റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്; മാരുതി ഇതുവല്ലതും കാണുന്നുണ്ടോ?

രാജ്യത്തെ വാഹന വിൽപനയിൽ എന്നും ഒന്നാമതുണ്ടായിരുന്നത് മാരുതി സുസുകിയാണ്. മാരുതിയെ താഴെയിറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും മറ്റ് കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്തിടെയായി മാരുതിയെ പിന്നിലാക്കാൻ രണ്ട് സ്ട്രാറ്റജിയാണ് ടാറ്റ മോട്ടോഴ്സ് അവലംബിക്കുന്നത്. അതിൽ ഒന്നാമത്തേത് സുരക്ഷയാണ്. മാരുതി വാഹനങ്ങൾ ക്രാഷ് ടെസ്റ്റുകളിൽ പൊളിഞ്ഞ് പാളീസാകുമ്പോൾ ടാറ്റ ഒരുപടി മുന്നിലാണ്. രണ്ടാമത്തെ ടാറ്റയുടെ ആയുധം ഇ.വി വിഭാഗമാണ്. മാരുതി സുസുകി ഇനിയും കൈവച്ചിട്ടില്ലാത്ത ഇ.വി മേഖലയിൽ ഇപ്പോൾ ടാറ്റക്കാണ് സർവാധിപത്യം.

ടാറ്റയും വാഹന സുരക്ഷയും

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ (ജി.എൻ.സി.എ.പി) നിന്ന് 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായിരുന്നു ടാറ്റ നെക്‌സണ്‍. 2018ല്‍ ക്രാഷ് ടെസ്റ്റില്‍ എ പ്ലസ് കരസ്ഥമാക്കിയ ശേഷം ഈ സബ് 4 മീറ്റര്‍ എസ്‌.യുവിക്ക് പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. കഴിഞ്ഞ വര്‍ഷം നെക്‌സണ്‍ എസ്‌.യുവിയുടെ മുഖംമിനുക്കിയ പതിപ്പ് ടാറ്റ വിപണിയില്‍ എത്തിച്ചിരുന്നു.

2022 മുതല്‍ ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് നിലവാരം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഗ്ലോബല്‍ NCAP നടത്തിയ ഏറ്റവും പുതിയ റൗണ്ട് ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ നെക്‌സണ്‍ ഫെയ്‌സ്‌ലിഫ്റ്റ് 5 സ്റ്റാര്‍ നിലനിര്‍ത്തി. ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റിലെ ഈ ശ്രദ്ധേയമായ നേട്ടം ടാറ്റ മോട്ടോഴ്സിന്റെ സേഫ്റ്റിയോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ്. നെക്‌സണ്‍ ഫെയ്‌സ്‌ലിഫ്റ്റിനെ കൂടാതെ അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച ഹാരിയര്‍, സഫാരി എസ്‌.യുവികളും ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരുന്നു.

എസ്.യു.വികൾ എല്ലാം ഫൈവ് സ്റ്റാർ

ടാറ്റയുടെ പുതിയ എല്ലാ എസ്‌.യു.വി മോഡലുകളും ഇപ്പോള്‍ ജി.എൻ.സി.എ.പി 5-സ്റ്റാര്‍ റേറ്റിങ് നേടിയവയാണ്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ 34 പോയിന്റില്‍ 32.22 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49 പോയിന്റില്‍ 44.52 പോയിന്റും സ്‌കോര്‍ ചെയ്താണ് നെക്‌സണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്റ്റ് എസ്‌.യു.വി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളില്‍ ഒന്നായി മാറിയത്.

2018ല്‍ ഇടിക്കൂട്ടില്‍ പരീക്ഷിച്ച കാറില്‍നിന്ന് വ്യത്യസ്തമായി ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) ഉള്‍പ്പെടെയുള്ള അധിക സുരക്ഷാ ഫീച്ചറുകള്‍ പുതിയ നെക്‌സണിന് ലഭിച്ചിരുന്നു. ഈ പുതുക്കിയ റേറ്റിങ് 2023 ആഗസ്റ്റ് എട്ടു മുതല്‍ നിര്‍മിക്കുന്ന മോഡലുകള്‍ക്ക് ബാധകമാണ്. നെക്‌സണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബോഡിഷെല്‍ ഇന്റഗ്രിറ്റിയും ഫുട്വെല്‍ ഏരിയയും സ്ഥിരതയുള്ളതായി ഗ്ലോബല്‍ NCAP റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ നെക്‌സണില്‍ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ ഡോറുകളും സജ്ജീകരിച്ചിരുന്നു. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലക്കും കഴുത്തിനും നെക്‌സണ്‍ മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ടെസ്റ്റില്‍ കണ്ടെത്തി. ഡ്രൈവറുടെയും യാത്രക്കാരന്റെയും നെഞ്ചിന് മതിയായ സംരക്ഷണം നല്‍കുന്നതായി കാണിക്കുന്നു. ഡ്രൈവറുടെയും യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്ക് നല്ല സംരക്ഷണം കാണിച്ചു. ഡ്രൈവറുടെ കാലിലെ വലിയ അസ്ഥിക്ക് മതിയായ സംരക്ഷണവും യാത്രക്കാരുടേതിന് നല്ല സംരക്ഷണവും ലഭിക്കുന്നുവെന്നാണ് പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സൈഡ് പ്രൊട്ടക്ഷന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ തല, വയര്‍, ഇടുപ്പ് എന്നിവക്ക് നല്ല സംരക്ഷണം നല്‍കി. അതേസമയം നെഞ്ചിന് മതിയായ സംരക്ഷണം മാത്രമാണ് കാണിക്കുന്നത്. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ തലക്കും ഇടുപ്പിനും നല്ല സംരക്ഷണം കാണിച്ചതായും ടെസ്റ്റ് റിസൾട്ട് പറയുന്നു. കാല്‍നട യാത്രക്കാരുടെ സംരക്ഷണത്തിനായുള്ള ആവശ്യമായ കാര്യങ്ങള്‍ നെക്‌സണ്‍ പാലിക്കുന്നു. ESC സ്റ്റാന്‍ഡേര്‍ഡാക്കുന്നതോടൊപ്പം എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും ടാറ്റ നല്‍കിയിട്ടുണ്ട്.

ഭാരത് എൻ.സി.എ.പി

ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ സ്വന്തം ഭാരത് എൻ.സി.എ.പി-ലും ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകള്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. നെക്‌സണും സമാനമായ പ്രകടനം തന്നെ BNCAP-ല്‍ പുറത്തെടുക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ടില്‍റ്റ് ആന്‍ഡ് കൊളാപ്സിബിള്‍ സ്റ്റിയറിങ്, സെന്‍ട്രല്‍ ലോക്കിങ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് ടാറ്റ നെക്സണിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

ഇവയല്ലാതെ എമര്‍ജന്‍സി അസിസ്റ്റന്‍സ് (ഇ-കാള്‍), ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ് (ബി-കാള്‍), 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎമ്മുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, കോര്‍ണറിങ് ഫങ്ഷനോട് കൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ്, റിവേഴ്‌സ് കാമറ എന്നിവയാണ് മറ്റ് സുരക്ഷ സവിശേഷതകള്‍. 8.15 ലക്ഷം രൂപ മുതല്‍ 15.60 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സണിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

Tags:    
News Summary - Tata does it again: Five stars for the new Nexon — Global NCAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.