സ്‌കോർപിയോക്ക് എയർബാഗില്ല? ആനന്ദ് മഹീന്ദ്രക്കെതിരെ കേസ്: യുവാവ് മരിച്ച അപകടത്തിൽ വിശദീകരണവുമായി കമ്പനി

യു.പിയിലെ കാൺപൂരിൽ സ്‌കോർപിയോ എസ്‌.യു.വി അപകടത്തിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ ആനന്ദ് മഹീന്ദ്രക്കും മറ്റ് 12 പേർക്കുമെതിരെ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്ത്. എസ്‌.യു.വിക്ക് എയർബാഗുകൾ ഉണ്ടായിരുന്നതായും അപകടസമയത്ത് അത് പ്രവർത്തിച്ചില്ലായെന്നും വ്യക്തമാക്കുന്ന പ്രസ്താവനയാണ് മഹീന്ദ്ര പുറത്തിറക്കിയത്. കേസ് ഫയൽ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മഹീന്ദ്രയുടെ വിശദീകരണം. നേരത്തെ, എസ്‌.യു.വിയിൽ എയർബാഗുകൾ ഇല്ലായിരുന്നുവെന്ന് യുവാവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ പരാതി നൽകിയതും പൊലീസ് കേസെടുത്തതും. യുവാവിന്‍റെ പിറന്നാളിന് പിതാവ് സമ്മാനമായി നൽകിയതായിരുന്നു വാഹനം.

കഴിഞ്ഞ വർഷം ജനുവരിയിയിലയിരുന്നു അപകടം. ലഖ്‌നോവിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന എസ്‌.യു.വി മൂടൽ മഞ്ഞു കാരണം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. വാഹനത്തിന്‍റെ എയർബാഗുകൾ പ്രവർത്തിച്ചതുമില്ല. യുവാവ് മരിക്കാനുള്ല കാരണം കാറിൽ എയർബാഗ് ഇല്ലാത്തതിനാലാണെന്ന് ആരോപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രക്കും മറ്റ് 12 പേർക്കുമെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ യുവാവിന്‍റെ കുടുംബം മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, യുവാവ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത് എന്നായിരുന്നു ഡീലർഷിപ്പ് അധികൃതർ ഇവരോട് പറഞ്ഞത്. തുടർന്ന് ഡീലർഷിപ്പിൽ നിന്നും വധഭീഷണി വരെ ഉണ്ടായെന്നും യുവാവിന്‍റെ കുടുംബം ആരോപിച്ചു.

'2020ൽ 17.39 ലക്ഷം രൂപക്ക് വാങ്ങിയ S9 വേരിയന്റിലുള്ള സ്കോർപിയോ ആണ് അപകടത്തിൽപ്പെട്ടത്. 2020 ൽ നിർമിച്ച സ്കോർപിയോ എസ് 9 വേരിയന്റിന് എയർബാഗുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണമാണ് കമ്പനി നടത്തിയത്. വാഹനത്തിൽ എയർ ബാഗുകൾ ഉണ്ടായിരുന്നു. അവ സ്ഥാപിച്ചതിൽ ഒരു തകരാറും ഇല്ല. എന്നാൽ, തലകീഴായി മറിഞ്ഞ അപകടമായതിനാലാണ് മുൻ ഭാഗത്തെ എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത്.

എന്നാൽ, യുവാവിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കാൻ കമ്പനി തയ്യാറാണ്- മഹീന്ദ്ര വ്യക്തമാക്കി. അതേസമയം,, കമ്പനിയുടെ വിശദീകരണത്തിൽ വ്യാപകമായ വിമർശനവും ഉയരുന്നുണ്ട്. ഗ്ലോബൽ എൻ‌.സി‌.എ.പി ക്രാഷ് ടെസ്റ്റിൽ വെറും രണ്ട് സ്റ്റാർ റേറ്റിങ് മാത്രമാണ് എസ്‌.യു.വിക്ക് ലഭിച്ചത്. അപകടത്തിൽപ്പെട്ട പതിപ്പ് നിലവിൽ സ്കോർപിയോ ക്ലാസിക് എന്ന പേരിലാണ് മഹീന്ദ്ര പുറത്തിറക്കുന്നത്.

Tags:    
News Summary - Scorpio without airbags? Mahindra clarifies after accident kills doctor in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.