സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എൽ-90 സീരീസ്; കരട് വിജ്ഞാപനമായി, കെ.എസ്.ആർ.ടി.സി ബസിന് കെ.എൽ-15 തുടരും

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകുന്നതിനുള്ള കരട് വിജ്ഞാപനമായി. കെ.എൽ 90, കെ.എൽ. 90 D സീരിസിലാണ് സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. കെ.എൽ 90 കഴിഞ്ഞാലാണ് 90 D സീരിസിൽ രജിസ്റ്റർ ചെയ്യുക.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എൽ 90A, ശേഷം കെ.എൽ 90E രജിസ്ട്രേഷന്‍ നമ്പറുകള്‍ നല്‍കും. കെ.എൽ 90B, കെ.എൽ 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് കെ.എൽ 90Cയും ആ സീരീസിലെ രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ കെ.എൽ 90G സീരീസിലും രജിസ്ട്രേഷന്‍ നല്‍കും.

അതേസമയം, കെ.എസ്.ആർ.ടി.സി ബസുകള്‍ക്കുള്ള കെ.എൽ 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്പോള്‍ നിര്‍ബന്ധമായും വാഹന രജിസ്ട്രേഷന്‍ മാറ്റണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

കെ.എസ്‌.ആർ.ടി.സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ -മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷനായി കെ.എസ്‌.ആർ.ടി.സി മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്‌.ആർ.ടി.സിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെ.എസ്‌.ആർ.ടി.സി ചീഫ് ഓഫിസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ.ഐ ഷെഡ്യൂളിങ് സംവിധാനം, തീർഥാടന ടൂറിസം പദ്ധതി, റോളിങ് ആഡ്സ് പരസ്യ മൊഡ്യൂൾ, വാഹന പുക പരിശോധന കേന്ദ്രം, ഹാപ്പി ലോങ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാർക്കായി സൗജന്യ കാൻസർ നിർണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തുടനീളം കെ.എസ്‌.ആർ.ടി.സി പുക പരിശോധന കേന്ദ്രങ്ങളും കൂടുതൽ ഡ്രൈവിങ് സ്‌കൂളുകളും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ദീർഘദൂര ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്രയോൺസ്, ചിത്രം വരക്കാനുള്ള പുസ്തകം, ബലൂൺ, ടിഷ്യു പേപ്പർ എന്നിവയുള്ള ഗിഫ്റ്റ് ബോക്‌സ് നൽകും. ദീർഘദൂര ബസിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി, ബസ് ക്ലീനിങ് കുടുംബശ്രീയെ ഏൽപിക്കൽ തുടങ്ങിയവ ചർച്ചയിലാണെന്നും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കെ.എസ്‌.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, കെ.എസ്‌.ആർ.ടി.സി സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫിസറുമായ എ. ഷാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Special registration number for government vehicles; Draft notification issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.