സുസുകി വിഷൻ ഇ-സ്കൈ ഇലക്ട്രിക് കോംപാക്ട് എസ്.യു.വി

എം.ജി കോമറ്റിനെ വെല്ലുവിളിക്കാൻ പുതിയ ഇലക്ട്രിക് കോംപാക്ട് എസ്.യു.വിയുമായി സുസുകി; വാഹനം അടുത്തവർഷം വിപണിയിൽ!

സുസുകി മോട്ടോർ കോർപറേഷൻ 2025 ജപ്പാൻ മൊബിലിറ്റി പ്രദർശന മേളയോടനുബന്ധിച്ച് വിഷൻ ഇ-സ്കൈ അടിസ്ഥാനമാക്കി നെക്സ്റ്റ്-ജനറേഷൻ കോംപാക്ട് ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകൾ അവതരിപ്പിച്ചു. 2025 ഒക്ടോബർ 30നാണ് ജപ്പാൻ മൊബിലിറ്റി പ്രദർശന മേള നടക്കുന്നത്. പുതിയ ഡിസൈൻ ഫിലോസഫി അനുസരിച്ച് 'യുനീക്, സ്മാർട്ട്, പോസിറ്റീവ്' എന്നീ മൂന്ന് ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് കോംപാക്ട് എസ്.യു.വികൾ അവതരിപ്പിച്ചത്.


വിഷൻ ഇ-സ്കൈ അടിസ്ഥാനമാക്കി നിർമിക്കുന്ന വാഹനങ്ങൾ ടാൽ-ബോയ് സിലൗറ്റ് ഡിസൈൻ ആയതിനാൽ വാഗൺആർ മോഡലിനോട് ഏറെ സാമ്യമുള്ളതാണ് പുതിയ ഇലക്ട്രിക് കോംപാക്ട് എസ്.യു.വികൾ. 'സി' ആകൃതിയിലുള്ള ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പ്, ഫോഗ് ലാമ്പിന്റെ സ്ഥാനത്ത് എൽ.ഇ.ഡി ലാമ്പുകളും പുതിയ ഡിസൈനിൽ നൽകിയിട്ടുണ്ട്.

ഡ്യൂവൽ-ടോൺ നിറത്തിൽ സജ്ജീകരിച്ച വാഹനത്തിന് വൈറ്റ് റൂഫ്, ബ്ലാക്ക്‌ഡ്‌-ഔട്ട് പില്ലറുകൾ റൂഫിന് ഫ്‌ളോട്ടിങ് ലുക്ക് നൽകുന്നുണ്ട്. കൂടാതെ എയറോഡൈനാമിക് വിങ്‌സ് മിറർ, ഫ്ലഷ് ഡോർ ഹാൻഡിൽ, ഇന്റഗ്രേറ്റഡ് എൽ.ഇ.ഡി സ്റ്റോപ്പ് ലൈറ്റോഡ് കൂടെ സബ്ടൈൽ റിയർ സ്പോയ്ലർ എന്നിവയും പുതിയ ഇലക്ട്രിക് വാഹനത്തിൽ കാണാൻ സാധിക്കും. 3,395 എം.എം നീളവും 1,475 എം.എം വീതിയും 1,625 എം.എം ഉയരവുമാണ് വിഷൻ ഇ-സ്കൈ അടിസ്ഥാനമാക്കി നിർമിക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ ആകെ വലുപ്പം. ഇത് മാരുതിയുടെ എസ്-പ്രെസോ മോഡലിനേക്കാൾ അൽപ്പം വലുതാണ്.


സിമ്പിൾ, പോസിറ്റീവ് ആമ്പിയൻസിലാണ് ഉൾവശം സജ്ജീകരിച്ചിരിക്കുന്നത്. അൽപ്പം വലിയ സ്റ്റിയറിങ് വീലിൽ ടച്ച് മൾട്ടിഫങ്ഷൻ കണ്ട്രോൾ, വേഗത, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച്, ലൈറ്റിങ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഡിസ്പ്ലേ, എൽ.ഇ.ഡി അക്‌സെന്റ് ലൈറ്റുകൾ, സ്പ്ലിറ്റ് ടൈപ്പ് ഫ്രണ്ട് സീറ്റ്, ലോവർ സീറ്റ് സെക്ഷനിൽ ആംറെസ്റ്റ് എന്നിവ ഇന്റീരിയറിൽ കാണാം.


പ്രധാനമായും നഗര ആവിശ്യങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്ത വാഹനം ഒറ്റചാർജിൽ 250 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ആഗോളതലത്തിൽ ഒരു കോംപാക്ട് BEV മോഡലായി വിപണിയിൽ എത്തുന്ന വാഹനത്തിന്റെ നിർമാണം 2026 സാമ്പത്തിക വർഷത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രധാനമായും എം.ജി കോമറ്റാകും മാരുതിയുടെ പ്രധാന എതിരാളി.

Tags:    
News Summary - Suzuki launches new electric compact SUV to challenge MG Comet; vehicle to be launched next year!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.