തയ്‍വാനീസ് ഇ.വി ഗോഗോറോ ഉടനെത്തും; റേഞ്ച് 94 കിലോമീറ്റർ

തയ്‌വാനിലെ ബാറ്ററി സ്വാപ്പിങ് ഇക്കോസിസ്റ്റം സ്‌പെഷ്യലിസ്റ്റായ ഗോഗോറോയുടെ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലേക്ക്. പുതിയ രണ്ട് ഇ.വികളുമായാണ് തയ്‌വാനീസ് കമ്പനിയുടെ വരവ്. ഗോഗോറോ 2, ഗോഗോറോ 2 പ്ലസ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത. സ്കൂട്ടർ അവതരണത്തിന്റെ ഭാഗമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ (CIRT) അംഗീകാരവും സർട്ടിഫിക്കേഷനും നൽകി രണ്ട് സ്‌കൂട്ടറുകളും കമ്പനി ഇന്ത്യയിൽ ഹോമോലോഗ് ചെയ്‌തു. രണ്ട് ഇവികൾക്ക് ശേഷം ബ്രാൻഡ് ഗോഗോറോ സൂപ്പർസ്‌പോർട്ട് മോഡലും ഇന്ത്യയിൽ എത്തിക്കുമെന്നാണ് സൂചന.

ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ഇ.വികൾ നിരത്തിലേക്ക് എത്തുക. ഗോഗോറോ 2 ഇവിക്ക് 85 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ ഗോഗോറോ 2 പ്ലസിന് 94 കി.മീ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. രണ്ട് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 87 കിലോമീറ്ററാണ്.

ലളിതവും മിനിമലിസ്റ്റിക് രൂപകൽപ്പനയുമാണ് ഗോഗോറോ 2 പതിപ്പിനുള്ളത്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയാണ് തയ്‌വാനീസ് കമ്പനി വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കാവുന്ന ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ് ഇതിനുണ്ട്. ഫിംഗർപ്രിന്റ്, ഫേസ്-ഐഡി, സിരി വോയ്‌സ് കമാൻഡ് എന്നിവ വഴിയുള്ള ബയോ ഓതന്റിക്കേഷൻ പോലുള്ള വിപുലമായ സാങ്കേതിക സവിശേഷതകൾ സ്‌കൂട്ടറിനുണ്ടാകകും. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സ്‌പോർട്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീനും മോഡലിലുണ്ട്.

ഓട്ടോ വെതർ മോഡൽ, ഒറ്റ-ക്ലിക്ക് റിവേഴ്സ്, നിശബ്ദ പ്രവർത്തനങ്ങൾക്കുള്ള കാർബൺ ബെൽറ്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് ഗോഗോറോ 2 ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് ഹൈലൈറ്റുകൾ. ഓല S1 പ്രോ, ഏഥർ 450X, വരാനിരിക്കുന്ന ടിവിഎസ് ഐക്യൂബ് ST, ഹീറോ മോട്ടോകോർപിന്റെ വിദ, സിമ്പിൾ വൺ തുടങ്ങിയ ഇ-സ്‌കൂട്ടറുകളോടായിരിക്കും ഗോഗോറോയുടെ ഇന്ത്യയിലെ മത്സരം.

Tags:    
News Summary - Taiwan-based Gogoro homologates two electric scooters in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.